ജെയിംസ് ബോണ്ട് ചിത്രങ്ങൾ കാണാൻ തയ്യാറാണോ, പ്രതിഫലം മുക്കാൽ ലക്ഷം രൂപ

നേർഡ്ബിയർ.കോം എന്ന വെബ്‌സൈറ്റ് ജെയിംസ് ബോണ്ട് സിനിമ ആരാധകർക്കായി ഒരു കിടിലൻ ഓഫറുമായി വന്നിരിക്കുകയാണ്. നിങ്ങൾ ഒരു ജെയിംസ് ബോണ്ട് സിനിമ ആരാധകനാണെങ്കിൽ, ബ്രിട്ടീഷ് സീക്രട്ട് ഏജന്റ് സീരീസിലെ ഏറ്റവും പുതിയ സിനിമയായ നോ ടൈം റ്റു ഡൈ റിലീസ് ആവാൻ കാത്തിരിക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ അതിനു മുൻപായി ഇതുവരെയിറങ്ങിയ 24 ബോണ്ട് സിനിമകൾ 1000 ഡോളർ (ഏകദേശം 72,000 രൂപ) പ്രതിഫലമായി ലഭിച്ചു കൊണ്ട് കാണാൻ അവസരം ലഭിക്കുകയാണ്.

സെപ്റ്റംബർ 30-ന് മുൻപായി (നോ ടൈം റ്റു ഡൈയുടെ റിലീസ് ദിവസം) 1962-ൽ പുറത്തിറങ്ങിയ ഡോക്ടർ നോ മുതൽ അവസാനം പുറത്തിറങ്ങിയ 2015 ചിത്രം സ്പെക്ടർ വരെയാണ് കണ്ടു തീർക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് ലഭിക്കുക 1,000 ഡോളറും ബോണ്ട് സിനിമകൾ വാടകയ്‌ക്കെടുക്കാൻ 100 ഡോളറിന്റെ ആമസോൺ ഗിഫ്റ്റ് കാർഡും ഏറ്റവും പുതിയ ബോണ്ട് ചിത്രം നോ ടൈം റ്റു ഡൈ റിലീസ് ചെയ്യുമ്പോൾ കാണാൻ 50 ഡോളറിന്റെ എഎംസി ഗിഫ്റ്റ് കാർഡും ആണ്.

താല്പര്യമുള്ളവർ എന്തുകൊണ്ടാണ് താൻ ജെയിംസ് ബോണ്ട് ഫാൻ ആയത് എന്നും എന്തുകൊണ്ട് ഈ ഓഫർ നേടാൻ താൻ യോഗ്യൻ എന്നും വ്യക്തമാക്കിക്കൊണ്ട് നേർഡ്ബിയർ.കോം വെബ്‌സൈറ്റിലെ അപ്ലിക്കേഷൻ ഫോം പൂരിപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ആണ് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി എല്ലാ ജെയിംസ് ബോണ്ട് സിനിമകളും കണ്ടു തീർക്കേണ്ടത്. കൂടാതെ ഒപ്പമുള്ള വർക്ക്ഷീറ്റിൽ ചോദിക്കുന്ന കാര്യങ്ങൾ പൂരിപ്പിക്കുകയും വേണം.

Related posts