സ്റ്റേജില്‍ കയറിയപ്പോള്‍ തന്നെ ഈ പറഞ്ഞതുപോലെ ഞാന്‍ ചെയ്തു: കോളേജ് കാലത്തെ അനുഭവം പങ്കുവെച്ച് ആത്മീയ!

ആത്മീയ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ്. താരം വെള്ളിത്തിരയിൽ എത്തിയത് ജോസഫ് എന്ന ചിത്രത്തിലൂടെയാണ്. ഈ അടുത്ത് പുറത്തിറങ്ങിയ കോൾഡ് കേസ് ആണ് താരം അവസാനം അഭിനയിച്ച സിനിമ. ഇപ്പോള്‍ താരം വന്നിരിക്കുന്നത് കോളജ് പഠനകാലത്ത് ഭാരത് മാതയായി സ്റ്റേജില്‍ കയറിയപ്പോൾ തനിക്ക് ഉണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ടാണ്. തന്റെ ഈ അനുഭവം താരം പങ്കുവെച്ചിരിക്കുന്നത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്.

എനിക്ക് ഭാരത മാതയായി നില്‍ക്കാന്‍ വലിയ ഇഷ്ടമായിരുന്നു. സ്‌കൂള്‍ കാലത്ത് ഒക്കെ സീനിയര്‍ ചേച്ചിമാര്‍ സാരിയൊക്കെ ഉടുത്ത് കീരിടമൊക്കെ വെച്ച് ഭംഗിയായി നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. കോളേജില്‍ പഠിക്കുന്ന സമയത്ത് എനിക്കും ഭാരത മാതയാകാന്‍ ഒരു ഓഫര്‍ വന്നു. കേട്ടപാതി ഞാന്‍ ചാടിവീണു. ഞാന്‍ ആയിക്കോളാം എന്ന് പറഞ്ഞു. പ്രാക്ടീസിനൊന്നും പോകണ്ടല്ലോ. വെറുതെ കൊടി പിടിച്ച് നിന്നാല്‍ മതിയല്ലോ. കൂട്ടുകാരൊക്കെ പ്രാക്ടീസിന് പോകുമ്പോള്‍ എന്നോട് പറയും വന്ന് നോക്ക് എന്താ ചെയ്യേണ്ടത് എന്നൊക്ക. ഞാന്‍ പോകാറില്ലായിരുന്നു. അങ്ങനെ പരിപാടിയ്ക്ക് സ്റ്റേജില്‍ കേറുന്ന സമയം ഞാന്‍ ബാക്കിയുള്ളവരോട് ചോദിച്ചു. എന്താണ് ചെയ്യേണ്ടത് എന്ന്. എനിക്ക് ചുറ്റും കുട്ടികള്‍ വരിവരിയായി വരും. അപ്പോള്‍ ഓഡിയന്‍സിനെ ഒന്ന് ചിരിച്ച്, കൊടി മെല്ലേ പാറിച്ചാല്‍ മാത്രം മതിയെന്നായിരുന്നു എന്നോട് പറഞ്ഞത്. സ്റ്റേജില്‍ കയറിയപ്പോള്‍ തന്നെ ഈ പറഞ്ഞതുപോലെ ഞാന്‍ ചെയ്തു.

കുറച്ചുകഴിഞ്ഞപ്പോള്‍ കൈയ്യിലെ പതാകയുടെ ഒരു ഭാഗം എനിക്ക് ചുറ്റും കറങ്ങുന്ന ഒരു കുട്ടിയുടെ വസ്ത്രത്തില്‍ ഉടക്കി. ആ കുട്ടി ചുറ്റുന്നതിന് അനുസരിച്ച് പതാക കൈയ്യിലെ വടിയില്‍ നിന്നും ഊര്‍ന്നുപോയി. ഞാന്‍ ആണെങ്കില്‍ പതാകയ്ക്ക് പകരം കൈയ്യിലെ വടി മാത്രം അങ്ങോട്ടും ഇങ്ങോട്ടും കറക്കിക്കൊണ്ടിരുന്നു. ഒടുവില്‍ കൊടി എങ്ങനെയൊക്കെയോ രണ്ട് കൈകൊണ്ട് ഒക്കെ പിടിച്ച് അഡ്ജസ്റ്റ് ചെയ്ത് ഞാന്‍ നിന്നു. മുന്നില്‍ ഇരുന്ന എല്ലാവരും കൂവലോട് കൂവല്‍. പിന്നെയാണ് മനസ്സിലായത് ഞാന്‍ പതാക തലതിരിച്ചാണ് പിടിച്ചിരുന്നതെന്ന്. അത് കണ്ടാണ് എല്ലാവരും കൂവിയത്. ഇന്ത്യയെ തലതിരിച്ച് പിടിച്ചായിരുന്നു ഞാന്‍ അന്ന് പതാക പാറിച്ചത് എന്ന് ആത്മീയ പറഞ്ഞു.

Related posts