നടൻ മണിക്കുട്ടൻ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരനായത് താരം ബിഗ് ബോസ്സിൽ വന്നതിന് ശേഷമാണ്. ബിഗ്‌ബോസ് മലയാളം സീസൺ മൂന്നിലെ മത്സരാർത്ഥിയാണ് മണിക്കുട്ടൻ. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചില പേജുകളിൽ മണിക്കുട്ടന്റെ പ്രായം എഡിറ്റ് ചെയ്ത പാസ്സ്പോർട്ടിന്റെ ചിത്രം പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിനെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് താരത്തിന്റെ കുടുംബം.
സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന പാസ്സ്പോർട്ടിന്റെ ചിത്രത്തിൽ നടന് 39 വയസ്സ് പ്രായമുണ്ട് എന്ന രീതിയിലാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ഇതിനെതിരെ മണിക്കുട്ടന്റെ സുഹൃത്തും നടി ശരണ്യയുടെ ഭർത്താവുമായ അരവിന്ദ് കൃഷ്ണനാണ് രംഗത്തെത്തിയിരിക്കുന്നത്. ഔദ്യോഗിക ഐഡി കാർഡ് ആയ പാസ്പോർട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിൽ മണിക്കുട്ടന്റെ കുടുംബം നിയമപരമായി നീങ്ങുമെന്ന് അരവിന്ദ് കൃഷ്ണൻ വ്യക്തമാക്കി. മണിക്കുട്ടന്റെ യഥാർത്ഥ പാസ്പോർട്ടിന്റെയും വ്യാജന്റെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു അരവിന്ദ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
രാവിലെ മുതൽ കിടന്നു കറങ്ങുന്ന ഒരു ഫോർവേഡ് ആണ് മണിക്കുട്ടന്റെ പാസ്പോർട്ട് എന്നും പറഞ്ഞുള്ള പോസ്റ്റ്. ഫോട്ടോഷോപ്പ് ഒക്കെ ചെയ്യുമ്പോൾ വൃത്തിക്ക് ചെയ്യണം കേട്ടോ. ഒരു ഒറിജിനൽ ഡേറ്റ് ഓഫ് ബർത്ത് ഉള്ളത് കൂടെ ചേർക്കുന്നു. പിന്നെ പാസ്പോർട്ട് എന്നത് ഒരു ഔദ്യോഗിക ഐഡി കാർഡ് ആണ്. ഇത് എഡിറ്റ് ചെയ്യുന്നത് നിയമപരമായി തെറ്റാണ് എന്നാണ് എന്റെ അറിവ്. അതുകൊണ്ടുതന്നെ മണിയുടെ കുടുംബം ഇത് നിയമപരമായി നേരിടാനുള്ള തയാറെടുപ്പിലാണ് എന്ന സന്തോഷവാർത്ത സ്വീകരിച്ചാലും. നന്ദി, നമസ്കാരം എന്നാണ് അരവിന്ദ് കൃഷ്ണൻ പറഞ്ഞത്.