എനിക്കുവേണ്ടി വോട്ട് ചെയ്‍ത നിങ്ങളുടെ വിജയമാണ് ഇത്: ബിഗ് ബോസ് ടൈറ്റിൽ വിജയി മണിക്കുട്ടൻ പറയുന്നു!

മലയാളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന മിനിസ്ക്രീൻ പരിപാടികളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഒന്നാണ് ബിഗ് ബോസ്. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ബിഗ്‌ബോസ് സീസൺ മൂന്നിന്റെ വിജയിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരുപാട് ആരാധകരുള്ള മണിക്കുട്ടൻ തന്നെയാണ് സീസണ്‍ 3 ടൈറ്റില്‍ വിജയിയായത്. വിജയിയെ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പ് എന്ത് തോന്നുന്നു എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് മണിക്കുട്ടൻ നൽകിയ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ഒരു അംഗീകാരത്തിനുവേണ്ടി സിനിമയില്‍ ഞാന്‍ കഷ്‍ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതുവരെ എനിക്ക് ഒന്നും കിട്ടിയിട്ടില്ല. ഇന്ന് ഇവിടെ നില്‍ക്കുന്ന ഈ അവസരം ഒരു വലിയ അംഗീകാരം കിട്ടിയതുപോലെയാണ്. അതിന് ദൈവത്തിനോടാണ് നന്ദി പറയേണ്ടത് എന്ന് മണിക്കുട്ടൻ പറഞ്ഞു.

ഇതിന് പിന്നാലെയാണ് മണിക്കുട്ടനെ വിജയിയായി മോഹന്‍ലാൽ പ്രഖ്യാപിച്ചത്. പിന്നീട് മണിക്കുട്ടൻ സംസാരിക്കുകയായിരുന്നു. ഒരുപാടുപേരുടെ കാര്യം ഈ സമയത്ത് ഞാന്‍ പറയേണ്ടതുണ്ട്. ആദ്യം പറയേണ്ടത് എന്‍റെ കൂടെയുള്ള മത്സരാര്‍ഥികളോടാണ്. കാരണം ഇത് ഒരു ഒത്തൊരുമയുടെ വിജയമായിരുന്നു. ബിഗ് ബോസിലെ ടാസ്‍കുകളിലൊന്നും ഒറ്റയ്ക്ക് ജയിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. എല്ലാ മത്സരങ്ങള്‍ വരുമ്പോഴും ഒന്നിച്ചുനിന്ന് മുന്നോട്ടുപോകാനേ ഞാന്‍ ശ്രമിച്ചിട്ടുള്ളൂ എന്ന് മണിക്കുട്ടൻ പറഞ്ഞു.

എന്നും എന്‍റെ സ്വപ്‍നം സിനിമ തന്നെയാണ്. സിനിമയില്‍ എന്തെങ്കിലുമൊക്കെ ആവണം. ലോക്ക് ഡൗണ്‍ വന്ന സമയത്ത് ജീവിതം അത്ര പ്രശ്‍നമായപ്പോഴാണ് ബിഗ് ബോസിലേക്ക് എത്തിപ്പറ്റിയത്. ഇതുവരെ എത്തിപ്പെടുമെന്ന് ഒരിക്കലും വിചാരിച്ചില്ല. എനിക്കുവേണ്ടി വോട്ട് ചെയ്‍ത എല്ലാവര്‍ക്കും നന്ദി. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ഒരിക്കലും സജീവമായിരുന്നില്ല. ആരും അങ്ങനെ പിആര്‍ വച്ചിട്ടല്ല ഇവിടെ വരുന്നത്. എനിക്കും അങ്ങനെ ഇല്ലായിരുന്നു. പക്ഷേ അവര്‍ അങ്ങനെ പഴി കേട്ടു. എന്നിട്ടും രാത്രിയും പകലും ഇല്ലാതെ കൊവിഡ് സമയം ആയിരുന്നപ്പോള്‍ പോലും, ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളപ്പോള്‍ പോലും, നെറ്റ് റീചാര്‍ജ് ചെയ്‍ത് ഹോട്ട്സ്റ്റാര്‍ ഡൗണ്‍ലോഡ് ചെയ്‍ത്, എനിക്കുവേണ്ടി വോട്ട് ചെയ്‍ത നിങ്ങളുടെ വിജയമാണ് ഇത്. അതിന് നിങ്ങളോടെല്ലാവരോടുമുള്ള പ്രത്യേക നന്ദി ഞാന്‍ അറിയിക്കുകയാണ് എന്നും മണിക്കുട്ടൻ കൂട്ടിച്ചേർത്തു.

എല്ലാറ്റിലുമുപരി എന്‍റെ ലാല്‍സാര്‍. ബിഗ് ബോസിലേക്ക് വരുമ്പോള്‍ അമ്മയും പപ്പയും പറഞ്ഞിരുന്നു, സാറിനെ വിഷമിപ്പിക്കരുത്. സാറില്‍ നിന്നും വഴക്ക് കേള്‍ക്കുന്ന ഒരു സംഭവം ഒരിക്കലും ഉണ്ടാക്കരുതെന്നും. പരമാവധി ഞാന്‍ അതിന് ഞാന്‍ ശ്രമിച്ചിട്ടുണ്ട്. കൊവിഡ് സമയത്ത് എന്നെ വിളിക്കുകയും എന്‍റെ മാതാപിതാക്കളുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്‍ത ഒരു വ്യക്തിയാണ് അദ്ദേഹം. ഒരുപാട് ആരാധനയോടെ ദൈവത്തെപ്പോലെ ഞാന്‍ മനസ്സില്‍ ചേര്‍ത്തുവച്ചിരിക്കുന്ന ഒരു വ്യക്തിയാണ്. ഇനിയും എനിക്ക് സിനിമയില്‍ ഒരുപാട് യാത്ര ചെയ്യണം. നിങ്ങള്‍ എന്നെ ഇനിയും സഹായിക്കണം. എല്ലാവര്‍ക്കും നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് മണിക്കുട്ടന്‍ അവസാനിപ്പിച്ചത്.

Related posts