“അമ്മ” മലയാള സിനിമയില താരങ്ങളുടെ സംഘടനയാണ്. വിവാദങ്ങളുടെ വേദിയായി പലപ്പോഴും അമ്മ മാറാറുണ്ട്. പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ പേരിലായിരുന്നു ഈ അടുത്ത് അമ്മ വിവാദത്തിൽ പെട്ടത്. ഈ വിവാദം ഉദ്ഘാടന ചടങ്ങിൽ വേദിയിൽ നടിമാർക്ക് ഇരിപ്പിടം ഒരുക്കാത്തതിന്റെ പേരിൽ ആയിരുന്നു. തുടർന്ന് വിമർശനവുമായി അമ്മയ്ക്കെതിരെ നിരവധിപേർ എത്തിയിരുന്നു.നടി പാർവതി തിരുവോത്തും അമ്മയുടെ നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ രചന നാരായണൻകുട്ടി നൽകിയ വിവരണവും ഇതേ തുടർന്ന് വാർത്തയായിരുന്നു. രചനയുടെ, ആരാണ് ഈ പാർവതി എന്ന ചോദ്യം വളരെ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. പാർവ്വതിക്ക് പിന്തുണയുമായി പിന്നാലെ താരങ്ങളായ ഷമ്മി തിലകൻ, ഹരീഷ് പേരടി എന്നിവർ രംഗത്തെത്തിയിരുന്നു. നടൻ ബാബുരാജ് ആണ് ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് നല്ലതാണെന്നും എന്നാൽ തെറ്റുകൾ മാത്രം എല്ലാത്തിലും കണ്ടെത്തരുതെന്നും കുറ്റങ്ങൾ മാത്രം പറഞ്ഞ് അമ്മയുടെ അടിത്തറ തകർക്കരുത് എന്നും അദ്ദേഹം പറഞ്ഞു. നല്ല കാര്യങ്ങളും പറയണം. കുറ്റം മാത്രം പറയരുതെന്നും ബാബുരാജ് പറഞ്ഞു.
ബാബുരാജ് തന്റെ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്. ” കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണം. പാർവ്വതിയെ പിന്തുണച്ച് സംസാരിച്ചിട്ടുള്ള ആളാണ് ഞാൻ. അറിവും വിവരവും നന്നായുള്ള കുട്ടിയാണ്. രാജിവെച്ച് പോയപ്പോൾ ആ രാജി സ്വീകരിക്കരുത് എന്നാണ് ഞാൻ പറഞ്ഞത്. ഇപ്പോൾ ഇതെന്താണ് ഇങ്ങനെ പറയുന്നത് എന്ന് അറിയില്ല. സ്ത്രീകളടക്കമുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ് എക്സിക്യൂട്ടീവ് കമ്മിറ്റി മാത്രം സ്റ്റേജിൽ കയറി ഇരുന്നത്” എന്ന് ബാബുരാജ് പറയുന്നു.
” ഞാനാണ് രചനയെയും ഹണിയും ശ്വേതയേയും സ്റ്റേജിലേക്ക് വിട്ടത്. ഇത് പുതിയ പോസ്റ്റർ പിടിച്ചുനിൽക്കുന്നതിന് വേണ്ടിയായിരുന്നു. അതായിരുന്നു അവർ സ്റ്റേജിന് സൈഡിൽ നിൽക്കുന്ന ചിത്രം വരാൻ കാരണമായത്. പിന്നെ സ്റ്റേജിൽ കയറി ഇരിക്കാൻ നമ്മുടെ വീട്ടിൽ ഒരു പരിപാടി നടക്കുമ്പോൾ സാധിക്കില്ലല്ലോ. വേദിയിൽ എന്നല്ല ആ മുറിയിൽ തന്നെ ഞാനൊന്നും ഇല്ലായിരുന്നു. നമുക്ക് നമ്മുടേതായ കാര്യങ്ങൾ ഉണ്ടാകുമല്ലോ. “ഏതുകാര്യത്തിലും കുറ്റം കണ്ടുപിടിക്കാൻ മാത്രമേ കുറ്റം കാണണം എന്ന് കരുതിയാൽ നമുക്ക് തോന്നുകയുള്ളൂ. ഞാൻ മുന്നേ പറഞ്ഞതുപോലെ കുറ്റം ഉണ്ടെങ്കിൽ പറയണം. പക്ഷേ കുറ്റം മാത്രം പറയരുത്. നല്ല കാര്യങ്ങൾ കൂടി പറയണം. ഞാൻ ആ കുട്ടി ചെയ്യുന്നതിലെ നല്ല കാര്യങ്ങൾ പറയാറുണ്ട്. പാർവതി രാജിവെക്കാൻ തുനിഞ്ഞപ്പോൾ അത് ശരിയല്ലെന്നും അങ്ങനെയൊരു സാഹചര്യം എന്തുകൊണ്ടാണ് ഉണ്ടായതെന്ന് അന്വേഷിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു” എന്നും ബാബുരാജ് പറഞ്ഞു.