ഇന്ത്യ ബോക്സിംഗ് ഡേ ടെസ്റ്റില്‍ ശക്തമായ നിലയില്‍. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഓസ്ട്രേലിയയ്ക്ക് നാലു വിക്കറ്റ് മാത്രം ശേഷിക്കെ രണ്ടു റണ്‍സിന്റെ ലീഡാണുള്ളത്. മൂന്നാം ദിനം ബാറ്റിംഗ് അവസാനിപ്പിക്കുന്പോള്‍ 133/6 എന്ന നിലയിലാണ് ഓസീസ്. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 131 റണ്‍സിന്റെ ലീഡ് നേടിയിരുന്നു.40 റണ്‍സ് നേടിയ ഓപ്പണര്‍ മാത്യു വേഡാണ് നിലവില്‍ ഓസീസ് ടോപ് സ്കോറര്‍. ജോ ബേണ്‍സ് (4), മാര്‍നസ് ലബുഷെയ്ന് (28), സ്റ്റീവന്‍ സ്മിത്ത് (8), ട്രാവിസ് ഹെഡ് (17), ടിം പെയ്ന് (1) എന്നിവരാണ് പുറത്തായ മറ്റ് ഓസീസ് ബാറ്റ്സ്മാന്മാര്. 17 റണ്‍സുമായി കാമറൂണ്‍ ഗ്രീനും 15 റണ്‍സുമായി പാറ്റ് കമ്മിന്‍സും ക്രീസിലുണ്ട്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ രണ്ടും ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ആര്. അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 195 റണ്‍സിനു ശേഷം മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം 326 റണ്‍സെടുത്തു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 277 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് 17 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും നായകനെ നഷ്ടമായി. 112 റണ്‍സെടുത്ത രഹാനെ റണ്ണൗട്ടാവുകയായിരുന്നു. അര്‍ധസെഞ്ചുറി നേടിയതിനു പിന്നാലെ ജഡേജയും (57) മടങ്ങി. പിന്നീട് ഇന്ത്യക്കു തുടരെ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു.

49 റണ്‍സ് എടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് അവസാന അഞ്ചു വിക്കറ്റുകള്‍ നഷ്ടമായത്. രവീന്ദ്ര അശ്വിന് (14), ഉമേഷ് യാദവ് (9), ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (0) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്മാരുടെ സ്കോറുകള്‍. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിയോണും മൂന്നു വിക്കറ്റ് വീതം നേടി. പാറ്റ് കുമ്മിന്‍സ് രണ്ടു വിക്കറ്റ് വീഴ്ത്തി.ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയയെ ഇന്ത്യ 195 റണ്‍സിനു പുറത്താക്കാന്‍ ഇന്ത്യക്കായിരുന്നു. മാര്‍നസ് ലബുഷെയ്നായിരുന്നു (48) ഓസീസ് ടോപ്സ്കോറര്‍. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാലും ആര്. അശ്വിന് മൂന്നും വിക്കറ്റ് നേടി.