മലയാളക്കര ഏറെ ഞെട്ടലോടെയാണ് കൊല്ലം സുധി എന്ന അതുല്യ കലാകാരന്റെ വിയോഗ വാർത്ത കേട്ടത്. ജൂൺ അഞ്ചിന് പുലർച്ചെ നാലരയോടെ കയ്‍പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അപകടത്തിൽ പരിക്കേറ്റ ബിനു അടിമാലി ആരോഗ്യം വീണ്ടെടുക്കുകയാണ്.
വാഹനാപകടത്തിൽ പരിക്കേറ്റ മറ്റൊരു താരമാണ് മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ. വിനീത് ശ്രീനിവാസൻ ഉൾപ്പടെ നിരവധി താരങ്ങളുടെ ശബ്ദം അനുകരിച്ച് ഏറെ ശ്രദ്ധേയനായി മാറിയ ആളാണ് മഹേഷ്. അപകടത്തിന് സംഭവിച്ചതിനു പിന്നാലെ നിരവധി സർജറികൾക്ക് ശേഷം ഇപ്പോൾ താരം ആരോഗ്യം വീണ്ടെടുക്കുകയാണ്. മുറിവുകളെല്ലാം ഉണങ്ങി തുടങ്ങി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു താരം. താൻ പഴയതിലും ഊർജ്ജസ്വലനായി തിരിച്ചു വരുമെന്നും തന്നെ സ്നേഹിക്കുന്നവർ വിഷമിക്കരുതെന്നും അടുത്തിടെ മഹേഷ് കുഞ്ഞുമോൻ പറഞ്ഞിരുന്നു.
ഇപ്പോഴിതാ മഹേഷിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ബിനു അടിമാലി. സുധിയുടെ ജീവനെടുത്ത അപകടത്തിൽ ബിനു അടിമാലിയും ഉണ്ടായിരുന്നു. അടുത്തിടെ ആണ് ബിനു ആശുപത്രി വിട്ടത്. മഹേഷിനെ കാണാനായി വീട്ടിൽ എത്തിയതായിരുന്നു ബിനുവും കൂട്ടരും. വേദനകൾക്കിടയിലും പുഞ്ചിരിച്ച് നിൽക്കുന്ന മഹേഷിന്റെ ഫോട്ടോയാണ് ബിനു പങ്കുവച്ചിരിക്കുന്നത്. ‘മോനെ നീ എത്രയും പെട്ടന്ന് സുഖം ആയിട്ട് വരട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാത്ഥന കൂടെ ഉണ്ടാകും’, എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം ബിനു അടിമാലി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ബിനുവും മഹേഷും ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരാൻ ആശംസകളുമായി രംഗത്തെത്തിയത്.