വിനയ് ഫോര്‍ട്ട് അപൂര്‍വ്വരാഗം എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധനേടിയ യുവതാരമാണ്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. അപൂര്‍വ്വ രാഗത്തിന് പിന്നാലെ കൈ നിറയെ ചിത്രങ്ങളായിരുന്നു താരത്തിന്. നായകനായും സഹനടനായും വില്ലനായും പ്രേക്ഷകരുടെ പ്രിയങ്കരനാകാന്‍ വിനയ് ഫോര്‍ട്ടിനായി. പ്രേമം എന്ന ചിത്രത്തിലെ കഥാപാത്രം വിനയ് ഫോര്‍ട്ടിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറുകയായിരുന്നു.
അതേസമയം ഒരു അഭിമുഖത്തില്‍ പ്രതിഫലം കിട്ടാതെ പോയ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ടെന്ന് പറയുകയാണ് വിനയ് ഫോര്‍ട്ട്.സൂപ്പര്‍ഹിറ്റായ ഒരു ചിത്രത്തില്‍ അന്‍പതോളം ദിവസം വര്‍ക്ക് ചെയ്തിട്ടും പതിനായിരം രൂപ മാത്രമാണ് പ്രതിഫലമായി ലഭിച്ചതെന്നാണ് വിനയ് ഫോര്‍ട്ട് പറയുന്നത്. മാത്രവുമല്ല, അഭിനയിച്ചിട്ട് കാശ് കിട്ടാതെ പോയ ഒരുപാട് സിനിമകളുണ്ടെന്നും വിനയ് ഫോര്‍ട്ട് പറയുന്നു. ഒരു പുതുമുഖ നടന്റെ ആദ്യ രണ്ട് വര്‍ഷം എന്നൊക്കെ പറയുന്നത് അത്തരം നഷ്ടങ്ങളുടേത് കൂടിയാണ്.അതൊക്കെ സിനിമയുടെ ഭാഗമാണ്. കോടിക്കണക്കിന് ആളുകളില്‍ നിന്ന് എത്ര പേര്‍ക്കാണ് സിനിമയില്‍ അവസരം കിട്ടുന്നത്.
അങ്ങനെ ഭാഗ്യം കിട്ടുന്ന അവസരത്തില്‍ ഞാന്‍ അത് ചെയ്തില്ല. ഇങ്ങനെ ചെയ്യില്ല എന്നൊന്നും കലാകാരന്‍ പറയരുത്. കിട്ടുന്നതെന്തും ചെയ്യാനുളള മനസ് ആക്ടര്‍ക്ക് ഉണ്ടാകണം. ഞാന്‍ ആ കൂട്ടത്തില്‍പ്പെടുന്ന വ്യക്തിയാണ്. സിനിമയില്‍ അവസരങ്ങള്‍ ചോദിച്ചു നടന്നിട്ടുണ്ട്. അവഗണന നേരിട്ടിട്ടുണ്ട്. അങ്ങനെ കുറെയധികം പ്രതിസന്ധികള്‍ തരണം ചെയ്താണ് സിനിമയില്‍ നിലനില്‍ക്കാന്‍ ഒരു സ്പേസ് ഉണ്ടാക്കുന്നത്. ആ അവസരത്തില്‍ എന്ത് വന്നാലും ചെയ്യുക എന്നതാണ് എന്റെ രീതി. അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറഞ്ഞു.