BY AISWARYA
തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു. 80 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തിലധികം പാട്ടുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. 1941 ഫെബ്രുവരി 13ന് സി ജെ ഭാസ്‌കരന്‍ നായരുടെയും ശാസ്തമംഗലം പട്ടനിക്കുന്ന് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും മകനായാണ് ബിച്ചു തിരുമല ജനിച്ചത്. ബി ശിവശങ്കരന്‍ നായര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. സംവിധായകന്‍ എം കൃഷ്ണന്‍നായരുടെ സഹസംവിധായകനായാണ് അദ്ദേഹം സിനിമാരംഗത്തെത്തുന്നത്. 1972 ഭജ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്ര ഗാനരംഗത്തേക്ക് കടന്നുവരുന്നത്. പക്ഷെ ആദ്യ ചിത്രമായ ഭജഗോവിന്ദം റിലീസായില്ല.പിന്നീട്, നടന്‍ മധു നിര്‍മ്മിച്ച ‘അക്കല്‍ദാമ’ യാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യചിത്രം.അതിന് ശേഷം, നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനരചന നിര്‍വ്വഹിച്ചു.
അദ്ദേഹത്തിന്റെ സുവര്‍ണകാലഘട്ടമായി കണക്കാക്കുന്ന എഴുപതുകളിലും എണ്‍പതുകളിലും ശ്യാം, എ ടി ഉമ്മര്‍, രവീന്ദ്രന്‍, ജി ദേവരാജന്‍, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേര്‍ന്ന് നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു. അതിന് പുറമെ എ ആര്‍ റഹ്‌മാന്‍ മലയാളത്തില്‍ സംഗീതം ചെയ്ത യോദ്ധയിലെ ഗാനങ്ങള്‍ എഴുതിയതും അദ്ദേഹമാണ്.1981ലും 1991ലും മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ആദ്യ കവിതാസമാഹാരമായ ‘അനുസരണയില്ലാത്ത മനസ്സിന്’ 1990ലെ വാമദേവന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1981ലെ റീജിയണല്‍ പനോരമ ഫിലിം സെലക്ഷന്‍ ജൂറിയില്‍ അംഗമായിരുന്നു.
പിന്നണി ഗായക സുശീലാദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമന്‍, വിജയകുമാര്‍ ഡോ ചന്ദ്ര, ശ്യാമ എന്നിവരാണ് സഹോദരങ്ങള്‍. പ്രസന്നയാണ് ഭാര്യ. ഏക മകന്‍ സുമന്‍.