പിന്നീടൊരിക്കലും ഭര്‍ത്താവിനെയും മകനെയും കാണാന്‍ കഴിയില്ല എന്ന് തോന്നി! കടന്നു പോയ ദിവസങ്ങളെ കുറിച്ച് ബീന ആന്റണി!

ടിവി സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകപ്രീതി നേടിയ നടിയാണ് ബീന ആന്റണി. താരത്തിന് കോവിഡ് ബാധിച്ച വിവരം ബീന ആന്റണിയുടെ ഭര്‍ത്താവും നടനുമായ മാനോജ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. വീഡിയോയിലൂടെയാണ് അദ്ദേഹം ഈ കാര്യം പുറത്ത് വിട്ടത്. ബീന കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ആണെന്നും നടിയുടെ അവസ്ഥ ഗുരുതരമാണെന്നുമാണ് പറഞ്ഞിരുന്നത്. ഈ വാർത്ത അറിഞ്ഞതോടെ താരത്തിന്റെ ആരാധകർ തങ്ങളുടെ പ്രിയ നടിക്കായുള്ള പ്രാര്‍ത്ഥനയിലായിരുന്നു. അതിനുശേഷം താരത്തിന്റെ രോഗം ഭേദമായി ആരോഗ്യം വീണ്ടെടുത്തിരുന്നു. ഇപ്പോള്‍ ബീന ആന്റണി പറയുന്നത് തനിക്ക് രോഗം ഗുരുതരമാകാന്‍ കാരണമായത് ആശുപത്രിയില്‍ എത്താതിരുന്നതാണെന്നാണ്. തനിക്കും മറ്റുപലരെയും പോലെ വേഗം രോഗം ഭേദമാകും എന്ന ചിന്തയായിരുന്നു ആശുപത്രിയില്‍ പോകാതെ വീട്ടില്‍ തുടരാന്‍ കാരണം. കോവിഡ് വന്നാലുടന്‍ എല്ലാവരും ആശുപത്രിയില്‍ പോകണമെന്നും അസുഖം അത്ര നിസാരമല്ലെന്നും ബീന ആന്റണി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ബീന ആന്റണി തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.

As Beena Antony Fights COVID-19, Husband Manoj Shares An Emotional Video

ഒരു സീരിയലിന്റെ ലൊക്കേഷനില്‍ നിന്നാണ് എനിക്ക് കോവിഡ് ബാധിച്ചത്. അവിടെ മറ്റൊരു ആര്‍ടിസ്റ്റിന് കോവിഡ് ബാധിച്ചിരുന്നു. പിറ്റേദിവസം എനിക്കും തലവേദന തുടങ്ങി. എനിക്കും കോവിഡ് ആയിരിക്കും എന്ന് ഉറപ്പായിരുന്നു. എന്റെ സഹോദരിക്കും മകനും കോവിഡ് വന്നപ്പോള്‍ അവര്‍ വീട്ടില്‍ തന്നെയാണ് കിടന്നത്. ഏഴു ദിവസത്തിന് ശേഷം അവര്‍ക്ക് അസുഖം ഭേദമായി. എനിക്കും അതുപോലെ ആയിരിക്കും എന്ന് കരുതി. പനിയുടെ മരുന്നുകള്‍ കഴിച്ചു വീട്ടില്‍ മറ്റൊരു റൂമിലേക്ക് മാറി ഐസൊലേഷനില്‍ ആയി. പക്ഷേ മരുന്ന് കഴിച്ചിട്ടും പനി കുറയുന്നില്ല, ക്ഷീണം കൂടിക്കൂടി വന്നു. പള്‍സ് ഓക്‌സിമീറ്ററിലെ റീഡിങ് നോക്കുന്നുണ്ടായിരുന്നു. ആറുദിവസം കഴിഞ്ഞിട്ടും എനിക്ക് ഒരു കുറവും വന്നില്ല. ക്ഷീണം കൂടി ഒരടി നടക്കാന്‍ വയ്യാതായി, ശ്വാസം മുട്ട്, കിതപ്പ് എന്നിവയും തുടങ്ങി. ആശുപത്രിയില്‍ വിളിച്ച് റൂം ബുക്ക് ചെയ്‌തെങ്കിലും എനിക്ക് പോകാന്‍ തോന്നിയില്ല, കാരണം എന്റെ സഹോദരിയുടെ ഒരു മകന്‍ കോവിഡ് വന്നു മരിച്ചിട്ട് അധികം നാളായിട്ടില്ല. ഇരുപത്തിമൂന്ന് വയസ്സുമാത്രം പ്രായമുള്ള അവന്‍ ആശുപത്രിയില്‍ ഞങ്ങളില്‍ ആരെയും കാണാന്‍ കഴിയാതെ കിടന്നു. പിന്നെ മടങ്ങി വന്നില്ല. അവനെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ആ ഒരു ഷോക്ക് ഞങ്ങളെ പിടിച്ചുലച്ചിരുന്നു.

