2003-ൽ പുറത്തിറങ്ങിയ ‘സി.ഐ.ഡി മൂസ’ പ്രേക്ഷകരെ വളരെയധികം ചിരിപ്പിച്ച ഒരു സിനിമയാണ്. ദിലീപ്, മുരളി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഭാവന, സലിം കുമാര്‍, കൊച്ചിൻ ഹനീഫ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രം ജോണി ആന്‍റണിയാണ് സംവിധാനം ചെയ്തത്. സിനിമ കലാസംഘം കാസ്, റൈറ്റ് റിലീസ് എന്നിവർ വിതരണം ചെയ്ത ചിത്രം ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ദിലീപും സഹോദരൻ അനൂപും ചേർന്നാണ് നിർമ്മിച്ചത്. ഉദയകൃഷ്ണയും സിബി കെ. തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് .
പിന്നണി ഗായകൻ കെഎസ് ഹരിശങ്കറിന്‍റേയും സുഹൃത്തുക്കളുടേയും മ്യൂസിക് ബാൻഡായ പ്രഗതി 18 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെ ഏറെ രസകരമായ ‘കാടിറങ്ങി ഓടി വരുമൊരു മൂഢനായ കാട്ടു കടുവയെ വേട്ടയാടി ആടി ഇതു വഴി വാ..’എന്ന ഗാനം ഇപ്പോഴിതാ പുതുക്കി അവതരിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിലെ ഈ പാട്ട് ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും വിദ്യാസാഗറിന്‍റെ സംഗീതവുമാണ്.
ഈ ഗാനം ഇറങ്ങിയിരിക്കുന്നത് സിഐഡി മൂസയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിന്റെ ആനിമേഷൻ രൂപത്തിലുള്ള വീഡിയോ അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. നടൻ ദിലീപ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ‘കാടിറങ്ങി’യുടെ കവര്‍ വേര്‍ഷനായി ഒരുക്കിയിരിക്കുന്ന ഗാനം പങ്കുവെച്ചിരിക്കുന്നത്. പാട്ടിന്റെ അവസാനം 12 ബി ഫ്ലാറ്റിൽ അര്‍ജുൻ എന്ന നായയെ തിരക്കി സിഐഡി മൂസയായി ദിലീപും എത്തുന്നുണ്ട്.