പ്രണയം തോന്നേണ്ട കാലത്ത് മറ്റ് പലതിനോടുമായിരുന്നു തനിക്ക് താത്പര്യം: അരിസ്റ്റോ സുരേഷ് പറയുന്നു!

മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് അരിസ്റ്റോ സുരേഷ്. താരം കൂടുതൽ ശ്രദ്ധ നേടിയത് ബിഗ് ബോസ്സ് സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തിയതിന് ശേഷമാണ്. താരം തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത് നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ്. താരത്തിന്റെ ചിത്രത്തിലെ രസകരമായ അഭിനയം ഏറെ അഭിനന്ദിക്കപ്പെട്ടിരുന്നു. വളരെ സാധാരണ ജീവിതം നയിച്ചുകൊണ്ടിരുന്ന അരിസ്റ്റോ സുരേഷ് ചെറു കവിതകൾ എഴുതി, അവയ്ക്ക് താളം നൽകി, പാടി കാസറ്റുമിറക്കിയിട്ടുണ്ട്. താരത്തെ ആളുകൾ കൂടുതൽ അറിഞ്ഞുതുടങ്ങിയത് ആക്ഷൻ ഹീറോ ബിജുവിലെ മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ഗാനം പാടി അഭിനയിച്ചതിന് ശേഷമാണ്. ചിത്രത്തിൽ പൊലീസ് സ്‌റ്റേഷൻ പശ്ചാത്തലത്തിൽ അരിസ്‌റ്റോ സുരേഷ് പാടിയ പാട്ട് സൂപ്പർ ഹിറ്റായി. ഇതോടെയാണ് സാധാരണക്കാരനായ അരിസ്റ്റോ സുരേഷ് നടനും ഗായകനും രചയിതാവുമായി മാറി മലയാളികളുടെ മനസ്സിലിടം നേടിയത്.

ഇപ്പോഴിതാ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് തുറന്ന് പറയുകയാണ് അരിസ്റ്റോ സുരേഷ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വാക്കുകളിങ്ങനെ, ചെറുപ്പത്തിൽ പ്രണയമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ പെൺകുട്ടികൾക്ക് ഇങ്ങോട്ടും തോന്നണ്ടേ. പ്രണയം തോന്നേണ്ട കാലത്ത് മറ്റ് പലതിനോടുമായിരുന്നു തനിക്ക് താത്പര്യം. അടി, ഇടി, വെള്ളമടി ഒക്കെയായിരുന്നു ആ സമയത്ത്. എനിക്കെപ്പോഴും ഫ്രീയായി നടക്കണം. ഉത്തരവാദിത്വം ഒന്നും ഏറ്റെടുക്കുന്നത് എനിക്ക് ഇഷ്ടമല്ല. എനിക്ക് അറിയാവുന്ന പല യുവതികളും ഭർത്താക്കന്മാരെ ഉപേക്ഷിച്ചിട്ട് മറ്റ് വിവാഹ ബന്ധങ്ങളിലേയ്ക്ക് പോയിട്ടുണ്ട്. അതിൽ ഭൂരിഭാഗം പേരും കുടുംബത്തിന് വേണ്ടി ജീവിച്ചവരാണ്.

എന്നെപ്പോലുള്ളവരെ വിവാഹം കഴിച്ചാൽ അന്ന് രാത്രി തന്നെ ഡിവോഴ്സ് ആകുമെന്ന് ഉറപ്പാണ്. ആ ഭയമൊക്കെ എനിക്കുമുണ്ട്. കല്യാണത്തിനൊക്കെ ആരേലും വിളിച്ചാൽ ഇപ്പോൾ പോകാറില്ല. അവിടെയൊക്കെ എന്റെ കല്യാണക്കാര്യം ചോദിക്കും. ഇക്കാരണം കൊണ്ടാണ് കല്യാണത്തിനൊന്നും പോകാത്തത്. ആർക്കും എന്നോട് ദേഷ്യമൊന്നും തോന്നരുത്. തിരുവനന്തപുരം  കണ്ണേറ്റുമുക്ക് സ്വദേശിയാണ് അരിസ്റ്റോ സുരേഷ് എന്നറിയപ്പെടുന്ന സുരേഷ്. കുട്ടിക്കാലം മുതൽക്കേ പാട്ട് ഇഷ്ടമായിരുന്നു. മേശമേൽ താളമിട്ട് പാടിയിരുന്ന പതിവ് സുരേഷിന് അന്നുതൊട്ടേ ഉണ്ടായിരുന്നു. താളമിട്ട് പാട്ടുംപാടി എട്ടാംക്ലാസ്സിൽ മൂന്നുവട്ടമിരുന്നപ്പോൾ പഠനത്തോട് വിടപറഞ്ഞു. എസ്.എം.വി സ്‌കൂളിൽനിന്ന് ഇറങ്ങുമ്പോൾ മനസ്സ് നിറയെ പാട്ടും സിനിമയുമായിരുന്നു. പിന്നീട് തൊഴിലിനിടയിലും കിട്ടുന്ന സമയത്തുമെല്ലാം പാട്ടെഴുത്ത് തുടർന്നു.

Related posts