മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ചാനൽ പരിപാടികളിലൂടെ അവതാരകയായി എത്തി മലയാളികൾക്ക് സുപരിചിതയായ താരം പിന്നീട് അഭിനയത്തിലേക്ക് അടുത്തിടെയാണ് കടന്നത്. ചക്കപ്പഴം എന്ന ഹാസ്യ പറമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. മാസങ്ങൾക്ക് മുമ്പാണ് അശ്വതി രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. കമല എന്നാണ് കുഞ്ഞിനു പേരു നൽകിയത്.
അമ്മയെന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ചെറിയ ടിപ്സുകളും അശ്വതി യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ടമ്മി ടൈം ഉൾപ്പെടെയുള്ള പലർക്കും പരിചിതമല്ലാത്ത സംഗതികളെക്കുറിച്ച് കഴിഞ്ഞ വിഡിയോയിലൂടെ അശ്വതി പങ്കുവച്ചിരുന്നു. മുലപ്പാലിനു പുറമേ കുഞ്ഞുങ്ങൾക്ക് കുറുക്ക് ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ നൽകാമോ എന്ന സംശയത്തിനുള്ള മറുപടി സരസമായ വിഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് അശ്വതി ശ്രീകാന്ത്. റാഗിയോ ഏത്തക്കായോ കൂവപ്പൊടിയോ കലക്കി കൊടുക്കാനുള്ള പഴമക്കാരുടെ ഉപദേശങ്ങളെ മുൻനിർത്തിയാണ് അശ്വതിയുടെ വിഡിയോ. മുലപ്പാൽ കൊടുത്താൽ കുഞ്ഞിന് മതിയാകില്ലെന്ന വാദങ്ങളെയാണ് വിഡിയോയിലൂടെ അശ്വതി തിരുത്തുന്നത്. കുഞ്ഞ് മുലപ്പാൽ ഒഴികെയുള്ള ആഹാരങ്ങൾ കഴിച്ച് ‘ഗുണ്ടുമണിയാകണോ’ അതോ മുലപ്പാൽ കുടിച്ച് ആരോഗ്യത്തോടെ ഇരിക്കണോ എന്നും അശ്വതി ചോദിക്കുന്നു.
മുലപ്പാൽ കൊടുത്താലും പലരും കൂട്ടത്തിൽ കൽക്കണ്ടമൊക്കെ ഇട്ട് കുഞ്ഞുങ്ങൾക്ക് വെള്ളം കൊടുക്കാറുണ്ട്. ശരിക്കും അതിന്റെ ആവശ്യമില്ലെന്ന് അശ്വതി മുമ്പൊരു വിഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. ആറുമാസം വരെ കുഞ്ഞുങ്ങൾക്ക് അതിന്റെ ആവശ്യമില്ല. അവരുടെ ശരീരത്തിൽ ആവശ്യത്തിന് വെള്ളമുണ്ട്. മാത്രമല്ല, കുഞ്ഞുങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ മുലപ്പാലിലൂടെ കിട്ടുന്നുണ്ടെന്നും അശ്വതി ഓർമിപ്പിക്കുന്നു. അമിതമായി വെള്ളം കുട്ടികളുടെ ഉള്ളിൽ ചെന്നാൽ പലവിധ പ്രശ്നങ്ങളിലേക്ക് എത്തിക്കുമെന്നും അശ്വതി പറയുന്നു.