Actress Beena Antony hospitalised for COVID-19; Husband Manoj shares an  emotional video - Malayalam News - IndiaGlitz.com

ഞാനും ആശുപത്രിയില്‍ ആയാല്‍ പിന്നെ മടങ്ങി വരുമോ എന്നുള്ള ചിന്ത, പിന്നീടൊരിക്കലും ഭര്‍ത്താവിനെയും മകനെയും കാണാന്‍ കഴിയില്ല എന്ന് തോന്നി. പക്ഷേ പിന്നെ പള്‍സ് ഓക്‌സിമീറ്ററില്‍ റീഡിങ് 90ല്‍ താഴേക്ക് പോയി. ശ്വാസം കിട്ടാത്ത അവസ്ഥ ആയി. അപ്പോഴേക്കും മനുവിന് അപകടം മണത്തു. ആശുപത്രിയില്‍ വിളിച്ച് എല്ലാം അറേഞ്ച് ചെയ്തു. വണ്ടിയില്‍ കയറാന്‍ പോലും വയ്യാത്ത അവസ്ഥയായിരുന്നു. ആശുപത്രിയില്‍ ചെന്നപ്പോള്‍ വേഗം തന്നെ എന്നെ അഡ്മിറ്റ് ആക്കി. അപ്പൊത്തന്നെ മരുന്നുകള്‍ തുടങ്ങി. ടെസ്റ്റ് ചെയ്തപ്പോള്‍ അപ്പോഴും കോവിഡ് പോസിറ്റീവ് ആയിരുന്നു. ശ്വാസം കിട്ടാതെ ഓക്‌സിജന്‍ സപ്പോര്‍ട്ട് വേണ്ടി വന്നു. എന്നോട് അവര്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല, പക്ഷേ മനുവിനെ വിളിച്ച് മറ്റെവിടെങ്കിലും ബെഡ് ഒഴിവുണ്ടോ എന്ന് അന്വേഷിക്കാന്‍ പറഞ്ഞു, നില കൂടുതല്‍ വഷളായാല്‍ മാറ്റേണ്ടി വരും എന്ന് പറഞ്ഞത്രേ. എനിക്ക് കോവിഡ് ന്യൂമോണിയ ആയിക്കഴിഞ്ഞിരുന്നു. അതിനുള്ള മരുന്നും രക്തം കട്ടപിടിക്കാനുള്ള മരുന്നും തന്നു തുടങ്ങി. എന്റെ പ്രതീക്ഷ നശിച്ചു തുടങ്ങിയിരുന്നു. ഓക്‌സിജന്‍ മാസ്‌ക് വച്ചിട്ടും ശ്വാസം മുട്ടുന്നുണ്ടായിരുന്നു. മകനെയും ഭര്‍ത്താവിനെയും ബാക്കി വേണ്ടപ്പെട്ടവരെയും ഓര്‍ത്തപ്പോള്‍ ചങ്കിടിപ്പ് കൂടി. മറ്റൊന്നും ചെയ്യാനില്ലായിരുന്നു എല്ലാം വിധിക്ക് വിട്ടുകൊണ്ടാണ് ഞാന്‍ പിന്നീടുള്ള ദിവസങ്ങള്‍ കഴിഞ്ഞത്.

Manoj Nair , Beena Antony, and Aaromal

പക്ഷേ എന്തോ അത്ഭുതം സംഭവിച്ചു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എന്റെ നിലയില്‍ മാറ്റം വന്നു. ഞാന്‍ സീരിയസ് ആയി കിടന്നപ്പോഴാണ് മനു വിഡിയോയില്‍ എന്റെ അവസ്ഥ പറഞ്ഞത്. എല്ലാവരുടെയും പ്രാര്‍ത്ഥനയുടെ ശക്തിയായിരിക്കും രണ്ടു ദിവസം കൊണ്ട് എന്റെ ഓക്‌സിജന്‍ മാസ്‌ക് ഒക്കെ മാറ്റാന്‍ കഴിഞ്ഞു. ന്യൂമോണിയയും കുറഞ്ഞു തുടങ്ങി. എല്ലാം ഒരു അദ്ഭുതം പോലെ തോന്നുന്നു. കോവിഡ് ബാധിച്ച പലരും കണ്മുന്നില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. എന്റെ മകന്റെയും ഭര്‍ത്താവിന്റെയും ഭാഗ്യമാകാം ഞാന്‍ ഒരു കുഴപ്പവും കൂടാതെ തിരികെ എത്തിയത്. ആശുപത്രിയില്‍ പോകുമ്പോള്‍ ഇനി തിരികെ വീട്ടിലേക്ക് ഉണ്ടോ എന്നൊക്കെ ഞാന്‍ ചിന്തിച്ചിരുന്നു. പോകുമ്പോള്‍ മകനെ ഒന്ന് തൊടാനോ ഒരു ഉമ്മ കൊടുക്കാനോ, കയ്യില്‍ പിടിക്കാനോ പോലും പറ്റിയില്ല. വീട്ടില്‍ ഇരിക്കുന്ന അവരുടെ അവസ്ഥയും വളരെ മോശം ആയിരുന്നു. മനു കുട്ടിയോട് ഒന്നും പറയാതെ എല്ലാം മനസ്സിലൊതുക്കി. എല്ലാവരുടെയും പ്രാര്‍ത്ഥന കാരണമാണ് എനിക്ക് എളുപ്പം രോഗം ഭേദമായത്.

 

Related posts