അടുത്തിടെയാണ് മിനിസ്‌ക്രീൻ താരങ്ങളായ ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും വിവാഹിതരായത്. ഇരുവരും സ്വന്തം സുജാത എന്ന സീരിയലിൽ ഒന്നിച്ചഭിനയിക്കുന്നുണ്ട്. ഈ സീരിയലിൽ അഭിനയിക്കുമ്പോൾ ആണ് ഇരുവരും പരിചയത്തിലായതും പിന്നീട് പ്രണയത്തിലാവുകയും ചെയ്തത്. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയുമായിരുന്നു ഇരുവരും. സൗഹൃദം ആണ് വിവാഹത്തില്‍ എത്തിച്ചത് എന്ന് പറയുകയാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. വിവാഹത്തില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ചന്ദ്രയും ടോഷും വിവാഹിതരാകാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ കരഞ്ഞവരുണ്ട്.-ഇരുവരും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സ്വന്തം സുജാത എന്ന സീരിയലിലേക്ക് ആദം ജോണ്‍ എന്ന കഥാപാത്രം എത്തുന്നത് നൂറ് എപ്പിസോഡുകള്‍ക്ക് ശേഷമാണ്. ടോഷ് ക്രിസ്റ്റി എന്ന നടനാണ് എന്ന് പറഞ്ഞപ്പോള്‍ സുജാതയായി അഭിനയിക്കുന്ന ചന്ദ്രയ്ക്ക് അത്ര പരിചയം പോര. അവസാനം ഫേസ്ബുക്കില്‍ ആളുടെ ഫോട്ടോ കാണിച്ചു കൊടുത്തു. ഓകെ കൊള്ളാം. സെറ്റില്‍ ടോഷ് എത്തിയ ആദ്യത്തെ രണ്ട് മൂന്ന് ദിവസം ഒരു ഹായ്, ബൈ ബന്ധം മാത്രമായിരുന്നു രണ്ട് പേരും. നാല് ദിവസം കഴിയുമ്പോഴേക്കും സംസാരിച്ചു തുടങ്ങി. ടോഷ് വളരെ പെട്ടന്ന് എല്ലാവരുമായും സൗഹൃദം പങ്കിടുന്ന ആളാണ്. ചന്ദ്ര ലക്ഷ്മണിനെ ചന്ദു എന്ന് വിളിക്കാനും രണ്ട് മൂന്ന് ദിവസമേ എടുത്തുള്ളൂ. സംസാരിച്ച് തുടങ്ങിയപ്പോള്‍ രണ്ട് പേരുടെയും ഇഷ്ടങ്ങളും താത്പര്യങ്ങളും എല്ലാം ഒരേ ട്രാക്കിലാണെന്ന് മനസ്സിലായി. പക്ഷെ അപ്പോഴും വിവാഹത്തെ കുറിച്ചോ പ്രണയത്തെ കുറിച്ചോ ഒന്നും ചിന്തിച്ചിരുന്നു. നല്ല രണ്ട് സുഹൃത്തുക്കള്‍. അത്രമാത്രം.
ഞങ്ങളുടെ സ്‌ക്രീന്‍ പ്രസന്‍സ് കണ്ട് യൂട്യൂബില്‍ ആളുകള്‍ കമന്റുകള്‍ എഴുതാന്‍ തുടങ്ങി. യഥാര്‍ത്ഥ ജീവിതത്തിലും ടോഷും ചന്ദ്രയും വിവാഹിതരായാല്‍ നന്നായിരിയ്ക്കും എന്നുള്ള കമന്റുകള്‍ ഞങ്ങള്‍ തന്നെ പരസ്പരം വായിച്ച് ചിരിച്ചിട്ടുണ്ട്. ലൊക്കേഷനിലും ചിലരൊക്കെ നിങ്ങള്‍ക്ക് ഒന്ന് ആലോചിച്ചൂടെ എന്ന് ചോദിച്ചു തുടങ്ങിയിരുന്നു. ടോഷിന്റെ വീട്ടില്‍ ഒരു ദിവസം സീരിയല്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍, ചന്ദ്ര തന്നെ ടോഷിനെ കല്യാണം കഴിച്ചാല്‍ കൊള്ളാം എന്ന സംസാരവും വന്നു. ഞങ്ങള്‍ക്ക് പരസ്പരം നല്ല സുഹൃത്തുക്കള്‍ എന്നതിലുപരി, വിവാഹം എന്ന ചിന്ത ഉണ്ടായിരുന്നില്ല. സത്യത്തില്‍ ഞങ്ങളുടെ ജീവിതത്തില്‍ വിവാഹം ചെയ്യാം എന്ന തീരുമാനം എടുക്കുന്നത് വളരെ മാന്ത്രികമായിട്ടാണ് തോന്നുന്നത്. അത് സംഭവിച്ചു പോകുകയായിരുന്നു. രണ്ട് പേരും ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. ഒട്ടും പൈങ്കിളിയും അല്ല. എന്നിട്ടും ഞങ്ങള്‍ ആ തീരുമാനം എടുത്തു.
അതിന് ശേഷം നേരെ വീട്ടില്‍ പോയി കാര്യം അവതരിപ്പിച്ചു. ഞങ്ങളുടെ വിവാഹത്തില്‍ വില്ലന്മാര്‍ ഇല്ല എന്നതാണ് സത്യം. തങ്ങളുടെ വീടുകളില്‍ ഒരു എതിര്‍പ്പും ഉണ്ടായിരുന്നില്ല. രണ്ട് മതത്തില്‍ പെട്ടവരാണ് എന്ന വേര്‍തിരിവും ഉണ്ടായിട്ടില്ല. പക്ഷെ ഞങ്ങള്‍ വിവാഹം ചെയ്യാന്‍ പോകുകയാണ് എന്ന കാര്യം ഔദ്യോഗികമായി തീരുമാനിച്ച ശേഷം പലരും കരഞ്ഞു. സ്വന്തം സുജാതയില്‍ അമ്മച്ചിയായി അഭിനയിക്കുന്ന രശ്മി ചേച്ചി സന്തോഷം കൊണ്ട് കരയുകയായിരുന്നു. ശരിക്കും അത് ഇമോഷണലായി പോയി. പിന്നെ ചന്ദ്രയുടെ മാനേജരും വിവരം അറിഞ്ഞപ്പോള്‍ ആദ്യം കരയുകയാണ് ചെയ്തത്- ചന്ദ്രയും ടോഷും പറഞ്ഞു.