പാരമ്പര്യ വേഷത്തിൽ അശ്വതിയുടെ വളകാപ്പ്!

അവതാരകയായി എത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ താരമാണ്‌ അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന ജനപ്രീയ ഹാസ്യ പരമ്പരയില്‍ ആശ എന്ന കഥാപാത്രമായി തിളങ്ങുകയാണ് താരമിപ്പോൾ. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയകളില്‍ സജീവമായ താരം ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ലിവ് അണ്‍എഡിറ്റഡ് എന്ന പേരില്‍ അശ്വതി യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ച് അശ്വതി വീഡിയോയും പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ അശ്വതി ശ്രീകാന്തിന്റെ വളകാപ്പ് ചടങ്ങുകള്‍ നടന്നിരിക്കുകയാണ്. മകള്‍ പത്മയെ ഗര്‍ഭിണിയായിരുന്ന സമയത്ത് ഇങ്ങനെയൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നും അതിന്റെ എല്ലാക്കുറവുകളും നികത്തുന്ന ആഘോഷമാണ് നടന്നതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഫ്‌ലവേഴ്‌സ് ടിവിയില്‍ അശ്വതിയുടെ കോസ്റ്റ്യൂം ആന്റ് സ്റ്റൈലിംഗ് ചെയ്ത ശബരിനാഥ് തന്നെയാണ് വളകാപ്പ് ചടങ്ങിനും താരത്തെ ഒരുക്കിയത്. നീല കളറില്‍ പീച്ചിഷ് ഓറഞ്ച് ബോര്‍ഡര്‍ സാരിയാണ് അശ്വതി ധരിച്ചത്. തമിഴ്‌നാട് സ്റ്റൈലിലായിരുന്നു ഒരുക്കം. മുല്ലപ്പൂ ചൂടി ആന്റിക് ആഭരണങ്ങളും ധരിച്ചപ്പോള്‍ അശ്വതി അതിസുന്ദരിയായി മാറി. രണ്ടര മണിക്കൂറോളമാണ് മേക്കപ്പിനായി എടുത്തത്.

ചടങ്ങില്‍ കുടുംബാംഗങ്ങളും കൂട്ടുകാരും എല്ലാം ഒത്തു ചേര്‍ന്നു. മൂത്തമകള്‍ പത്മ തന്നെയാണ് മുഴുവന്‍ സമയവും ചടങ്ങില്‍ അശ്വതിക്ക് ഒപ്പം തിളങ്ങിയത്. ചക്കപ്പഴം എന്ന സീരിയലില്‍ അഭിനയം തുടങ്ങിയ ശേഷമാണ് അശ്വതിയുടെയും ശ്രീകാന്തിന്റെയും രണ്ടാമത്തെ കുഞ്ഞ് വരുന്ന വിശേഷം അശ്വതി ഏവരെയും അറിയിച്ചത്. ഇനി കഷ്ടിച്ച് ഒരു മാസം കൂടിയേയുള്ളൂ. ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്ന ഡേറ്റ് സെപ്റ്റംബര്‍ 12 ആണെന്ന് അശ്വതി പറഞ്ഞിരുന്നു. മകള്‍ പത്മ ജനിച്ചതും സെപ്റ്റംബറിലായിരുന്നു.

Related posts