അമ്മയിൽ നിന്ന് രാജി വെച്ചവരെ തിരികെ കൊണ്ടുവരണമെന്ന് ആസിഫ് അലി!

ആറ്റിങ്ങലല്ലേ വീട് എന്ന ഡയലോഗ് മലയാളികൾ മറക്കുവാൻ സാധ്യതയില്ല, അത് ചോദിച്ച നടനെയും. ആസിഫ് അലി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായക നടനാണ്. ഋതുവിലൂടെയാണ് ആസിഫ് തുടക്കം കുറിച്ചത്. വി ജെ ആയി പ്രവർത്തിക്കവേയാണ് താരത്തിന് അഭിനയത്തിലേക്ക് അവസരം ലഭിച്ചത്. സണ്ണി ഇമ്മട്ടിയെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരത്തിന് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്.സഹനടനായി മുന്നേറുന്നതിനിടയിലായിരുന്നു നായകനാവാനുള്ള അവസരവും ലഭിച്ചത്. നായകനായി അഭിനയിക്കുമ്പോൾത്തന്നെ അതിഥി താരമായും ആസിഫ് എത്തിയിരുന്നു.

നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിൽ നിന്ന് രാജി വെച്ചവരെ തിരികെ കൊണ്ടുവരണമെന്ന് പറയുകയാണ് താരം ഇപ്പോൾ. ആക്രമിക്കപ്പെട്ടതിന് പിന്നാലെ 2018ൽ നടി അമ്മയിൽ നിന്ന് രാജി വെച്ചിരുന്നു. ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ എന്നിവർ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അമ്മയിൽ നിന്നും രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയിൽ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന ആവശ്യവുമായി നടി പാർവതി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്. ആവശ്യത്തിൽ അമ്മ ഭാരവാഹികൾ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇവരും അമ്മയിൽ നിന്ന് രാജി വെച്ചിരുന്നു.

ആവശ്യമുന്നയിച്ച് നാല് വർഷങ്ങൾക്കിപ്പുറം അമ്മയിൽ ആഭ്യന്തര പരാതി പരിഹാര സെൽ നടപ്പിലാകാനിരിക്കെ അമ്മയിൽ നിന്നും പുറത്തുപോയവരെ തിരികെ കൊണ്ടുവരണമെന്ന് അമ്മ എക്‌സിക്യൂട്ടീവ് അംഗവും നടനുമായ ആസിഫ് അലി പറഞ്ഞു. സംഘടനയിൽ അംഗമല്ലെങ്കിലും ആക്രമിക്കപ്പെട്ട നടി സിനിമയിൽ സജീവമാണെന്നും ആസിഫ് പറഞ്ഞു. നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ വന്ന മീ ടു പരാതിയിൽ അമ്മയിലെ നിയമങ്ങൾ പ്രകാരം നടപടിയെടുക്കുന്നതിൽ പരിമിതിയുണ്ടെന്നും എടുത്തുചാടി നടപടിയെടുക്കാൻ സാധിക്കില്ലെന്നും ആസിഫ് അലി വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആസിഫ് അലി നിലപാട് വ്യക്തമാക്കിയത്.

 

Related posts