ആർക്കും അങ്ങനെ സംഭവിച്ചില്ല എന്നുള്ളത് തന്നെ വലിയ ഭാഗ്യം: സർപ്പാട്ട പരമ്പരയെക്കുറിച്ച് ആര്യ!

ആര്യ കേന്ദ്രകഥാപാത്രമായെത്തുന്ന തമിഴ് ചിത്രമാണ് സര്‍പാട്ട പരമ്പരൈ. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് പാ രഞ്ജിത്ത് ആണ്. 1970കളില്‍ ചെന്നൈയില്‍ നിലനിന്നിരുന്ന ബോക്‌സിംഗ് കള്‍ച്ചറിന്റെ പശ്ചാത്തലത്തിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ ആര്യ എത്തുന്നത് കബിലന്‍ എന്ന കഥാപാത്രമായാണ്. ചിത്രത്തിനുവേണ്ടി ബോക്‌സിംഗ് രംഗങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഉണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് ആര്യ.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ആര്യ സംസാരിച്ചത്. ബോക്‌സിംഗ് വളരെ അടുത്ത കോണ്‍ടാക്ട് വരുന്ന സ്‌പോര്‍ട്‌സാണ്. അതുകൊണ്ട് തന്നെ പല സീനുകളുമെടുക്കുമ്പോള്‍ അടിയും ഇടിയും കൊള്ളുകയല്ലാതെ അഭിനേതാക്കള്‍ക്ക് മുന്നില്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. ഒട്ടുമിക്കവര്‍ക്കും കുറെ മുറിവുകള്‍ പറ്റിയിട്ടുണ്ട്. പക്ഷെ ഒന്നും അത്രക്ക് ഗുരുതരമായില്ല. ആരുടെയും എല്ലൊടിഞ്ഞില്ല എന്നത് തന്നെ മഹാഭാഗ്യമാണ് എന്ന് ആര്യ പറയുന്നു.

45 ദിവസത്തെ ഒരു വര്‍ക്ക്‌ഷോപ്പുണ്ടായിരുന്നു. സീനുകള്‍ക്ക് വേണ്ടിയുള്ള ഒരുക്കവും, ഭാഷാശൈലി പഠിക്കലും, ബോക്‌സറുടെ ശരീരഭാഷ ഉണ്ടാക്കലും ബോക്സിങ്ങിന്റെ ടെക്‌നിക് പഠിക്കലുമെല്ലാം ഇതിലുണ്ടായിരുന്നു. അതുകൊണ്ടാണ് സിനിമയുടെ രംഗങ്ങളെല്ലാം വളരെ റിയലും ആധികാരികവുമായി തോന്നുന്നത്. സിനിമയില്‍ ബോക്‌സര്‍മാരായി അഭിനയിക്കുന്നവര്‍ക്കെല്ലാം ബോക്‌സിംഗ് ദേശീയ താരത്തിന്റെ കീഴില്‍ പരിശിലീനം നല്‍കിയിരുന്നു. വളരെ കഷ്ടപ്പാട് നിറഞ്ഞ ഒരുക്കങ്ങളായിരുന്നു അവയെല്ലാം, പക്ഷെ ഒന്നും വെറുതായിപ്പോയെന്ന് തോന്നിയില്ലെന്നും ആര്യ പറഞ്ഞു.

ജൂലൈ 22ന് ആമസോണില്‍ റിലീസ് ചെയ്ത സര്‍പാട്ട പരമ്പരൈയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പാ രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. സന്തോഷ് നാരായണന്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മുരളി ജി. ക്യാമറയും സെല്‍വ ആര്‍.കെ. എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ദുശാറ വിജയന്‍, പശുപതി, കലൈയരസന്‍ തടുങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Related posts