മിനിസ്ക്രീൻ ബിഗ്‌സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ബീന ആന്റണിയും മനോജ് കുമാറും. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരേപോലെ തിളങ്ങി നില്‍ക്കുകയാണ് ഇരുവരും. ഗോഡ്‌ഫാദർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് ബീന ആന്റണി മലയാള സിനിമയിൽ എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിരുന്നു. മനൂസ് വിഷന്‍ എന്ന യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങല്‍ പങ്കുവെച്ച് മനോജ് കുമാര്‍ രംഗത്ത് എത്താറുണ്ട്. കഴിഞ്ഞു പോയ വര്‍ഷം താര കുടുംബത്തിന് അത്ര സുഖകരമായ ഓര്‍മകള്‍ ആയിരുന്നില്ല സമ്മാനിച്ചത്. നിരവധി വെല്ലുവിളികള്‍ നേരിടേണ്ടതായി വന്നു. എന്നാല്‍ തളരാതെ ഇവര്‍ ഒരുമിച്ച് അതെല്ലാം നേരിട്ടു.
ബീന ആന്റണിക്ക് കോവിഡ് പിടി പെടുകയായിരുന്നു. കോവിഡ് പിടിപെട്ട് അവസ്ഥ ഗുരുതരമായി. മരണത്തെ മുഖാമുഖം കണ്ടുവെന്ന് വ്യക്തമാക്കി ബീന തന്നെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിത അന്ന് കടന്നുപോയ വെല്ലുവിളികള്‍ നിറഞ്ഞ നിമിഷത്തെ കുറിച്ച് പറയുകയാണ് ബീന ആന്റണിയും മനോജും. പടം തരും പണം എന്ന ഷോയിലാണ് താരദമ്പതികള്‍ ഇക്കാര്യം പറഞ്ഞത്. മനോജിന്റെ വാക്കുകള്‍ ഇങ്ങനെ, ‘ അസുഖം മാറുമെന്ന് കരുതി ആറു ദിവസം ബീന വീട്ടില്‍ തന്നെ ഇരുന്നു. മരുന്നൊക്കെ കഴിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പനി മാറുന്നില്ല. ഈ സമയത്താണ് ഡോക്ടറായ എന്റെ ചെറിയച്ഛന്‍ ഓക്സിജന്റെ അളവ് താഴ്ന്നു പോകാനുള്ള സാധ്യതയെ കുറിച്ച് പറഞ്ഞത്. രണ്ട് മണിക്കൂര്‍ ഇടവിട്ട് പള്‍സ് ഓക്സിമീറ്ററില്‍ ഓക്സിജന്റെ അളവ് ചെക്ക് ചെയ്യണമെന്ന് പറഞ്ഞു. അവര്‍ തന്നെ ഇത് കൊടുത്തുവിടുകയും ചെയ്തു.
