മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ചാനൽ പരിപാടികളിലൂടെ അവതാരകയായി എത്തി മലയാളികൾക്ക് സുപരിചിതയായ താരം പിന്നീട് അഭിനയത്തിലേക്ക് അടുത്തിടെയാണ് കടന്നത്. ചക്കപ്പഴം എന്ന ഹാസ്യ പറമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെയാണ് താരം രണ്ടാമതും അമ്മയായത്. കമല എന്നാണ് കുഞ്ഞിനു പേരു നൽകിയത്. ഇപ്പോഴിതാ തന്റെ പ്രണയകഥ പറയുകയാണ് താരം.
പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ഞാനും ശ്രീകാന്തും പ്രണയം പരസ്പരം തുറന്ന് പറഞ്ഞതെന്ന് അഭിനയത്രിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. മൂന്നാം വർഷം പ്രേമം വീട്ടിൽ പൊക്കി. ഇനി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് അമ്മ തലയിൽ തൊട്ട് സത്യം ചെയ്യിപ്പിച്ചു. പിന്നീട് ഒന്നര വർഷം സ്വയം പ്രഖ്യാപിത ബ്രേക് അപ്പായിരുന്നെന്നും അശ്വതി പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരു ദിവസം കൂട്ടുകാരിയുടെ നമ്പർ തപ്പി എടുത്ത് ശ്രീ വിളിച്ചു. അങ്ങനെ ക്ലാസ്‌മേറ്റ്‌സ് റിലീസായ തിയറ്ററിൽ വച്ച് വീണ്ടും കണ്ടു. സ്‌ക്രീനിൽ കാത്തിരുന്ന പെണ്ണല്ലേ കാലമേറെ ആയില്ലേ എന്ന പാട്ട് കേട്ടപ്പോൾ കൂടെ ഞങ്ങളും കരഞ്ഞു. എല്ലാവരെയും കൊണ്ട് നല്ലത് പറയിച്ച് വിവാഹം കഴിക്കണമെന്ന് വാശിയായി. ദുബായിൽ സ്വന്തം ബിസിനസ് വിജയമായ ശേഷമാണ് ശ്രീ വിവാഹാലോചനയുമായി വന്നത്. കല്യാണം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ ഗർഭിണിയായി. 26 വയസേ എനിക്കുള്ളു. ശ്രീയിക്ക് 27 ഉം. ആശങ്കകളും ടെൻഷനും ആവോളം ഉണ്ടായിരുന്നു. ഗർഭപാത്രത്തിനുള്ളിലെ കുഞ്ഞിന്റെ കിടപ്പ് ശരിയല്ലാത്തത് കൊണ്ട് അവസാന മാസം വരെ ഡോക്ടർമാർ പറഞ്ഞിരുന്നത് സിസേറിയൻ വേണ്ടി വരുമെന്നാണ്. രണ്ട് പേർക്കും ജോലി ദുബായിൽ ആയിരുന്നതിനാൽ അവിടെ മതി പ്രസവമെന്ന് നേരത്തെ പ്ലാൻ ചെയ്തു. എട്ടരമാസം കഴിഞ്ഞപ്പോഴെക്കും ശ്രീകാന്തേട്ടന്റെ അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു.
ഡെലിവറി ഡേറ്റിന് പത്ത് ദിവസം മുൻപായിരുന്നു അവസാന ചെക്കപ്പ്. പരിശോധിച്ചപ്പോൾ അതുവരെ പൊസിഷൻ ശരിയല്ലാതെ ഇരുന്ന കുഞ്ഞിന്റെ തലയൊക്കെ താഴേക്ക് വന്ന് കുഞ്ഞ് പുറത്തേക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു. നേരെ ലേബർ റൂമിലേക്ക് വിട്ടോളാൻ ഡോക്ടർ പറഞ്ഞു. അതൊരു പാകിസ്ഥാനി ഡോക്ടറാണ്. ഭാഷയാണ് പ്രധാന പ്രശ്‌നം. ചുറ്റുമുള്ളവരിൽ ഒറ്റ മലയാളി പോലുമില്ല. അസ്വസ്ഥത തോന്നുമ്പോൾ ഇംഗ്ലീഷല്ലാതെ ഒരക്ഷരം പറഞ്ഞാൽ അവർക്ക് മനസിലാകില്ല. വേദന വരുമ്പോൾ അയ്യോ, അമ്മേ എന്നൊക്കെയല്ലാതെ എങ്ങനെ കരയാനാണ്. നാലഞ്ച് മണിക്കുർ പ്രസവവേദന കഴിഞ്ഞ് പത്മ പുറത്ത് വന്നു.