ചാര്‍മിള ഒരു കാലത്ത് തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങളിൽ നായികയായി തിളങ്ങിയ നടിയാണ്. പല പ്രമുഖ നടന്മാരോടൊപ്പം അഭിനയിച്ചിട്ടുള്ള താരം ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത് തനിക്ക് ചില ലൊക്കേഷനുകളില്‍ നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ്. നടി ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോൾ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തനിക്ക് മലയാള സിനിമയില്‍ നിന്നും നേരിട്ട ദുരനുഭവമാണ് താരം പങ്കുവെച്ചത്. താന്‍ നായിക ആയിരുന്ന കാലത്ത് പോലും ഇങ്ങനെ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും ചാര്‍മിള പറയുന്നു.
ചാര്‍മിളയുടെ വാക്കുകള്‍, ‘പതിമൂന്ന് വയസ് മുതല്‍ നടിയാണ്. ആ പ്രായം തൊട്ട് ഒരാളും എന്നോട് മോശമായി ഒന്നും ചോദിച്ചിട്ടില്ല. ഇരുപത് വയസിലും ഞാന്‍ നടിയാണ്. അന്നേരവും എന്നോട് ആരും മോശമായി സംസാരിച്ചിട്ടില്ല. ഇപ്പോള്‍ നാല്‍പ്പത്തിരണ്ട് ആണ് എന്റെ വയസ്. ഇപ്പോള്‍ ഇങ്ങനെ പെരുമാറാന്‍ കാരണമെന്താണെന്ന് എനിക്ക് അറിയില്ല. ഒരു സിനിമയുടെ ഷൂട്ടിങ്ങിന് ഞാന്‍ കോഴിക്കോട് പോയിരുന്നു. മൂന്ന് പയ്യന്മാരാണ് നിര്‍മാതാക്കള്‍. അവര്‍ക്ക് ഇരുപത്തിമൂന്ന് വയസ് ഒക്കെ ഉണ്ടാവും. അവര്‍ എന്റെ വീട്ടില്‍ വന്നു. അഡ്വാന്‍സ് തരാന്‍ വന്നതാണ്. എന്റെ അനുഗ്രഹമൊക്കെ വേണമെന്ന് പറഞ്ഞു. അങ്ങനെ അനുഗ്രഹം കൊടുത്തതിന് ശേഷം അവരെനിക്ക് അഡ്വാന്‍സ് തന്നിട്ട് പോയി. പിന്നീട് കോഴിക്കോട് ഷൂട്ടിങ്ങ് നടക്കുമ്പോള്‍ ഈ മൂന്ന് പയ്യന്മാരും അങ്ങോട്ട് വന്നു. അതില്‍ ബോംബെയില്‍ നിന്ന് വന്ന ഇരുപത് വയസുകാരിയാണ് നായിക. പതിനെട്ട് വയസുള്ള മറ്റൊരു പെണ്‍കുട്ടി കൂടിയുണ്ട്. ഈ പയ്യന്മാര്‍ അവരോട് ഒരു ശല്യവും ചെയ്യുന്നില്ല. പക്ഷേ എന്റെ മുറിയിലേക്ക് വന്നിട്ട് ടച്ച് അപ്പ് ചെയ്യുന്ന ആളോട് പുറത്തേക്ക് പോവാന്‍ പറഞ്ഞു. അയാള്‍ക്ക് അമ്പതിനായിരം കൊടുക്കാമെന്നും പറഞ്ഞു. മേഡത്തിന്റെ കൂടെയാണ് വന്നത്. അവര്‍ പറയാതെ പോവില്ലെന്ന് എന്റെ അസിസ്റ്റന്റ് പറഞ്ഞു.
നിങ്ങള്‍ മൂന്ന് പേരും എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് ഞാന്‍ അവരോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞത് ഞങ്ങള്‍ മൂന്ന് പേരില്‍ ആരെ വേണമെങ്കിലും നിങ്ങള്‍ക്ക് സെലക്ട് ചെയ്യാം. അതില്‍ ഒരാളുടെ കൂടെ നിങ്ങള്‍ ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ബാക്കി പെയിമെന്റ് തരില്ലെന്നും പറഞ്ഞു. ഇങ്ങനെ പറഞ്ഞാല്‍ നാളെ മുതല്‍ ഞാന്‍ ഷൂട്ടിങ്ങിന് വരില്ലെന്ന് പറഞ്ഞു. എന്നാല്‍ നിങ്ങള്‍ക്ക് സ്ഥലം വിടാം, ഗെറ്റ് ഔട്ട് എന്ന് പറഞ്ഞ് എന്നെ പുറത്താക്കി. ശേഷം ഞാന്‍ എടിഎമ്മില്‍ പോയി പൈസ എടുത്ത് പബ്ലിക് ബസില്‍ കയറിയാണ് ചെന്നൈയിലേക്ക് പോയത്. അതാണ് സംഭവിച്ചത്. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. പക്ഷേ ഞാനിതിപ്പോഴാണ് കാണുന്നത്. ഞാന്‍ നായിക ആയിരുന്നപ്പോള്‍ ഇങ്ങനെ ഒന്നും നടന്നിട്ടില്ല. തമിഴ്, തെലുങ്ക്, കന്നട, മലയാളം നാല് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മുപ്പത്തിയെട്ട് സിനിമകള്‍, പതിനൊന്നെണ്ണം തമിഴില്‍, രണ്ടെണ്ണം തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. മുന്‍പൊന്നും ഇല്ലാത്ത മോശം പ്രവണതകള്‍ ഇപ്പോള്‍ മലയാളം സിനിമയില്‍ ഉണ്ട്.