അഡ്ജസ്റ്റ്‌മെന്റിനോട് നോ പറഞ്ഞപ്പോൾ ചിലർ കഥകളുണ്ടാക്കി! തുറന്നടിച്ച് ചാർമിള!

മലയാള സിനിമയിൽ നിറഞ്ഞു നിന്ന സൗന്ദര്യമായിരുന്നു നടി ചാർമിള. ഇടവേളയ്ക്കു ശേഷം സിനിമയിൽ തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. 1991ലാണ് ധനം എന്ന ചിത്രത്തിലൂടെ ചാർമിള മലയാളത്തിൽ അരങ്ങേറിയത്. മോഹൻലാലായിരുന്നു നായകൻ. പിന്നീട് അങ്കിൾബൺ, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല, കമ്പോളം, കടൽ, രാജധാനി തുടങ്ങി 2005 വരെ സജീവമായിരുന്നു. വിക്രമാദിത്യൻ എന്ന ചിത്രത്തിൽ അമ്മ വേഷത്തിൽ ചാർമിള അഭിനയിച്ചു. അഭിനയിക്കാൻ വേണ്ടി സംവിധായകരും നടന്മാരും കിടക്ക പങ്കിടാൻ ക്ഷണിച്ചു എന്ന് ചാർമിള അടുത്തിടെ തുറന്ന് പറഞ്ഞത് ആരാധകരെ വളരെയധികം ഞെട്ടിച്ചിരുന്നു. നിരവധി കിംവദന്തികളും ചാർമിളയ്‌ക്കെതിരെ പ്രചരിച്ചിരുന്നു. സെറ്റിൽ മദ്യപിച്ചെത്തി, കാരവന്റെ പേരിൽ സെറ്റിൽ പ്രശ്നങ്ങൾ ഉണ്ടാകി എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഒരുകാലത്ത് താരത്തിനെതിരെ ഉയർന്നത്. ഒരിക്കൽ ഈ പ്രചരണങ്ങളുടെ സത്യാവസ്ഥ ചാർമിള വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.


ഞാൻ എന്റെ വേർഷൻ പറയാം. ഞാൻ ഇപ്പോൾ ഒരു സിനിമ ചെയ്യുന്നുണ്ട്. അവരോട് ചാർമിള അങ്ങനെയാണോ എന്ന് ചോദിക്കു. നമ്മൾ നമുക്ക് അനുകൂലമായ രീതിയിൽ അല്ലേ സംസാരിക്കൂ. ആ കാലത്ത് ചെയ്തു വച്ച ചില തെറ്റുകൾ ഇപ്പോൾ പറയാൻ തുടങ്ങിയിരിക്കുകയാണ്. എന്നാൽ കാരവന്റെ കാര്യം പറയുന്നത് തെറ്റാണ്. കാരണം അന്ന് കാരവൻ വന്നിട്ടില്ല. കാരവൻ വിദേശ സിനിമകളിലാണ് കണ്ടിട്ടുള്ളത്. ഇത് ഇന്ത്യയിൽ വന്നാൽ നന്നായിരിക്കുമല്ലോ എന്നായിരുന്നു ഞാൻ നായികയായിരുന്ന കാലത്ത് പറഞ്ഞിരുന്നത്. മദ്യപിച്ചുവെന്ന് പറയുന്നു. ഒരിക്കലുണ്ടായിരുന്നു. വിവാഹത്തിന് മുമ്പായിരുന്നു. കല്യാണം കഴിഞ്ഞ് കുഞ്ഞായി. എന്റെ മൂന്നാമത്തെ ഭർത്താവുമൊത്ത് വിവാഹത്തിന് മുമ്പായി എല്ലാ സ്ഥലത്തും കറങ്ങാൻ പോകുമായിരുന്നു. പബ്ബിലും പാർട്ടിയിലുമൊക്കെ. എന്റെ കാമുകന്റെ കൂടെയാണ് ഞാൻ പോകുന്നത്. പ്രായം അതായിരുന്നു. പക്ഷെ കല്യാണം കഴിഞ്ഞ് കുഞ്ഞുണ്ടായ ശേഷം അതൊക്കെ മാറി. പക്ഷെ ഷൂട്ടിംഗ് ലൊക്കേഷനിൽ മദ്യപിച്ചിട്ടില്ല. ഷൂട്ടിംഗ് ലൊക്കേഷനിൽ എന്തിനാണ് മദ്യപിക്കുന്നത്. മദ്യപിക്കണമെങ്കിൽ ഒരു പാർട്ണർ വേണം. അത് കാമുകൻ ആകുമ്പോൾ സുഖം കൂടും. രണ്ടു പേരും ഒരുമിച്ച് പോകുന്നു കറങ്ങുന്നു. അത് വ്യക്തിപരമായ കാര്യമാണ്. ഷൂട്ടിംഗ് ലൊക്കേഷനിൽ വന്ന് മദ്യപിച്ചിട്ട് എന്ത് കാര്യം? രണ്ടും കണക്ട് ചെയ്തിട്ട് കാര്യമില്ല. ഇവിടുത്തെ ജോലി വേഗം തീർത്തിട്ട് വേണം അവിടെ പോയി എൻജോയ് ചെയ്യാൻ എന്നാണ് ചിന്തിക്കുന്നത്.

