പതിനെട്ട് വയസ്സാകും മുന്പേ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രമായി മാറിയ നടിയായിരുന്നു ശോഭ. നാലാം വയസ്സു മുതൽ പതിനെട്ടു വയസ്സുവരെയുള്ള പതിനാലു കൊല്ലം തമിഴ്, മലയാളം, കന്നഡ തുടങ്ങിയ സിനിമകളിൽ അവിസ്മരണീയമായ കഥാപാത്രങ്ങളെയാണ് ശോഭ അവതരിപ്പിച്ചത്. അന്നുവരെയുള്ള നായികാ സങ്കൽപങ്ങളെ മുഴുവൻ തകർത്തെറിഞ്ഞു കൊണ്ടായിരുന്നു മെലിഞ്ഞ് കൊലുന്നനെയുള്ള ശോഭയുടെ അരങ്ങേറ്റം. സംവിധായകൻ ബാലു മഹേന്ദ്രയെയാണ് ശോഭ വിവാഹം ചെയ്തത്. അറിയപ്പെടാത്ത ചില കാരണങ്ങളാൽ 17-ആം വയസ്സിൽ 1980 മേയ് 1-ന് ശോഭ ആത്മഹത്യ ചെയ്തു. സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത് അങ്ങനെ നിരവധി മേഖലകളിൽ തന്റെ കയ്യൊപ്പ് പതിപ്പിച്ച ഒരാളാണ് ബാലചന്ദ്ര മേനോൻ. ശോഭയും ബാലചന്ദ്ര മേനോനും ഒരുമിച്ചെത്തിയ ചിത്രമാണ് ഉത്രാട രാത്രി. അപ്രതീക്ഷിതമായി തന്റെ പൊലിഞ്ഞു പോയ ശോഭയെ കുറിച്ച് പറയുകയാണ് താരം.
സ്‌റ്റാർ ഹോട്ടലിലെ ഊണ് അല്ല, മറിച്ചു ഇലയിൽ വിളമ്പിയ പുന്നെല്ലിന്റെ ചോറിൽ തൈരു ഒഴിച്ച് കാന്താരി മുളക് ഞെവടി കഴിക്കുന്ന സുഖമാണ് കെ.പി.എ.സി ലളിതയുടെ കുണുക്കമുള്ള സംസാരം കേൾക്കാൻ എന്ന് ഞാൻ പണ്ടു പറഞ്ഞത് ഓർത്തു പോകുന്നു. എന്നാൽ ആ കുണുക്കം ആദ്യം കേട്ടത് ഉത്രാടരാത്രി എന്ന എന്റെ ആദ്യ ചിത്ര നായിക ശോഭയിൽ നിന്നാണ് . കേൾക്കാൻ ഇമ്പമുള്ള പിണക്കവും കുണുക്കവും. ചന്നം പിന്നം പെയ്യുന്ന മഴ നനഞ്ഞു മദിരാശി അരുണാചലം സ്റ്റുഡിയോയിൽ അവൾ എന്റെ റെക്കോർഡിങ്ങിനു വന്നത് ഇന്നലെ എന്ന പോലെ. ശങ്കരാടി ചേട്ടനാണ് എന്നാണ് എന്റെ ഓർമ്മ, ശോഭയുടെ ദേഹവിയോഗം ഇഷ്ട്ടമാണ് പക്ഷെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ സെറ്റിൽ അറിയിച്ചത് . അതും ഇന്നലെ എന്ന പോലെ.
നീണ്ട 41 വർഷങ്ങൾ, പക്ഷെ ഒന്നുണ്ട് നീ എന്റെ ആദ്യ നായികയാണ് . അതു കൊണ്ട് തന്നെ നീ എനിക്ക് പ്രിയപ്പെട്ടവളാണ് . ഉത്രാടരാത്രിക്കായി വാണിജയറാം പാടിയ മഞ്ഞു പൊഴിയുന്നു, മാമരം കോച്ചുന്നു, എന്ന ബിച്ചു തിരുമല എഴുതിയ വരികൾ കേട്ട് കണ്ണു അറിയാതെ ഒന്നടച്ചു പോയാൽ നിന്റെ പിണക്കവും കുണുക്കവും എനിക്കു സ്വന്തം. എല്ലാം കഴിഞ്ഞുവെങ്കിലും ഒരു കാര്യം കൂടി പറയാതെ വയ്യ . നിന്നെ നീ അറിയാതെ സ്നേഹിച്ചിരുന്ന ആരാധിച്ചിരുന്ന ഒരാൾ കൂടി ഉത്രാടരാത്രിയിൽ ഉണ്ടായിരുന്നു,രവിമേനോൻ . ഒരു അഭിനേത്രി എന്ന നിലയിൽ ഒരുപാട് , രവിമേനോനെപ്പോലെ തന്നെ ഈ ലോകം നിന്നിൽ നിന്നും പ്രതീക്ഷിച്ചു. നിന്നെപ്പറ്റി പറയുമ്പോഴെല്ലാം അയാൾക്ക് ആയിരം നാവായിരുന്നു . തനിക്കു ഷൂട്ട് ഇല്ലെങ്കിലും നീ അഭിനയിക്കുന്ന രംഗങ്ങൾ കാണാൻ രവി എനിക്ക് കമ്പനി തരുന്നു എന്ന വ്യാജേന സെറ്റിൽ ഊണും ഉറക്കവും കളഞ്ഞു കാത്തിത്തിരിക്കുമായിരുന്നു. രവിയും പോയി. ഒരിക്കൽ ഞാൻ മുഖത്തടിച്ചതുപോലെ ചോദിച്ചു. സത്യം പറ രവി നിങ്ങൾക്ക് ശോഭയെ അത്രക്കുമിഷ്ടമാണോ? ഒരു സെക്കന്റ് ആലോചിക്കാതെ രവി പറഞ്ഞു . ഇഷ്ട്ടമാണ് ബാലൂ പക്ഷേ..ആ പക്ഷേയിൽ എല്ലാം ഉണ്ടെന്നുമായിരുന്നു ബാലചന്ദ്രമേനോൻ കുറിച്ചത്.