ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുക എന്നുള്ളത് ഇപ്പോൾ സ്വാഭാവികമാണ്. എന്നാൽ നാലുഭാഗങ്ങൾ വരെ പുറത്ത് ഇറങ്ങുകയും അവയെല്ലാം തന്നെ സൂപ്പർ ഹിറ്റുകളുമാകുക എന്നുള്ളത് മലയാള സിനിമയിൽ അപൂർവ്വമാണ്. അങ്ങനെ ഒരു വിജയ കഥ രചിച്ച ഒന്നാണ് സി ബി ഐ സീരീസ്. 1988 ല്‍ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ ചിത്രം. ആ സിനിമക്ക് വന്‍ സ്വീകാര്യത ലഭിച്ചതോടെ 1989 ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാം ഭാഗവും എത്തി. ജാഗ്രതയും ബോക്‌സോഫീസ് ഹിറ്റായി. പിന്നീട് ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് സി.ബി.ഐ വീണ്ടും സ്ക്രീനിലേക്ക് വന്നത്. 2004ല്‍ സേതുരാമയ്യര്‍ സി.ബി.ഐ എന്ന പേരിലായിരുന്നു അത്. അടുത്ത വര്‍ഷം നേരറിയാന്‍ സി.ബി.ഐ എന്നപേരിൽ നാലാം ഭാഗവും എത്തി. എല്ലാ സി.ബി.എ കഥാപാത്രങ്ങളെയും ഇരുകൈയ്യും നീട്ടിയാണ് മലയാളികള്‍ ഏറ്റെടുത്തത്. മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സി.ബി.ഐ സീരിസിലെ അഞ്ചാം ചിത്രം. ഒരേ കഥാപാത്രത്തെ നായകനാക്കി അഞ്ചാം ഭാഗമിറങ്ങുന്ന മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണിത്.
ഇപ്പോഴിതാ സിബിഐ അഞ്ചാം ഭാഗത്തിന്റെ ടൈറ്റിലും മോഷൻ പോസ്റ്ററും പുറത്തുവിട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. സേതുരാമയ്യരുടെ അഞ്ചാം വരവിലെ പേര് അറിയിച്ച് കൊണ്ടുള്ള മോഷൻ പോസ്റ്റർ അഞ്ച് മണിക്ക് മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ‘സിബിഐ – 5 – ദ ബ്രയിൻ’ എന്ന് പേരിട്ട് സൈന മൂവീസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന മോഷൻ പോസ്റ്റർ ആരാധകർ ആവേശത്തോടെ ഏറ്റെടുക്കുകയാണ്. സിബിഐയുടെ ട്രേഡ്മാർക്ക് തീം മ്യൂസിക്കിന്റെ അകമ്പടിയോടെ എത്തിയ ടൈറ്റിലും മോഷൻ പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്.
16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഇപ്പോള്‍ ഒരുങ്ങുന്നത്. ബാസ്‌കറ്റ് കില്ലിംഗ് എന്ന തീം മുന്‍നിര്‍ത്തിയാണ് സി.ബി.ഐ 5 എന്ന് നേരത്തെ എസ്.എന്‍. സ്വാമി വ്യക്തമാക്കിയിരുന്നു. ആദ്യ നാല് ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്‌സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടമെത്തുമ്പോള്‍ രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സായ്കുമാര്‍, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍ ആശാ ശരത്ത് എന്നിവരും ചിത്രത്തിലുണ്ട്.