ഒരു അമ്മ എന്ന നിലയിൽ എന്റെ മകന് ഞാനൊരു മാതൃകയാകണം. നാളെ അവനൊരു തെറ്റ് ചെയ്താൽ അത് ചൂണ്ടിക്കാണിക്കുമ്പോൾ നീയൊരു സ്ത്രീയായിട്ട് ഇങ്ങനെ ചെയ്താൽ പിന്നെ ആണായ എനിക്ക് ചെയ്തു കൂടേയെന്ന് ചോദിക്കും. അത് പാടില്ല. അതിനാലാണ് മദ്യപാനമടക്കുമുള്ള കാര്യങ്ങൾ മൊത്തമായും നിർത്തിയതെന്നും ചാർമിള പറഞ്ഞു. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകാതാകുമ്പോഴാണ് കഥകൾ ഉണ്ടാക്കുന്നതെന്നും ചാർമിള പറയുകയുണ്ടായി. എല്ലാവരും സ്‌നേഹത്തോടെ സംസാരിക്കും. പക്ഷെ ഒരു സമയത്ത് എല്ലാവരും അഡ്ജസ്റ്റ്‌മെന്റ്‌സ് ചോദിക്കും. അഡ്ജസ്റ്റ് ചെയ്താൽ ഈ സിനിമയിൽ വരാമെന്ന് പറയും. അപ്പോൾ സിനിമ വേണ്ട എന്ന് പറഞ്ഞ് ഞാൻ പോകും. പക്ഷെ അവർക്ക് അത് പിടിക്കില്ല. അവരുടെ കൂടെ പോയല്ലോ പിന്നെ എന്റെ കൂടെ ഉണ്ടായിക്കൂടെ എന്നാകും അവർ പറയുക. അവർ താരതമ്യം ചെയ്യുന്നത് എന്റെ മുൻ കാമകുന്മാരെക്കുറിച്ചായിരിക്കും, ഇപ്പോൾ നീ തനിച്ചല്ലേ, എന്റെ കൂടെ വന്നു കമ്പനി തന്നു കൂടെ എന്നാണ് ചോദിക്കുന്നത്. നീ വന്നില്ലല്ലോ ഇനി നീ എങ്ങനെ ജീവിക്കും എന്ന് കാണിച്ചത് തരാം എന്ന് വാശി പിടിച്ച് കുറേ പേർ നടക്കുകയാണ്. അങ്ങനെയാണ് കഥകളുണ്ടാകുന്നതും അവസരങ്ങളില്ലാതെ പോകുന്നതും. കുറേപ്പേർ ചാർമിള വരട്ടെ എന്ത് ചെയ്യുമെന്ന് നോക്കാമെന്ന് പറഞ്ഞ് വിളിക്കും. മറ്റ് ചിലർ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്ന് ചിന്തിക്കും.

Related posts