സജിൻ ബാബു സംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ ചിത്രമാണ് ബിരിയാണി. ഇതിനോടകം തന്നെ സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രം തീയേറ്ററുകളിലെത്തി മികച്ച അഭിപ്രായം നേടിയതിനു പിന്നാലെ ഓടിടി പ്ലാറ്റ്ഫോമുകളിലേക്കും എത്തിയതോടെ കൂടുതൽ പേർക്ക് സിനിമ കാണാൻ സാധിച്ചു. ചിത്രത്തിനും സംവിധായകനും നേരെ അഭിനന്ദനങ്ങൾക്കൊപ്പം തന്നെ വിവിധ തരത്തിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. ഇപ്പോഴിതാ ബിരിയാണിയുടെ സംവിധായകൻ സജിൻ ബാബു വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. സംവിധായകൻ പ്രതികരിച്ചത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്.
ചിത്രം ദേശീയ അവാർഡിൽ പ്രത്യേക ജൂറി പരാമർശം നേടിയതിന് പിന്നാലെയാണ് തീയറ്ററുകളിൽ റിലീസ് ചെയ്തത്. ഈ സിനിമ ചർച്ച ചെയ്യുന്നത് മുസ്ലിം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് കനി കുസൃതിയാണ്. നടി അവാർഡ് വാങ്ങാനെത്തിയപ്പോൾ നടത്തിയ പരാമർശവും ശ്രദ്ധ നേടിയിരുന്നു. ബിരിയാണി പറയുന്നത് മതപരമായ ദുരാചാരങ്ങൾക്കെതിരെ പോരാടുന്ന ഖദീജയെന്ന സ്ത്രീയുടെ കഥയാണ്. ബിരിയാണി നേരത്തേ തന്നെ നിരവധി അന്താരാഷ്ട്ര ചലചിത്ര മേളകളിൽ അവാർഡുകൾ സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും സജിൻ ബാബു തന്നെയാണ് എഴുതിയത്. ഛായാഗ്രഹണം നിർവഹിച്ചത് കാർത്തിക് മുത്തുകുമാറാണ്. സംഗീത സംവിധാനം ലിയോ ടോം. ചിത്രത്തിൽ ഈയിടെ അന്തരിച്ച അനിൽ നെടുമങ്ങാടും ഒരു പ്രധാന വേഷം ചെയ്തിരുന്നു.
ബിരിയാണി കണ്ടതിനു ശേഷം നിന്റെ അമ്മയെയോ, ഭാര്യയെയോ, പെങ്ങളെയോ, മകളെയോ ഇങ്ങനെ അഭിനയിപ്പിക്കുമോടാ എന്ന് ചോദിച്ചു കൊണ്ട് പലരും മെസ്സേജുകളും, കമന്റ്കളും അയക്കുന്നുണ്ട്. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. എന്റെ കുടുംബത്തിനകത്തോ, പുറത്തോ ആയിട്ട് എന്റെ ഒപ്പമുള്ള സ്ത്രീകളുടെ ജീവിത രീതിയിലോ, വസ്ത്ര ധാരണത്തിലോ, ലൈംഗികതയിലോ ഉള്ള തെരഞ്ഞെടുപ്പ് എന്റെ അധികാര പരിധിയിൽ അല്ല. അതിൽ കൈ കടത്തൽ എന്റെ അവകാശവുമല്ല. അപ്പോൾ ഗുഡ് നൈറ്റ് എന്നാണ് സജിൻ ബാബു ഫേസ്ബുക്കിൽ കുറിച്ചത്. അൻപതിലേറെ ചലചിത്ര മേളകളിൽ പ്രദർശിപ്പിച്ച ബിരിയാണിക്ക് ഇരുപതിലധികം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ചിത്രത്തിന് ഐഎഫ്എഫ്കെയിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. റോമിലെ ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിച്ചപ്പോൾ തന്നെ മികച്ച സിനിമക്കുള്ള നെറ്റ്പാക് അവാർഡ് സ്വന്തമാക്കി. സജിൻ ബാബു ഇതിന് മുൻപ് അസ്തമയം വരെ, അയാൾ ശശി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.