പ്രായം മുപ്പതു കടക്കുന്നതോടെ നടുവേദനയും കഴുത്തുവേദനയും കടന്നുവരും. പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന ഈ ബുദ്ധിമുട്ടുകള്‍ ഇന്ന് ഏറെയും അലട്ടുന്നത് ചെറുപ്പക്കാരെയാണ്. തെറ്റായ ജീവിത രീതിതന്നെയാണ് ഇതിനു കാരണം. ശീതീകരിച്ച ഓഫീസ് മുറിയില്‍ മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരിലും വളരെ തുടര്‍ച്ചയായി യാത്ര ചെയ്യുന്നവരിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അതുപോലെ അമിതാധ്വാനം ചെയ്യുന്നവരിലും അധ്വാനം തീരെയില്ലാത്തവരിലും വ്യായാമരഹിതമായ ജീവിതം നയിക്കുന്നവരിലും കഠിന ജോലികള്‍ ദീര്‍ഘനേരം ചെയ്യുന്നവരിലും മറ്റ് രോഗങ്ങള്‍ ഇല്ലാതെ തന്നെ നടുവേദനയും കഴുത്തുവേദനയും കണ്ടുവരുന്നു.
മനുഷ്യന്റെ ശരീരഘടനയുടെ അടിത്തറ എന്നത് 206 അസ്ഥികളുടെ കൂട്ടായ്മയായ അസ്ഥികൂടമാണ്. വലുതും ചെറുതും പരന്നതും കട്ടിയുള്ളതും മൃദുവായതുമായ അസ്ഥികളും പല്ലുകളും നഖങ്ങളും ഉള്‍പ്പെടെ 360 അസ്ഥികള്‍ വരെ ആയൂര്‍വേദത്തിലെ ‘അഷ്ടാംഗഹൃദയത്തില്‍’ പ്രതിപാദിക്കുന്നുണ്ട്. ശരീരത്തിലെ മൊത്തം പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം, ഏകോപനം എന്നീ പ്രധാന ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്ന തലച്ചേറിനെയും സുഷ്മ്‌നാനാഡിയെയും യഥാക്രമം തലയോടും നട്ടെല്ലും പൊതിഞ്ഞു സംരക്ഷിക്കുന്നു. അസ്ഥിക്കുള്ളിലെ മജ്ജയാണ് രക്തത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്ഭവസ്ഥാനം. അതിനാല്‍ അസ്ഥികള്‍ക്ക് രോഗം ബാധിക്കുമ്ബോള്‍ ജീവിതത്തിന്റെ താളം തന്നെ തെറ്റിക്കുന്നു.
ആയുര്‍വേദത്തിലെ ‘ത്രിദോഷ ധാതുസിദ്ധാന്തം’ അനുസരിച്ച് വാതം അസ്ഥിയാശ്രിതമായി സ്ഥിതി ചെയ്യുന്നു. വാതകോപകാരണങ്ങളായ വിപരീത ആഹാര രീതികളും ഋതുഭേദങ്ങളും അസ്ഥിക്ഷയത്തിനും വിവിധ രോഗങ്ങള്‍ക്കും കാരണമാകുന്നു. ഗുണങ്ങള്‍ കുറഞ്ഞതും തണുത്തതുമായ ആഹാരങ്ങള്‍ തുടര്‍ച്ചയായി കഴിക്കുന്നതും, അധികം ഉറക്കമൊഴിയുന്നതും, അമിതാധ്വാനം, മര്‍മ്മാഘാതങ്ങള്‍ (മര്‍മ്മ ഭാഗങ്ങള്‍ക്കുണ്ടാവുന്ന ചതവുകള്‍), രക്തസ്രാവം, അസ്ഥിക്ഷയം, ദീര്‍ഘയാത്ര, ഉയരത്തില്‍നിന്നുള്ള വീഴ്ച, അമിതഭാരം ചുമക്കുക തുടങ്ങിയവയെല്ലാം ധാതുക്ഷയത്തിനും അതുമൂലം വാതം വര്‍ധിക്കുന്നതിനും കാരണമാകുന്നു. മജ്ജയെയോ അസ്ഥിയെയോ ആശ്രയിച്ച് വാതം കോപിച്ചാല്‍ അസ്ഥികളും സന്ധികളും പിളര്‍ന്നു പോകുന്നതുപോലെയുള്ള വേദനയും മാംസ ബലക്ഷയവും ഉറക്കമില്ലായ്മയും ഉണ്ടാകുന്നു.
