മലയാളത്തിലെ ഏക്കാലത്തെയും മികച്ച ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സിനിമകളാണ് സി.ബി.ഐ സീരീസ്. എസ് എൻ സ്വാമി കെ മധു കൂട്ടുകെട്ടിൽ മമ്മൂട്ടിയെ നായകനാക്കിയാണ് സി ബി ഐ സീരീസുകൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. 1988 ൽ പുറത്തിറങ്ങിയ ഒരു സി ബി ഐ ഡയറികുറിപ്പ് എന്ന ചിത്രമാണ് സീരിസിന് തുടക്കം കുറിച്ചത്. പിന്നീട് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ സൂപ്പർ ഹിറ്റുകളും പിറന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അഞ്ചാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ലോക സിനിമയില്‍ ആദ്യമായാണ് ഒരേ നായകനും, എഴുത്തുകാരനും, സംവിധായകനുമായി ചേര്‍ന്ന് ഒരു സിനിമയ്ക്ക് നാല് ഭാഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതെന്നും, തങ്ങള്‍ ഒന്നിച്ചുള്ള മുന്നേറ്റം തുടരുകയാണെന്നുമായിരുന്നു സംവിധായകനായ കെ. മധു ചിത്രത്തെ കുറിച്ച് മുൻപ് അഭിപ്രായപ്പെട്ടിരുന്നു.
ഇപ്പോഴിതാ ചിത്രത്തിലെ ഒഫീഷ്യല്‍ ലീക്ക് എന്ന പേരില്‍ ഒരു ചിത്രം സോഷ്യല്‍ മീഡിയിയില്‍ മമ്മൂട്ടി പങ്കുവെച്ചിരുന്നു. നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായത്. ചിത്രം പങ്കുവെച്ചുകൊണ്ട് അജുവര്‍ഗീസിന്റെ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മിന്നല്‍ മുരളിയിലെ ഗുരുസോമസുന്ദരത്തിന്റെ ഹിറ്റ് ഡയലോഗിനെ ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു അജുവിന്റെ പോസ്റ്റ്. നാട്ടുകാരെ….ഓടി വരണെ, നാട്ടുകാരെ….ഓടി വരണെ, ബോക്‌സോഫീസ് തൂക്കിയടി നടക്കാന്‍ പോകുന്നെ’ എന്നാണ് ചിത്രത്തിന് കുറിപ്പായി അജു ഫേസ്ബുക്കില്‍ കുറിച്ചത്. സേതുരാമയ്യരുടെ ഐക്കോണിക്ക് ലുക്ക് ആയ കൈ പുറകില്‍ കെട്ടി നടന്നു പോകുന്ന ചിത്രമാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
സേതുരാമയ്യരായി മമ്മൂട്ടി വീണ്ടമെത്തുമ്പോള്‍ രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും ഇത്തവണ ചിത്രത്തിലുണ്ട്. സായ്കുമാര്‍, രണ്‍ജി പണിക്കര്‍ സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ടാവും. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍. ആദ്യ നാല് ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്‌സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.