സിനിമാലോകത്തെ തന്റെ അനുഭവങ്ങളും വസ്ത്രാലങ്കാര രീതികളെ കുറിച്ചുമൊക്കെയാണ് മലയാള സിനിമയിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറായ സമീറ സനീഷ് ‘അലങ്കാരങ്ങളില്ലാതെ’ എന്ന പുസ്തകത്തിൽ പ്രതിപാദിപ്പിക്കുന്നത്.പരസ്യചിത്ര രംഗത്തുനിന്ന് 2009ലാണ് സമീറ സിനിമയിലെത്തിയത്. ഹിന്ദി ചിത്രം ‘ദി വൈറ്റ് എലിഫന്റിലായിരുന്നു തുടക്കം. അത് കഴിഞ്ഞു ‘ഡാഡികൂള്‍’ ചെയ്തു.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 160 ലധികം സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ചു. 2014ലും 2018 ലുംമികച്ച കോസ്റ്റും ഡിസൈനര്‍ക്കുള്ള സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടി. ചലച്ചിത്ര രംഗത്ത് എന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ചും കഴിഞ്ഞ പത്തു വര്‍ഷത്തി നിടയില്‍ എനിക്ക് ലഭിച്ച അനുഭവങ്ങളെ ക്കുറിച്ചുമാണ് ഈ പുസ്തകത്തില്‍ എഴുതിയിട്ടുള്ളത്”- സമീറ സനീഷ് പറഞ്ഞു. സമീറ പുസ്തകത്തിൽ നിന്നും ചെറിയ ഒരു ഭാഗം .
“ഡിഗ്രി കഴിഞ്ഞിട്ട് ഇനി എന്ത് എന്ന ആലോചനയിലായിരുന്ന സമയം. മുത്തിനുവേണ്ടി വെറുതെ ഡിസൈന്‍ ചെയ്യുന്ന ഡ്രസുകള്‍ ഒക്കെ ശ്രദ്ധിച്ചിരുന്ന അയല്‍ക്കാരനായ ഒരു അങ്കിള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് കൊച്ചിയില്‍ പുതിയ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയപ്പോള്‍ എന്നോടും ചേരാന്‍ പാടില്ലേ എന്ന് ചോദിക്കുന്നു. എന്തായാലും വരയും നിറങ്ങളും ഒക്കെത്തന്നെയാണ് ജീവിതം എന്ന് തോന്നിത്തുടങ്ങിയിരുന്ന കാലമായിരുന്നു. അങ്ങനെയാണ് വൈറ്റിലയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ചേരുന്നത്. എന്റെ വഴി വരകളുടെത്തന്നെ എന്ന് സ്വയം തിരിച്ചറിഞ്ഞു തുടങ്ങിയത് അവിടെവച്ച് തന്നെയാണ്.”
“എത്ര തിരഞ്ഞാലും തൃപ്തിയാകാത്ത ജീവിതത്തിലേക്ക് എത്ര നേരം വേണമെങ്കിലും കാത്തുനില്‍ക്കാന്‍ മടിയില്ലാത്ത ഒരാള്‍ കൂട്ടായി വന്നതും ആ കാലത്താണ്. ഭാരത് മാതാ കോളജിലാണ് ഞാന്‍ പ്രീഡിഗ്രിയും ഡിഗ്രിയും ചെയ്തത്. ട്യൂഷന്‍ക്ലാസ്സില്‍വെച്ചാണ് സനീഷിനെ കണ്ടുമുട്ടുന്നത്. എനിക്ക് അന്ന് ട്യൂഷന് പോകാന്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. വീട്ടുകാര്‍ നിര്‍ബന്ധിച്ചതുകൊണ്ട് മടിച്ചു മടിച്ച് പോയി ചേരുകയായിരുന്നു. ദൈവം പ്രണയത്തിന്റെ വഴികള്‍ ഒരുക്കുന്നത് ഏറ്റവും അതിശയകരമായ രീതിയിലാണ്!”
“എന്‍ഐഎഫ് ഡിയിലെ കോഴ്സ് കഴിഞ്ഞ സമയത്താണ് ഞങ്ങള്‍ ജീവിതത്തിലെ ആ നിര്‍ണ്ണായകമായ തീരുമാനം എടുക്കുന്നത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ ആയതുകൊണ്ട് സ്വാഭാവികമായും വീട്ടില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. വളരെ യാഥാസ്ഥിതികമായി ചിന്തിക്കുന്ന ഒരു മുസ്ലിം കുടുംബമായിരുന്നു എന്റേത്. ഏഴുവര്‍ഷം ഞങ്ങള്‍ പ്രണയിച്ചു. എനിക്ക് എല്ലാവരെയും വേണം എന്ന ആഗ്രഹം ഉണ്ടായിരുന്നതിനാല്‍ കാത്തിരുന്നതാണ്. ആ സമയത്ത് മറ്റൊരു ആലോചനവന്ന് അത് ഏതാണ്ട് ഉറപ്പിക്കുന്ന അവസ്ഥയായി. എനിക്ക് ഒരു പ്രണയം ഉണ്ടെന്ന് ഞാന്‍ അദ്ദേഹത്തോടുതന്നെ തുറന്നു സംസാരിച്ചിരുന്നു. അത് ഈ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്കു സാധാരണമാണ് എന്നു പറഞ്ഞ് പുള്ളി ആലോചന മുന്നോട്ട് കൊണ്ടുപോയി. വേറെ നിവൃത്തിയില്ലായിരുന്നു. വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഏതോ ഒരാളെ കല്യാണം കഴിക്കാന്‍ മനസ്സ് അനുവദിച്ചില്ല. അങ്ങനെ വന്നപ്പോള്‍ സ്വന്തം ഇഷ്ടപകാരം വീട്ടില്‍നിന്ന് പോരേണ്ടിവന്നു. പിന്നീട് വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.”