നട്ടെല്ലിനെ ബാധിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടവയാണ് സെര്‍വിക്കല്‍ ലംബാര്‍ സ്‌പോണ്‍ഡിലോസിസ്, ലംബാര്‍ ഡിസ്‌ക് പ്രൊലാപ്‌സ് എന്നിവ. നട്ടെല്ലിലെ കശേരുക്കളുടെ സ്ഥാനഭ്രംശം മൂലമാണ് ഇവിടെ നടുവേദന അനുഭവപ്പെടുന്നത്. നട്ടെല്ലിനുണ്ടാകുന്ന ക്ഷതം, സുഷുമ്‌നാ നാഡിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, കശേരുക്കളുടെ സ്ഥാനഭ്രംശം, നീര്‍ക്കെട്ട്, അസ്ഥികള്‍ക്കുണ്ടാകുന്ന ക്ഷയം, ജീര്‍ണത, ട്യൂമര്‍ തുടങ്ങി നട്ടെല്ലിനെ ബാധിക്കുന്ന നിരവധി അസുഖങ്ങളുടെ ലക്ഷണമായി നടുവേദന കാണപ്പെടുന്നു. കൂടാതെ ആര്‍ത്തവ തകരാറുകള്‍, മാംസപേശികള്‍ക്കു വരുന്ന നീര്‍ക്കെട്ട്, ഗര്‍ഭാശയം, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങള്‍ ഇവയ്ക്കല്ലൊം ശക്തമായ നടുവേദന അനുഭവപ്പെടാം. ആദ്യമായി ശരിയായ രോഗനിര്‍ണയം നടത്തേണ്ടത് അത്യാവശ്യമാണ്. മുന്‍കാലങ്ങളില്‍ സംഭവിച്ച അപകടങ്ങള്‍, വീഴ്ചകള്‍ എന്നിവമൂലം നട്ടെല്ലിനുണ്ടാകുന്ന ക്ഷതങ്ങളും പിന്നീട് ആ ഭാഗത്ത് നീര്‍ക്കെട്ടിനും വേദനക്കും കാരണമാകുന്നു. നീര്‍ക്കെട്ടുണ്ടായാല്‍ ആ ഭാഗത്തേക്കുള്ള രക്ത ചംക്രമണവും ചലനവും അസാധ്യമായിത്തീരുകയും സാവധാനം ആ ഭാഗത്തെ പേശികളുടെ ശക്തി ക്ഷയിക്കുകയും ചെയ്യുന്നു. ഇതു ഭാവിയില്‍ നട്ടെല്ലിന്റെ ഡിസ്‌ക്കുകള്‍ തമ്മില്‍ പരസ്പരം തെന്നിമാറുന്ന അവസ്ഥയിലെക്കു നയിക്കാം.
നടുവേദന പോലെ തന്നെ മനുഷ്യനെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നമാണ് കഴുത്തുവേദന. പിടലി, തോള്‍, കൈകള്‍ എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന ശക്തമായ വേദനയാണ് സെര്‍വിക്കല്‍ സ്‌പോണ്‍ഡിലോസിസിന്റെ പ്രധാന ലക്ഷണം. ചില വ്യക്തികളില്‍ തലയ്ക്കും, പുറത്തും ശക്തമായ വേദന അനുഭവപ്പെടാറുണ്ട്. സ്ഥാനഭ്രംശം സംഭവിച്ച കശേരുകള്‍ക്കിടയില്‍പ്പെട്ട് തോള്‍, കൈകള്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ഞരമ്ബുകള്‍ ഞെരുങ്ങുന്നതു മൂലമാണ് ശക്തമായ വേദന അനുഭവപ്പെടുന്നത്. കഴുത്തിന്റെ ചലനം സുഗമമാക്കുന്നത് കണ്ഠ പ്രദേശത്തെ ഏഴ് കശേരുക്കളാണ്. ഇവയ്ക്കിടയിലെ ജലാംശം കുറയുമ്ബോഴും ഈ രോഗങ്ങളുണ്ടാകാന്‍ കാരണമാകുന്നു. നസ്യം, ഗിരോവസ്തി തുടങ്ങിയവയും സെര്‍വിക്കല്‍ സ്‌പോണ്‍ഡിലോസിന് ഫലപ്രദമായ ചികിത്സകളാണ്.
