ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈശോ. ചിത്രത്തിന് ഇതിനോടകം ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ചിത്രത്തിനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുന്നത് കത്തോലിക്കാ കോൺഗ്രസ് ആണ്. കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ് അഡ്വക്കേറ്റ് പി പി ജോസഫ് ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് നേതാക്കൾ ആവശ്യം മുന്നോട്ടുവെച്ചത് കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിലാണ്. ക്രൈസ്തവരെ സംബന്ധിച്ച് ഈശോ എന്നത് വളരെ പ്രാധാന്യമർഹിക്കുന്നതാണ് എന്ന് നേതാക്കൾ പറയുന്നു. അതുകൊണ്ടുതന്നെ ആ പേരിൽ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി.
ഈശോ ഈ വീടിന്റെ ഐശ്വര്യം എന്ന പേരിൽ ക്രൈസ്തവർ വീടുകളിൽ ബോർഡുകൾ വക്കാറുണ്ട്. അതിനു സമാനമായ പേരാണ് കേശു ഈ വീടിന്റെ ഐശ്വര്യം എന്നത്. ഒരു അക്ഷരത്തിന് മാത്രമാണ് ഇവിടെ വ്യത്യാസം ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ ആ സിനിമയും നിരോധിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. പേരിനെതിരെ മാത്രമാണ് പ്രതിഷേധം ഉള്ളതെന്ന് കത്തോലിക്ക കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. സിനിമയുടെ ഉള്ളടക്കം എന്ത് എന്നത് പ്രസക്തമല്ല. സിനിമയിൽ നല്ല കാര്യങ്ങളാണ് പറയുന്നത് എങ്കിലും ഈശോ എന്ന പേര് ഉപയോഗിക്കാൻ പാടില്ല എന്നാണ് കത്തോലിക്കാ കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. സിനിമയുടെ ട്രെയിലർ പുറത്തിറക്കിയപ്പോൾ അതിൽ തോക്കും രക്തവും ആണ് ഉള്ളത് എന്നും കത്തോലിക്ക കോൺഗ്രസ് നേതാക്കൾ പറയുന്നു. ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.
ആ സാഹചര്യത്തിൽ സിനിമ നിരോധിക്കണം എന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നതായി കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി. ഈ ആവശ്യമുന്നയിച്ചു കൊണ്ട് സെൻസർ ബോർഡിന് പരാതി നൽകിയതായി നേതാക്കൾ കൂട്ടിച്ചേർത്തു. സമീപകാലങ്ങളിൽ ആയി ക്രൈസ്തവ വിശ്വാസങ്ങൾക്കെതിരെ വലിയ ആക്രമണങ്ങളാണ് നടക്കുന്നത് എന്നും കത്തോലിക്ക കോൺഗ്രസ് പറയുന്നു. സിനിമാ മേഖലയിൽ ഇത് വ്യാപകമായി ഉയർന്നുവരുന്നുണ്ട്. സംവിധായകൻ നാദിർഷയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.