ആറാം ദിവസമായപ്പോള്‍ ബീനയ്ക്ക് ഒട്ടും വയ്യാതായി. പള്‍സ് ഓക്സിമീറ്ററില്‍ നോക്കിയപ്പോള്‍ ഓക്സിജന്റെ അളവ് കുറഞ്ഞു. ഇനിയും താഴ്ന്നാല്‍ സംഗതി അപകടമാവും. പിന്നെ ഒന്നും നോക്കില്ല പെട്ടെന്ന് തന്നെ എറണാകുളം മെഡിക്കല്‍ സെന്ററില്‍ വിളിച്ച് അങ്ങോട്ട് കൊണ്ടുപോയി. എന്തോ ഭാഗ്യത്തിനായിരുന്നു അവിടെ അന്ന് മുറി കിട്ടിയത്. ആശുപത്രിയില്‍ എത്തിയതിന് ശേഷമുള്ള മൂന്ന് ദിവസം ജീവന്‍ മരണപ്പോരാട്ടമായിരുന്നു. അപ്പോഴേയ്ക്കും പനി ന്യൂമോണിയ ആയിക്കഴിഞ്ഞു. വെന്റിലേറ്റര്‍ കരുതണമെന്ന് ഡോക്ടര്‍ അറിയിച്ചു. ഇതു കേട്ടതും ഞാന്‍ ആകെ തളര്‍ന്നു പോയി. കയ്യും കാലും വിറയ്ക്കുന്ന പോലെ തോന്നി. എന്ത് പറയണമെന്നോ ചെയ്യണമെന്നോ അറിയാത്ത അവസ്ഥയിലായിരുന്നു. ശനിയാഴ്ചയാണ് ഡോക്ടര്‍ വിളിച്ചിട്ട് വെന്റിലേറ്റര്‍ വേണമെന്നുള്ള കാര്യം പറഞ്ഞത്. തിങ്കളാഴ്ച വരെ നമുക്ക് നോക്കാമെന്ന് പറഞ്ഞു. കൊവിഡ് കൂടി നില്‍ക്കുന്ന സമയമായിരുന്നത് കൊണ്ട് തന്നെ ജില്ലയില്‍ എങ്ങും വെന്റിലേറ്റര്‍ കിട്ടാനില്ല. പിന്നെ എല്ലാം ഈശ്വരന് വിട്ടു കൊടുക്കുകയായിരുന്നു. സമനില തെറ്റിയ അവസ്ഥയിലായിരുന്നു ഞാന്‍. വീട്ടിലുള്ള എല്ലാവരും കാര്യങ്ങള്‍ അറിയാന്‍ വേണ്ടി എന്നെ വിളിക്കുന്നുണ്ട്. എല്ലാവരോടും കുഴപ്പമില്ലെന്ന് പറഞ്ഞ് സമാധാനിപ്പിച്ചതിന് ശേഷം മാറിയിരുന്നു കരയുകയായിരുന്നു. ആ സമയത്ത് വിളിക്കാത്ത ദൈവങ്ങളില്ല.
അങ്ങനെ തിങ്കളാഴ്ചയായി. ഏറെ അത്ഭുതത്തോടെയായിരുന്നു ഡോക്ടര്‍ തന്നോട് വിവരം വിളിച്ച് പറഞ്ഞത്. വലിയൊരു മാറ്റമായിരുന്നു ബീനയ്ക്കുണ്ടായത്. ന്യൂമോണിയ ഭയങ്കരമായി താഴ്ന്നു പോയി. ഇനിയൊന്നും പേടിക്കാനില്ലെന്നും ഡോക്ടര്‍ പറഞ്ഞു’; ഏറെ വൈകാരികമായിട്ടാണ് മനു സംസാരിച്ചത്. നിറകണ്ണുകളോടെ ഏവരുമിത് കേട്ടിരുന്നു. എല്ലാ ദിവസവും പള്‍സ് ഓക്സിമീറ്ററില്‍ റീഡിംഗ് നോക്കുന്നുണ്ടായിരുന്നു. ആറാം ദിവസമായപ്പോള്‍ ഇവള്‍ക്ക് ഒട്ടും വയ്യാതായി. അതിനും മുന്‍പ് തന്നെ കുഞ്ഞച്ഛന്‍ (ചെറിയച്ഛന്‍) എന്നോട് പറയുന്നുണ്ടായിരുന്നു ആശുപത്രിയില്‍ കൊണ്ടുപോകാന്‍. എന്നാല്‍ ബീന ഒരുവിധത്തില്‍ സമ്മതിക്കുന്നില്ല. കൊവിഡ് മരണങ്ങള്‍ കൂടിനിന്ന സമയമാണത്. ആശുപത്രിയില്‍ പോയാല്‍ തിരിച്ചുവരാന്‍ കഴിയില്ലെന്നുള്ള ചിന്തയായിരുന്നു ഇവളുടെ മനസ്സില്‍.