ആയുര്‍വേദത്തില്‍ കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും ഫലപ്രദമായ ചികിത്സയുണ്ട്. ആദ്യമായി ക്ഷതം സംഭവിച്ച ഭാഗത്ത് നീര് മാറുന്നതിനും, പേശികള്‍ക്കും അസ്ഥികള്‍ക്കും അയവു ലഭിക്കുന്നതിനും യുക്തമായ ലേപനങ്ങള്‍ ഉപയോഗിക്കണം. മുരിങ്ങാത്തൊലി, വെളുത്തുള്ളി, കുറുന്തോട്ടിവേര്, ദേവതാരു, കടുക്, കൊട്ടം, ചുക്ക്, വയമ്ബ് ഇവ സമാനമായി പൊടിച്ചത് വാളന്‍പുളിയില്‍ അരിക്കാടി തളിച്ച് ഇടിച്ചു പിഴിഞ്ഞ നീരില്‍ ചാലിച്ചു ലേപനം ചെയ്യുന്നത് നീരുമാറുന്നതിന് സഹായകമാണ്. രാസ്‌നൈരണ്ഡാദി, ഗുല്‍ഗുലുതിക്തകം തുടങ്ങിയ കഷായങ്ങള്‍ രോഗാവസ്ഥയ്ക്കനുസരിച്ച് മേമ്ബൊടി ചേര്‍ത്ത് കഴിക്കുന്നത് ഫലപ്രദമാണ്. കുഴമ്ബുകള്‍ അല്ലെങ്കില്‍ തൈലങ്ങള്‍ പുരട്ടി പത്രപോടല സ്വേദം, ഷാഷ്ടിക പിണ്ഡസ്വേദം മുതലായവ ചെയ്യുന്നത് നീര്‍ക്കോളും വേദനയും മാറുന്നതിനും പേശികള്‍ക്കും അസ്ഥികള്‍ക്കും ബലം കിട്ടുന്നതിനും വളരെ നല്ലതാണ്. 15 മില്ലി നിര്‍ഗുണ്ഡിസ്വാരസം (കരിനൊച്ചിയിലയുടെ നീര്), 15 മില്ലി ശുദ്ധി ചെയ്ത ആവണക്കെണ്ണയും ചേര്‍ത്ത് വെറും വയറ്റില്‍ മൂന്ന് ദിവസം കഴിക്കുന്നത് നടുവേദനയ്ക്ക് ശമനം ലഭിക്കുന്നതിന് സഹായിക്കുന്നു.
ആയുര്‍വേദം ഒരു ചികിത്സാ ശാസ്ത്രമെന്നതിലുപരി ഒരു ജീവിതചര്യയാണ്. രോഗ ചികിത്സക്കു പുറമെ രോഗ പ്രതിരോധത്തിന് അനുഷ്ഠിക്കേണ്ട ദിന ചര്യകളൊക്കെയും ആഹാരക്രമങ്ങളെയും പഥ്യാനുഷ്ഠാനങ്ങളെയും കുറിച്ചും ശാസ്ത്രത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ‘രോഗം വന്നു ചികിത്സിക്കുന്നതിനേക്കള്‍ രോഗം വരാതെ നോക്കുന്നതാണ് ആയുര്‍വേദ ശാസ്ത്രം.’ വളരെയധികം പ്രാധാന്യം കൊടുക്കുന്ന ജീവിത വ്യഗ്രതയുടെ ഈ ആധുനിക യുഗത്തില്‍ മാനസിക പിരിമുറക്കത്തിന് അടിമപ്പെട്ട്, ഫാസ്റ്റ് ഫുഡിലൂടെയും മായം കലര്‍ന്ന ഭക്ഷണ പദാര്‍ഥങ്ങളിലൂടെയും അന്തരീക്ഷ മലിനീകരണത്തിലൂടെയും അറിഞ്ഞോ അറിയാതെയോ ഏറ്റുവാങ്ങുന്ന രോഗസാഹചര്യങ്ങളെ ഒഴിവാക്കുവാന്‍ നാം ജാഗ്രത കാണിക്കണം. ഏതൊരു യന്ത്രവും സുഗമായി പ്രവര്‍ത്തിക്കുന്നതില്‍ യഥാസമയം ഓയിലും ഇന്ധനവും ആവശ്യമായതു പോലെ മനുഷ്യ ശരീരവും ഒരോ കാലവാസ്ഥകള്‍ കൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടുമുണ്ടാകുന്ന രോഗാവസ്ഥകളെ തരം ചെയ്യുവാന്‍ സജ്ജമാക്കേണ്ടതിന്റെ ധ്വനിയാണ് ആയുര്‍വേദത്തില്‍.
കടപ്പാട് : ഡോ. ഡൊമിനിക്ക് തോമസ്