നാദിർഷ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈശോ. ഈ ചിത്രത്തിന് മുൻപേ തന്നെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ചിത്രത്തിന് ഈശോ എന്ന് പേര് നല്‍കിയത് വിവാദമായിരുന്നു. ക്രിസ്ത്യന്‍ മതവികാരത്തെ വൃണപ്പെടുത്തുന്നതാണിത് എന്നാണ് ആരോപണം. ഇതിന് പ്രതികരണവുമായി സംവിധായകൻ നാദിര്‍ഷ രംഗത്തെത്തുകയും നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ശ്രദ്ധേയമാവുന്നത് സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ബിനീഷ് ബാസ്റ്റിന്‍ പങ്കുവെച്ച കുറിപ്പാണ്. ബിനീഷ് ബാസ്റ്റിന്‍ ചിത്രത്തിന്റെ സംവിധായകനായ നാദിര്‍ഷയെ പിന്തുണച്ചുകൊണ്ടാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.
ടീമേ, നാദിര്‍ഷയ്‌ക്കൊപ്പം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈശോ എന്ന പേരില്‍ വലിയ വിവാദം നടന്നുകൊണ്ടിരിക്കുകയാണ്. നാദിര്‍ഷയുടെ ജയസൂര്യ നായകനായ ചിത്രം ആണ് ഇതിന് അടിസ്ഥാനവും ആധാരവും. ഈശോയെ ഒരു മതത്തിന്റെ ആളാക്കി കാണിക്കാന്‍ ആണ് ചില അച്ഛന്മാരും, ക്രൈസ്തവ സ്‌നേഹികള്‍ എന്ന് സ്വയം നടിക്കുന്നവരും ശ്രമിക്കുന്നത്. എന്നാല്‍ ഈ മഹാന്മാര്‍ ഒരു സത്യം മനസ്സിലാക്കണം ഈശോ ഒരു മതത്തിന്റെയും ആളല്ല. കാരണം, ഞങ്ങളുടെ നാട് തന്നെയാണ് അതിന് ഉദാഹരണം. സാധാരണ ഞങ്ങളുടെ നാട്ടില്‍ ഈശോ ജോര്‍ജേട്ടന്‍ ഉണ്ട് ഈശോ ഗണേഷ് ഉണ്ട്. ഈശോ റംസാന്‍ ഉണ്ട്. ഈശോ എന്നുള്ള പേര് ഇവരുടെ മുന്നില്‍ എല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. ഇവരൊക്കെ കള്ള് കുടിച്ചാല്‍ യേശുക്രിസ്തു ക്രൂശില്‍ ഏറുന്നത് പോലെയാണ്. മനസിലായില്ല അല്ലേ, എന്നാല്‍ മനസിലാകുന്ന രീതിയില്‍ പറയാം മൂന്നാം നാളെ എഴുന്നേല്‍ക്കൂ. അതുകൊണ്ടാണ് ഇവര്‍ക്ക് ഈശോ എന്നുള്ള പേര് വന്നത്.
എന്തായാലും എന്റെ കുറിപ്പ് വിവാദമാക്കാന്‍ ഒന്നും ആരും ഇങ്ങോട്ട് വരണ്ട. കാരണം ഇതും പൊക്കിപ്പിടിച്ച് ഇങ്ങോട്ടേക്ക് വന്നുകഴിഞ്ഞാല്‍ ഈശോ റംസാനും ഈശോ ഗണേശും ഈശോ ജോര്‍ജേട്ടന്‍ എല്ലാം വിശദീകണവുമായി വരും. കാരണം ഈ ഈശോമാര് മൂന്നുപേരും കള്ളുഷാപ്പില്‍ ഇരുന്ന് ഒരുമിച്ച് കള്ളു കുടിക്കുന്ന ആളുകളാണ്. അപ്പോള്‍ ഈശോ എന്നുള്ള പദത്തിന് വലിയ മതേതരത്വവും, ജനാധിപത്യവും കള്ള് ഷാപ്പിലൂടെയാണ് നടപ്പിലാകുന്നത് അല്ലെങ്കില്‍ ബെസ്റ്റ് ആക്ടര്‍ സിനിമയില്‍ മമ്മൂക്ക പറയുന്നതുപോലെ അധികം മോഡിഫിക്കേഷനും ഡെക്കറേഷനും ഒന്നും വേണ്ട ഈശോ എല്ലാവരുടെയും ആളാണ്. കാരണം, കള്ളുകുടിച്ച് മൂന്നാംനാള്‍ എണീക്കുന്ന ആളെയും ഈശോ എന്നാണ് ഞങ്ങള്‍ വിളിക്കുന്നത് എന്നായിരുന്നു ബിനീഷ് ബാസ്റ്റിൻ കുറിച്ചത്.