താരങ്ങള്‍ പരസ്പരം സ്ലഡ്ജ് ചെയ്യുന്നത് ക്രിക്കറ്റില്‍ സര്‍വ്വ സാധാരണമാണ്. എന്നാല്‍ ഓസീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ നേരിട്ടത് പരിധി ലംഘിച്ച സ്ലഡ്ജിംഗ് വെല്ലുവിളിയായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഓസീസ് കാണികള്‍ വംശീയ അധിക്ഷേപം കൂടി നടത്തിയതോടെ മാനസിക സമ്മര്‍ദ്ദങ്ങളുടെ മത്സരമായി മൂന്നാം ടെസ്റ്റ് വഴിമാറുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി വന്‍മതില്‍ തീര്‍ത്ത അശ്വിനെ ഓസീസ് നായകന്‍ ടിം പെയ്ന്‍ സ്ലഡ്ജ് ചെയ്ത രീതിയായിരുന്നു ഏറ്റവും വിവാദമായത്.
കളത്തിലിറങ്ങിയത് മുതല്‍ അശ്വിനെ പ്രകോപിതനാക്കാനുള്ള ശ്രമങ്ങള്‍ പെയ്ന്‍ ആരംഭിച്ചിരുന്നു.
“ഒരുപാട് കാത്തിരിക്കാന്‍ വയ്യ, നിങ്ങളെ നാലാം ടെസ്റ്റില്‍ നേരിടുന്നത്.”
അശ്വിന്റെ പേരെടുത്ത് വിളിച്ചായിരുന്നു പെയ്‌ന്റെ സ്ലഡ്ജ്. ചുട്ടമറുപടിയുമായി അശ്വിനും രംഗത്ത് വന്നതോടെ കളിയാക്കല്‍ സ്വഭാവം മാറി.
“നിങ്ങള്‍ ഇന്ത്യയിലേക്ക് കളിക്കാന്‍ വരുന്നത് കാത്തിരിക്കാനാവുന്നില്ല. അത് നിങ്ങളുടെ അവസാനത്തെ പരമ്ബര ആയിരിക്കും”
എന്നാണ് അശ്വിന്‍ നല്‍കിയ മറുപടി.
അശ്വിന്റെ മറുപടി വെറും ഭീഷണിയോ കളിയാക്കലോ മാത്രമല്ല. 2013 ഫെബ്രുവരിയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് സീരീസ് ഇതിന് ഉദാഹരണമാണ്. സീരീസിലെ നാല് ടെസ്റ്റുകളും തൂത്തുവാരിയ ധോനിയുടെ ടീമിന്റെ കുന്തമുനയായിരുന്നു രവിചന്ദ്ര അശ്വിന്‍. കളിക്കളത്തില്‍ ചരിത്രം ഒരിക്കല്‍ കൂടി അശ്വിന്‍ ഓസീസ് നായകനെ ഓര്‍മ്മപ്പെടുത്തിയെന്ന് പറയാം.
29 വിക്കറ്റുകളാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി സീരിസിലെ നാല് ടെസ്റ്റുകളില്‍ നിന്ന് അശ്വിന്‍ സ്വന്തമാക്കിയത്. മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും അശ്വിന്‍ നേടിയെടുത്തു. ഓസീസിന്റെ എക്കാലത്തെയും മികച്ച നായകനായ മൈക്കല്‍ ക്ലാര്‍ക്കിനും കൂട്ടര്‍ക്കെതിരെയും അന്ന് ടീം ഇന്ത്യ പുറത്തെടുത്ത പോരാട്ട മികവ് വലിയ പ്രശംസയേറ്റു വാങ്ങുകയും ചെയ്തിരുന്നു.
ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡ് മഹേന്ദ്ര സിംഗ് ധോനി സ്വന്തം പേരിലാക്കിയ സീരിസ് കൂടിയായിരുന്നു ഇത്. അശ്വിന്റെ ബൗളിംഗ് കരുത്തില്‍ തകര്‍ന്നടിഞ്ഞ കംഗാരുക്കള്‍ നാല് മത്സരങ്ങളിലും ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. നാല് മത്സരങ്ങളില്‍ നിന്നായി 430 റണ്‍സടിച്ച മുരളി വിജയിയായിരുന്നു സീരീസിലെ ടോപ് സ്‌കോറര്‍.