പ്രേക്ഷകരിലേക്ക് സസ്‌പെൻസുകൾ നിറച്ച് ദൃശ്യം 2 എത്തി. ഫെബ്രുവരി 18ന് രാത്രിയാണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. കോവിഡ് പശ്ചാത്തലത്തിൽ ഒ ടി ടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് വമ്പൻ സ്വീകരണമാണ് ലഭിച്ചത്. ആദ്യ ഭാഗത്തോട് തികച്ചും നീതി പുലർത്താൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. മികച്ച പ്രകടനമാണ് മോഹൻലാൽ അടക്കമുള്ള താരങ്ങളെല്ലാം കാഴ്ചവെച്ചിട്ടുള്ളത്.
അതേസമയം ആശ ശരത്തിനു പറയാനുള്ളത് സിനിമയിലെ ഏറ്റവും പ്രധാനപെട്ട ചില അനുഭവങ്ങളെക്കുറിച്ചാണ്. മോഹൻലാലിന്റെ മുഖത്ത് അടിക്കേണ്ട രംഗം വളരെ അധികം ടെൻഷനോടെയാണ് ചെയ്തതെങ്കിലും വീണ്ടും ദൃശ്യത്തിൽ അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നെന്നും ആശാ ശരത് പറഞ്ഞു. ദൃശ്യം 2വിലെ ഗീത പ്രഭാകർ എന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവ് തന്നെയാണ്. ദൃശ്യം ലൊക്കേഷനില്‍ എനിക്ക് ഒത്തിരി ഒത്തിരി പോസിറ്റീവ് ആയിട്ടുള്ള ഓര്‍മ്മകളാണുള്ളത്. ദൃശ്യത്തിന്റെ വിജയം ഒരു കൂട്ടുകെട്ടിന്റെ വിജയം കൂടിയാണ്. വളരെ കരുത്തുറ്റ കഥാപാത്രമായിരുന്നു ചിത്രത്തില്‍ എനിക്ക് ചെയ്യാൻ ഉണ്ടായിരുന്നത്. പ്രേക്ഷകര്‍ എക്കാലവും എന്നെ ഓര്‍മ്മിക്കുന്ന ഒരു കഥാപാത്രമാണ് പോലീസ് ഓഫീസര്‍ ആയ ഗീതാ പ്രഭാകര്‍.
പങ്കു വെക്കാൻ ഒട്ടേറെ അനുഭവങ്ങൾ ഉണ്ടെങ്കിലും ഇന്നുമെന്നെ അത്ഭുതപ്പെടുത്തുന്നത് ലാലേട്ടനുമായുള്ള ഒരു സീനാണ്. ചിത്രത്തില്‍ ഞാന്‍ ലാലേട്ടന്റെ മുഖത്തടിക്കുന്ന ഒരു സീനുണ്ട് . ആ സീൻ ചെയ്യാൻ എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. എന്നാൽ അത്തരം ഒരു സീൻ എന്റെ കഥാപാത്രത്തിന് അനിവാര്യമായിരുന്നു. ലാലേട്ടന്റെ മുഖത്ത് ഞാൻ അടിക്കുക. അത് ഓര്‍ക്കാന്‍പോലും എനിക്ക് വയ്യ. പക്ഷേ ആ സീനെടുത്തത് ലാലേട്ടനും ജിത്തു സാറും വളരെ കൂളായിട്ട് തന്നെയാണ് . കഥാപാത്രമാണ് അതിലൊന്നും ഒരു കാര്യവുമില്ല എന്ന് ലാലേട്ടന്‍ പറഞ്ഞു. വളരെ രസകരമായിട്ടായിരുന്നു ആ സീന്‍ ഷൂട്ട് ചെയ്തത് എങ്കിലും ആ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല എന്നും ആശാ ശരത് കൂട്ടിച്ചേർത്തു