കമലപ്പെണ്ണ് സകലതിലും നേരെ ഓപ്പോസിറ്റ് ! മകളെ കുറിച്ച് അശ്വതി ശ്രീകാന്ത് പറഞ്ഞത് കേട്ടോ!

അവതാരകയായും അഭിനേത്രിയായും വന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ പരിപാടികളുടെയും അവതാരകയായി എത്തിയ താരം ഈയടുത്താണ് അഭിനയത്തിലേക്ക് ചുവട് വച്ചത്. പ്രമുഖ ചാനലിൽ അവതരിപ്പിക്കുന്ന ഹാസ്യ പരമ്പരയായ ചക്കപ്പഴത്തിലൂടെയാണ് ഇവർ അഭിനയ രംഗത്ത് എത്തിയത്. ഈ പരമ്പരയിൽ ആശ എന്ന കഥാപാത്രമായി വന്ന അശ്വതിയെ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് താരത്തിന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകർക്കായി താരം പങ്കുവെക്കാറുണ്ട്. തന്റേയും മക്കളുടേയും വിശേഷങ്ങളുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് അശ്വതി.‘ബേബി കെയറിങ്ങിന്റെ’ നല്ല പാഠങ്ങളും പലപ്പോഴായി താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അമ്മയെന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ചെറിയ ടിപ്സുകളും അശ്വതി യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട് .മൂത്ത മകൾക്ക് പത്മ എന്ന് പേര് നൽകി. രണ്ടാമത് പിറന്നതും പെൺകുഞ്ഞായതിനാൽ, അവൾക്കും താമരയുമായി ചേർന്നൊരു പേര് നൽകി, കമല. രണ്ടാമത്തെ മകൾ കമലയുടെ രണ്ടാം പിറന്നാളിന് ഹൃദയം തൊടുന്നൊരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. മൂത്ത മകൾ പദ്മയുടെ സ്വഭാവമേയല്ല കമലയ്ക്ക് എന്ന് പറയുകയാണ് കുറിപ്പിൽ.

ആദ്യത്തെ കുഞ്ഞിനെ പോലെ ഇനിയൊരാളെ സ്നേഹിക്കാൻ കഴിയുമോ എന്നായിരുന്നു ഇവളെ ആദ്യമായി കൈയ്യിൽ എടുക്കുവോളം സംശയം. അമ്മയാവുമ്പോൾ എങ്ങനെയാവണമെന്നും എങ്ങനെയാവരുതെന്നും പത്മ പഠിപ്പിച്ച് തന്നതിന്റെ ധൈര്യമുണ്ടായിരുന്നു ചെറുതിനെ കിട്ടിയപ്പോൾ. പക്ഷേ കമലപ്പെണ്ണ് വന്നത് വേറെ സിലബസ്സും കൊണ്ടാണ്. സകലതിലും നേരെ ഓപ്പോസിറ്റ്. ആദ്യത്തവൾ അമ്മയൊട്ടി മാത്രം ആണെങ്കിൽ ഇവള് സകലരോടും ഒട്ടും. മൂത്തവൾ തൊട്ടാൽ കരയുമെങ്കിൽ ഇവള് അടിക്ക് അടി തിരിച്ചടി മട്ടാണ്. പത്മയ്ക്ക് ഭക്ഷണംന്ന് എഴുതി കണ്ടാൽ വയറു നിറയുമെങ്കിൽ ചെറിയവൾ എഴുനേൽക്കുന്നതേ ബിരിയാണി ചോദിച്ചാണ്.


അമ്മ ജോലിക്ക് പോകാനിറങ്ങുമ്പോൾ മൂത്തവൾക്ക് ഇപ്പോഴും സങ്കടമാണെങ്കിൽ ഇളയവൾ ഒരു റ്റാ റ്റാ തന്നാൽ ഭാഗ്യം. ഡീ പപ്പാ ന്ന് ചേച്ചിയെ വിളിക്കുന്ന അവളുടെ കളറു പെൻസിൽ മുതൽ ഐ പാഡ് വരെ കട്ടോണ്ട് പോകുന്ന കുഞ്ഞാപ്പി. പത്മയെ സോഫയിൽ ഇരുത്തി പോയാൽ ഒരു മണിക്കൂർ കഴിഞ്ഞ് വന്നു നോക്കിയാലും അവിടെത്തന്നെ കാണുമായിരുന്നു. ഇവളെ നിലത്ത് വച്ചാൽ പിന്നെ കട്ടിലിന്റെ അടിയിലോ ഡൈനിങ് ടേബിളിന്റെ മുകളിലോ നോക്കിയാ മതി. വഴക്ക് പറഞ്ഞാൽ ‘പാവം വാവയല്ലേ, അമ്മേടെ പൊന്നല്ലേ’ ന്ന് ചോദിച്ച് കൈകൂപ്പി കാണിക്കുന്ന ബിഗ് ഡ്രാമ ക്വീൻ. അങ്ങനെ മൊത്തത്തിൽ പേരെന്റിങ് എന്ന വാക്ക് റീഡിഫൈൻ ചെയ്യിച്ച പെണ്ണാണ്. ഞങ്ങടെ സന്തോഷക്കുടുക്ക ! പൊന്നിന് പിറന്നാളുമ്മ.

Related posts