തലച്ചോറില്‍ വേദന അനുഭവിച്ചറിയാനുള്ള സംവിധാനങ്ങളുണ്ടെങ്കിലും മസ്തിഷ്കത്തിന് സ്വയം വേദനാനുഭവമില്ല. അതിന്റെ പുറത്ത് തൊട്ടാലും മുറിച്ചാലും മസ്തിഷ്കം വേദനയ്ക്കതീതമായി സ്ഥിതി ചെയ്യുന്നു. എന്നാല്‍ ശരീരത്തിന്റെ ഇതര അവയവങ്ങളിലുണ്ടാകുന്ന സ്പര്‍ശം, വേദന തുടങ്ങിയവ അറിയാനുള്ള സിദ്ധി തലച്ചോറിനുണ്ട്. തലച്ചോറിനെ ആവരണം ചെയ്തിരിക്കുന്ന ഡ്യൂറാമേറ്റര്‍ വേദന അറിയുന്ന തന്തുക്കളാല്‍ നിറഞ്ഞിരിക്കുന്നു. ഈ ഡ്യൂറാമേറ്ററിലുണ്ടാകുന്ന വീക്കമോ വലിച്ചിലോ വേദനയുണ്ടാക്കുന്നു. തലച്ചോറിന്റെ അടിഭാഗത്തുള്ള രക്തധമനികള്ക്കുചുറ്റും വേദന അറിയുന്ന ധാരാളം തന്തുക്കളുണ്ട്.
ഈ രക്തധമനികള്‍ക്കുണ്ടാകുന്ന വികാസ പരിവര്‍ത്തനങ്ങള്‍ തലവേദനയ്ക്കു കാരണമാകുന്നു. കഴുത്തിന്റെ പിന്‍ഭാഗത്തും തലയുടെ പിറകിലും വേദന അനുഭവിച്ചറിയുന്ന നിരവധി തന്തുക്കള്‍ സുലഭമായുണ്ട്. ഇവയില്‍നിന്നും തലവേദന ഉത്ഭവിക്കാം. തലയോട്ടിയുടെ പുറത്തുള്ള മാംസവ്യൂഹങ്ങള് അസാധാരണമായി ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്പോള്‍ തലവേദന അനുഭവപ്പെടാം. തലയോട്ടിക്കു ചര്‍മത്തില്‍ നിരവധി ധമനികള്‍ ഉണ്ട്. ഇവയെ പൊതിഞ്ഞ് വേദന അറിയുന്ന തന്തുക്കളുണ്ട്. ഈ ധമനികള്‍ക്കും അതുവഴി തന്തുക്കള്‍ക്കും ഏല്ക്കുന്ന ആഘാതങ്ങള്‍ തലവേദനയില്‍ കലാശിക്കാം.
മുലയൂട്ടുന്ന അമ്മമാര്‍ മൈഗ്രേനുള്ള മരുന്നു കഴിക്കുന്നതു കുഞ്ഞിനെ ബാധിക്കുമോ?
കൊഴുപ്പും മാംസ്യവും അന്നജവും പ്രത്യേക അനുപാതത്തില്‍ അടങ്ങിയിട്ടുള്ള ഒരു സമ്മിശ്രമാണ് മുലപ്പാല്‍. മുലയൂട്ടുന്ന അമ്മ ഒരുദിവസം 600 മില്ലി ലിറ്റര്‍ പാല് ഉത്പാദിപ്പിക്കുന്നു. ഈ അളവ് കുട്ടിക്ക് ആറുമാസം പ്രായമാകുന്പോള് 800 മില്ലിലിറ്ററായി വര്‍ധിക്കുന്നു. ഒരു കുട്ടിയുടെ പോഷണത്തിന് അനിവാര്യമായ വിധത്തില്‍ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്.
