ചലച്ചിത്ര നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു. രോഗബാധയെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് 55 വയസായിരുന്നു. രണ്ടാഴ്ച മുൻപ് നൗഷാദിന്റെ ഭാര്യയും മരിച്ചിരുന്നു. ടെലിവിഷന്‍ പാചക പരിപാടികളില്‍ അവതാരകനായി അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തിയാര്‍ജിച്ച കേറ്ററിങ് റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ് അദ്ദേഹം.
പത്തനംതിട്ട തിരുവല്ലയില്‍ റസ്റ്ററന്റും കേറ്ററിങ് സര്‍വീസും നടത്തി വന്നിരുന്നു. നൗഷാദിന് പാചകത്തില്‍ താത്പര്യം കിട്ടുന്നത് പിതാവില്‍ നിന്നുമാണ്. കോളജ് വിദ്യാഭ്യാസത്തിന് ശേഷം ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ചു. തുടര്‍ന്ന് കേറ്ററിങ് ബിസിനസില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തുകയും ബിസിനസ് വികസിപ്പിക്കുകയും ചെയ്തു. വിദേശങ്ങളില്‍ അടക്കം നൗഷാദ് കേറ്ററിങ് പ്രശസ്തമാവുകയും ചെയ്തു.
സിനിമ നിര്‍മാതാവ് എന്ന നിലയിലും നൗഷാദ് തിളങ്ങി. സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകന് ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിര്‍മിച്ചായിരുന്നു നിര്‍മ്മാണ മേഖലയില്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും നിര്‍മിച്ചു.