ഭ്രമത്തിൽ നിന്നും അഹാനയെ ഒഴിവാക്കാൻ ഉള്ള കാരണം ഇതോ?

പുതിയ ചിത്രമായ ഭ്രമത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. രവി കെ ചന്ദ്രൻ സംവിധാനവും ഛായാഗ്രാഹണവും നിര്‍വഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും ഉണ്ണി മുകുന്ദനും മംമ്ത മോഹന്‍ദാസും ആണ് പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ നിര്‍മ്മാതാക്കളായ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ് ഇപ്പോൾ സിനിമയിലെ താരനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ നിന്നും യുവതാരം അഹാന കൃഷ്ണയെ ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകള്‍ മുന്‍നിര്‍ത്തിയാണ് എന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിലൊരു വാര്‍ത്ത ഭ്രമത്തെക്കുറിച്ചാണ് എങ്കില്‍ ആ ആരോപണം ശരിയല്ലെന്നാണ് വിശദീകരണം. ഭ്രമം എന്ന ചിത്രത്തിലെ താരനിര്‍ണ്ണയത്തെക്കുറിച്ച് വ്യക്തമാക്കിയത് രവി കെ ചന്ദ്രന്‍, സിവി സാരഥി, ബാദുഷ എന്‍എം, വിവേക് രാമചന്ദ്രന്‍, ശരത് ബാലന്‍ എന്നിവരാണ്.

Ahaana shares 'matrimonial profile picture'; fans request her not to get  married | Ahaana Krishnakumar| Ahaana Krishnakumar

“ഞങ്ങൾ നിർമ്മിക്കുന്ന ഭ്രമം എന്ന സിനിമയിൽ അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലോ ടെക്നിഷ്യൻമാരെ നിർണ്ണയിക്കുന്നതിലോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പരിഗണനകൾ ഇല്ല എന്ന് ആദ്യം തന്നെ വ്യക്തമാക്കുന്നു. അഹാനയെ സിനിമയിൽ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന വാർത്ത ഇന്ന് ചില മാധ്യമങ്ങളിൽ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഞങ്ങൾ നിർമ്മിച്ച ഭ്രമം എന്ന സിനിമയാണ് ഈ വാർത്തയിൽ ഉദ്ദേശിച്ച ചിത്രം എങ്കിൽ ആ ആരോപണത്തെ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ് ശക്തമായി നിഷേധിക്കുന്നു. സിനിമയുടെ സംവിധായകനും, എഴുത്തുകാരനും, ക്യാമറമാനും, നിർമ്മാതാക്കളും മാത്രമാണ് ഒരു സിനിമയിൽ കഥാപാത്രത്തിന് അനിയോജ്യമായ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത്. ഞങ്ങൾ അഹാനയെ പരിഗണിച്ചുവെന്നത് ശരിയാണ്, എന്നാൽ ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലിനും ശേഷം മാത്രമായിരിക്കും അവസാന തീരുമാനം എന്നും ഞങ്ങൾ അഹാനയെ അറിയിച്ചിരുന്നു. നിർമ്മാതാക്കൾ എന്ന നിലയിൽ അതുവരെ ഈ സിനിമയിൽ പരിഗണിച്ച കാര്യം പുറത്തു പറയരുത് എന്നും ഞങ്ങൾ അവരെ അറിയിച്ചിരുന്നു.

2021 ജനുവരി 10ന് അഹാനയുടെ ക്യാമറ ടെസ്റ്റും കോസ്റ്റ്യൂം ട്രയലും നടത്തി. കോസ്റ്റ്യൂം ട്രയലിന്റെ ചിത്രങ്ങൾ കണ്ട ശേഷം അഹാന ഈ കഥാപാത്രത്തതിനു അനുയോജ്യ അല്ല എന്ന നിഗമനത്തിൽ സംവിധായകനും എഴുത്തുകാരനും നിർമ്മാതാക്കളും എത്തിയിരുന്നു. അഹാനയെ വിളിച്ച് ഔദ്യോഗികമായി ഈ വിവരം അറിയിക്കുകയും ക്ഷമാപണം നടത്തുകയും അടുത്ത പ്രോജക്ടിൽ ഒന്നിച്ച് പ്രവർത്തിക്കാം എന്ന് പറയുകയും ചെയ്തു. ഇത് തികച്ചും തൊഴിൽപരമായ തീരുമാനമാണെന്നും അതിൽ രാഷ്ട്രീയ പ്രേരണ കലർന്നിട്ടില്ലെന്നും ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. 25 വർഷമായി സിനിമയിൽ പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ. ഞങ്ങളുടെ തൊഴിലിടമാണ് സിനിമ. ജാതി, മതം, വംശീയം, വർണ്ണം, ലിംഗഭേദ്, കക്ഷി രാഷ്ട്രീയം എന്നീ ഒരു വിവേചനങ്ങളും ഞങ്ങളുടെ തൊഴിലിടങ്ങളിൽ ഉണ്ടാവാതിരിക്കാൻ എന്നും ശ്രദ്ധിക്കാറുണ്ട്, ഉറപ്പുവരുത്താറുണ്ട്. അത് തന്നെ ആയിരിക്കും ഇനിയും ഞങ്ങളുടെ നയം.

 

ഞങ്ങളുടെ തൊഴിലിടങ്ങളെ ഇത്തരം വിവേചനങ്ങളിലേക്ക് ആരുടെ എന്ത് താത്പര്യങ്ങൾക്ക് വേണ്ടിയാണെങ്കിലും വലിച്ചിഴക്കരുത് എന്ന് ഞങ്ങൾ താഴ്മയായി അഭ്യർത്ഥിക്കുന്നു, അപേക്ഷിക്കുന്നു. ഒരു കാര്യം കൂടെ ഈ കത്തിന്റെ അവസാനം കൂട്ടിച്ചേർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഭ്രമത്തിന്റെ കാസ്റ്റിംഗ് തീരുമാനങ്ങളുമായി പൃഥ്വിരാജ് സുകുമാരനോ ഭ്രമം സിനിമ ടീമിലെ മറ്റ് അംഗങ്ങൾക്കോ യാതൊരു ബന്ധവുമില്ലെന്ന് ഞങ്ങൾ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു.” ഭ്രമം ടീമിന്റെ വിശദീകരണക്കുറിപ്പ് ഇങ്ങനെയായിരുന്നു.

 

Related posts