ഒരു ഔഷധം പാലിലൂടെ സഞ്ചരിക്കുന്നത്, അതു കൊഴുപ്പിലലിയുന്നതാണോ, മാംസ്യത്തോട് പറ്റിപ്പിടിക്കുമോ, ആ തന്മാത്രയുടെ ഭാരമെത്രയാണ് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ്. അമ്മ കഴിക്കുന്ന പല മരുന്നുകളുടെ അംശങ്ങള്‍ മുലപ്പാലില്‍ കാണാനാവും.സാധാരണയായി ആ അളവ് കുട്ടിക്കു ഹാനികരമല്ലാത്ത വിധത്തിലായിരിക്കും. അമ്മ കഴിക്കുന്ന മരുന്നിന്റെ അളവിന്റെ 1-2 ശതമാനം മാത്രമാണ് കുട്ടിക്കും അനുവദിച്ചിട്ടുള്ളത്. അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് നിര്‍ദേശിക്കുന്ന പ്രകാരം മുലയൂട്ടുന്ന അമ്മമാര്‍ക്കു കൊടുക്കുന്ന മരുന്നുകളുടെ കാര്യത്തില്‍ പ്രത്യേക നിബന്ധനകള്‍ നിഷ്കര്‍ഷിക്കുന്നുണ്ട്.
1. മരുന്ന് അത്യാവശ്യമാണോ?
2. അത്യാവശ്യമെങ്കില്‍ ഹാനികരമല്ലാത്ത ഔഷധം ഉപയോഗിക്കുക (ഉദാ. ആസ്പിരിന്‍ പകരം പാരസെറ്റാമോള്‍)
3. കുട്ടിക്കു ഹാനികരമാകാവുന്ന ഒൗഷധമാണ് മാതാവിന് കൊടുക്കുന്നതെന്ന് തെളിഞ്ഞാല്‍ (ഉദാ. ഫെനിറ്റോയിന്‍, ഫെനോബാര്ബിറ്റോള്) കുട്ടിയുടെ രക്തത്തിലെ മരുന്നിന്റെ അളവ് തിട്ടപ്പെടുത്തണം.
4. കുട്ടിക്കുണ്ടാകുന്ന അപകടാവസ്ഥയുടെ വെളിച്ചത്തില്‍ അത്യാവശ്യമില്ലാത്ത മരുന്നുകള്‍ മുലയൂട്ട് നിര്‍ത്തിയശേഷം മാത്രം തുടരുക.
മുലയൂട്ടുമ്പോൾ കൊടുക്കാവുന്നതും അല്ലാത്തതുമായ മരുന്നുകള്‍
മരുന്നുകള്‍ – മൂലയൂട്ടിനെ ബാധിക്കുന്ന രീതി
ആസ്പിരിന്‍ – ഹാനികരം
പാരസെറ്റാമോള്‍ – അപകടകരമല്ല
എന്എസ്എഐസി (ഉദാ. ബ്രൂഫേന്) -അപകടകരമല്ല
നാര്‍ക്കോട്ടിക് മരുന്നുകള്‍ -അപകടകരമല്ല
ബാര്‍ബിറ്ററേറ്റുകള്‍ -സൂക്ഷിക്കുക
ആന്റിഹിസ്റ്റമിനുകള്‍ – ഹാനികരം
ക്ലോര്‍ പ്രോമാസിന് – സൂക്ഷിക്കുക
എര്‍ഗോട്ടമിന്‍ -ഹാനികരം
സുമിസ്ട്രിപ്റ്റാന് – സൂക്ഷിക്കുക
ബീറ്റാബ്ലോക്കര്‍ -അപകടകരമല്ല
സ്റ്റിറോയിഡുകള്‍ – സൂക്ഷിക്കുക
കാര്ബമാസെപ്പിന് – അപകടകരമല്ല
കാല്‍സ്യം ബ്ലോക്കര്‍ – അപകടകരമല്ല.
വിവരങ്ങള്‍ – ഡോ. ശുഭ ജോര്‍ജ് തയ്യില്‍ MBBS, MIHS, MNHF(USA), ഹെഡ് എയ്ക് സ്പെഷലിസ്റ്റ്. വെണ്ണല, കൊച്ചി.