ഒരുപിടി നല്ല കഥാപാത്രങ്ങളെ മലയാളി പ്രേക്ഷകർക്ക് നൽകിയ നടനാണ് ബൈജു. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു വൻ വിജയമായ ആട് 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവം തുറന്നു പറയുകയാണ് നടന്‍ ബൈജു. ബൈജു അനുഭവം പങ്കുവെക്കുന്നത് മാധ്യമപ്രവര്‍ത്തകന്‍ ലല്ലുവിന് നല്‍കിയ അഭിമുഖത്തിലാണ് .
‘ജയസൂര്യയും ഞാനും ഒരുമിച്ചുള്ള ഒരു ഷോട്ട് എടുക്കാന്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് ജയസൂര്യ എന്റെ കാലുകളിലേക്ക് വീണു. ഞാന്‍ പേടിച്ചുപോയി. ഇവന്‍ എന്താണ് ചെയ്യുന്നതെന്ന് ആലോചിച്ചു. പിന്നെയാണ് മനസ്സിലായത് അനുഗ്രഹം വാങ്ങിക്കാന്‍ കാലില്‍ വീണതാണെന്ന്. ചേട്ടന്റെ കൂടെ ഞാന്‍ ആദ്യമായാണ് അഭിനയിക്കുന്നത് അനുഗ്രഹിക്കണമെന്ന് ജയസൂര്യ പറഞ്ഞു. അനുഗ്രഹം വാങ്ങണമെങ്കില്‍ റൂമില്‍ വന്ന് വാങ്ങിക്കൂടായിരുന്നോ ഇങ്ങനെ കാലില്‍ വീഴണോ എന്ന് ഞാന്‍ ചോദിച്ചു,’ ബൈജു പറയുന്നു.
ആട് 2 നല്ലൊരു അനുഭവമായിരുന്നുവെന്നും ബൈജു പറഞ്ഞു. ലൂസിഫറില്‍ അഭിനയിക്കുമ്പോഴുണ്ടായ അനുഭവവും ബൈജു പങ്കുവെച്ചു. പൃഥ്വിരാജ് പറയുന്നതല്ലാതെ മറ്റൊന്നും കയ്യില്‍ നിന്ന് ഇട്ട് ചെയ്യാന്‍ അവന്‍ സമ്മതിച്ചിട്ടുണ്ടായിരുന്നില്ലെന്നാണ് ബൈജു പറയുന്നത്. ‘ഒരു സംഭവവും കയ്യില്‍ നിന്ന് ഇട്ട് ചെയ്യാന്‍ രാജു സമ്മതിക്കില്ല. ചേട്ടാ അതു വേണ്ട എന്ന് പറയും. ഞാന്‍ ചെറുപ്പത്തില്‍ കണ്ട പൃഥ്വിരാജ് അല്ല ഇപ്പോള്‍. ചേട്ടാ അതു വേണ്ട എന്നു പറഞ്ഞാല്‍ പിന്നെ നമുക്കൊന്നും തിരിച്ച് ചോദിക്കാന്‍ കഴിയില്ല. ഒരു ഡയറക്ടര്‍ എന്ന നിലയില്‍ അങ്ങനെയാണ് പൃഥ്വി നിന്നിരുന്നത്. ലാലേട്ടന് പോലും കയ്യില്‍ നിന്നിട്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റിയിട്ടുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല,’ ബൈജു കൂട്ടിച്ചേര്‍ത്തു.