ദൃശ്യം 2 ലെ ആ ട്വിസ്റ്റ് കണ്ടു ഞാൻ ചിരിച്ചു : അശ്വിൻ

ദൃശ്യത്തെ പോലെ ശ്രദ്ധ ലഭിച്ച ഒരു മലയാള സിനിമ പാൻ-ഇന്ത്യൻ തലത്തിൽ ഉണ്ടാവില്ല. ഈ ചിത്രത്തെ ഒരു ഇന്ത്യൻ ഹിറ്റാക്കി മാറ്റിയത് തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ ഉള്ള റീമേക്കുകൾ ആണ്. ദൃശ്യം 2 വിനു വേണ്ടി ഉള്ള കാത്തിരിപ്പ് ചിത്രം ഭാഷാ അതിർത്തികൾ കടന്ന് വിജയം നേടിയതിനാൽ ചുരുക്കം മലയാളികളിൽ മാത്രം ഒതുങ്ങില്ല.ഇന്ത്യ മുഴുവനുമുള്ള സിനിമാപ്രേമികൾക്ക് ദൃശ്യം 2 ഡയറക്ട് ഒടിടി റിലീസായി ആമസോൺ പ്രൈം വഴി സബ്ടൈറ്റിലോടുകൂടി ഇറങ്ങിയത് കാരണം റിലീസ് ദിവസം തന്നെ കാണാനായി സാധിച്ചു.സോഷ്യൽ മീഡിയ പ്രതികരണങ്ങൾ റിലീസ് ദിവസം മുതൽ ആരംഭിച്ച് ഇപ്പോഴും തുടരുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ ട്വിറ്ററിൽ പങ്കുവെച്ച ദൃശ്യം 2 വിനെ കുറിച്ചുള്ള അഭിപ്രായമാണ് ഇപ്പോൾ വൈറലാകുന്നത്.

അശ്വിൻ പ്രതികരിച്ചത് ദൃശ്യം 2 കണ്ട ആവേശത്തോടെയായിരുന്നു. ” ജോർജ്ജുകുട്ടി കോടതിയിൽ സൃഷ്ടിച്ച ആ ട്വിസ്റ്റ്‌ കണ്ട് ഞാൻ ഉറക്കെ ചിരിച്ചു. ദൃശ്യം കാണാത്തവർ ഒന്നാം ഭാഗം മുതൽ വീണ്ടും കാണുക. ഗംഭീരം!! ശരിക്കും ഗംഭീരം.” ഇതായിരുന്നു അശ്വിൻ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിന് ഒരു മണിക്കൂറിനുള്ളിൽ ലഭിച്ചിരുന്നത് 13000ത്തിലേറെ ലൈക്കുകളും 1700ൽ അധികം ഷെയറുകളും ആണ്. ട്വീറ്റിന് 500ൽ അധികം കമന്റുകളും ലഭിച്ചിട്ടുണ്ട്.


കോവിഡ് കാലത്താണ് 2013 ൽ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ദൃശ്യം 2 വിന്റെ ചിത്രീകരണം കൊച്ചിയിലും തൊടുപുഴയിലും ആയിട്ടായിരുന്നു നടന്നുകൊണ്ടിരുന്നത്. ദൃശ്യം 2 വിൽ ആദ്യഭാഗത്തിലെ മിക്ക താരങ്ങളും എത്തുന്നുണ്ട്. മുരളി ഗോപി, സായ്കുമാർ, ഗണേഷ് കുമാർ എന്നിവരാണ് ആദ്യഭാഗത്തിൽ ഇല്ലാതിരുന്ന പ്രധാന താരങ്ങൾ. രചനയും സംവിധാനവും ജീത്തു ജോസഫ് നിർവഹിക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്.
തെലുങ്ക് ഭാഷയിലേക്കുള്ള ചിത്രത്തിന്റെ റീമേക്ക് ഇതിനകം തീരുമാനിക്കപ്പെട്ടിട്ടുണ്ട്. നടി ശ്രീപ്രിയ ആയിരുന്നു ദൃശ്യത്തിന്റെ ആദ്യഭാഗം തെലുങ്കിൽ സംവിധാനം ചെയ്തിരുന്നത്. എന്നാൽ ജിത്തു ജോസഫ് തന്നെയാണ് ദൃശ്യം 2 തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത്. ഈ ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയായിരിക്കും.

Related posts