37 വർഷം മുൻപ് സി.വി.ബാലകൃഷ്ണൻ എഴുതിയ ‘ആയുസ്സിന്റെ പുസ്തകം’ ഇംഗ്ലിഷിൽ ഇറങ്ങുകയാണ്. ‘ദ് ബുക്ക് ഓഫ് പാസിങ് ഷാഡോസ്’ എന്ന പേരിൽ ന്യൂഡൽഹിയിലെ നിയോഗി ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്. കോട്ടയം സിഎംഎസ് കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.എം. യേശുദാസൻ ആണ് പുസ്തകം ഇംഗ്ലിഷിലേക്കു മൊഴിമാറ്റിയിരിക്കുന്നത്. 1982ൽ എഴുതിയ നോവൽ കഴിഞ്ഞ വർഷം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. 1984ൽ ആണ് ഡിസി ബുക്സ് പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്നത്. അതിനു ശേഷം 22ാമത്തെ പതിപ്പാണ് ഇപ്പോൾ മലയാളത്തിൽ ഇറങ്ങാൻ പോകുന്നത്.
നോവലിനു പശ്‌ചാത്തലമായത് കാസർകോട് ജില്ലയിലെ മാലോത്ത് കസബ എന്ന ഗ്രാമമാണ്. സി.വി. ബാലകൃഷ്ണൻ അവിടെ സർക്കാർ സ്‌കൂളിൽ അധ്യാപകനായിരുന്ന കാലത്ത് അനുഭവിച്ച പ്രകൃതിയും അറിഞ്ഞ മനുഷ്യരുമാണ് പിന്നീട് കൊൽക്കത്തയിൽ വച്ച് ആയുസ്സിന്റെ പുസ്‌തകത്തിന്റെ താളുകളിലേക്കു ഇറങ്ങിവന്നത്.
പുസ്തകം ഇറങ്ങിയിന്റെ മുപ്പതാം വാർഷികം കോട്ടയം സിഎംഎസ് കോളജിൽ നടക്കുമ്പോഴാണ് പ്രഫ. യേശുദാസൻ പുസ്തകം ഇംഗ്ലിഷിലേക്കു മൊഴിമാറ്റുന്നതു സംബന്ധിച്ച് സി.വി. ബാലകൃഷ്ണനുമായി സംസാരിക്കുന്നത്. ഇംഗ്ലിഷ് പതിപ്പിന്റെ പ്രകാശനം കോട്ടയത്തു വച്ചുതന്നെ നടത്താനാണ് സി.വി. ബാലകൃഷ്ണന്റെ തീരുമാനം. ഇതിനു മുൻപ് ആയുസ്സിന്റെ പുസ്തകം തമിഴിലേക്കു മൊഴിമാറ്റിയിരുന്നു. കൃഷ്ണമൂർത്തി മൊഴിമാറ്റിയ കൃതിയുടെ പേര് ‘ഉയിർ പുത്തകം’ എന്നായിരുന്നു. ‘ആയുസ്സിന്റെ പുസ്തകം’ സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് സി.വി. ബാലകൃഷ്ണൻ. കോട്ടയത്താണു സിനിമയുടെ ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്. തിരക്കഥയും സംവിധാനവും സി.വി. ബാലകൃഷ്ണൻ തന്നെ. ഒട്ടേറെ സിനിമകൾക്കു തിരക്കഥ എഴുതിയ സിവി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്.