അങ്കമാലിയിലെ അപ്പാനി രവിയെ മലയാളികൾ അത്ര പെട്ടെന്ന് മറക്കുമെന്നു തോന്നുന്നില്ല. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അപ്പാനി ശരത്. അപ്പാനി രവി എന്ന വേഷമാണ് താരം ചിത്രത്തിൽ അവതരിപ്പിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. പോക്കിരി സൈമൺ, പൈപ്പിൻ ചുവട്ടിലെ പ്രണയം, ചെക്ക ചിവന്ത വാനം, സച്ചിൻ, സണ്ടകോഴി2, കോണ്ടസ, ലവ് എഫ് എം തുടങ്ങിയ സിനിമകളാണ് അപ്പാനി അഭിനയിച്ച പ്രധാന സിനിമകൾ. തമിഴിൽ ഇറങ്ങിയ ഓട്ടോശങ്കർ എന്ന വെബ് സീരീസിൽ ശ്രദ്ധേയ പ്രകടനം അപ്പാനി നടത്തിയിരുന്നു. ‘മിഷൻ സി’ എന്ന ചിത്രമാണ് അപ്പനി ശരത്തിന്റെ പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം.
ഇപ്പോളിതാ അച്ഛന്റെ പിറന്നാൾ ദിനത്തിൽ വികാരഭരിതമായ കുറിപ്പുമായെത്തിയിരിക്കുകയാണ് അപ്പാനി ശരത്. ആദ്യമായിട്ടാണ് അച്ഛനെക്കുറിച്ചുള്ള ഒരു പിറന്നാൾ കുറിപ്പെന്ന ആമുഖത്തോടെയാണ് ശരത് വളർന്നുവന്ന ജീവിത സാഹചര്യങ്ങൾ പറയുന്നത്. കാശും പണവുമല്ല ജീവിതത്തിലെ മാനദണ്ഡമെന്നും അത് സ്‌നേഹമാണെന്നും പഠിപ്പിച്ചത് അച്ഛനാണ്. കലാ രംഗത്തേക്ക് തന്റെ ബാല്യത്തെ കൂട്ടി കൊണ്ടുപോയതിലും അച്ഛൻ നൽകിയ സംഭാവന വലുതാണ്. അച്ഛന്റെ തൊഴിൽ നാട്ടിലെ ഒരു ലൈറ്റ് ആൻഡ് സൗണ്ട്സിലാണ്. അച്ഛൻ സൗണ്ട് ഓപ്പറേറ്റ് ചെയ്യാത്ത സൗണ്ടുകളും അമ്പലങ്ങളും നാട്ടിൽ ഇല്ലെന്ന് കുറിപ്പിൽ പറയുന്നു.
ഇന്ന് അച്ഛന്റ്റെ പിറന്നാളാണ്. ആദ്യാമായിട്ടായിരിക്കും അച്ഛനെ കുറിച്ചുള്ള ഒരു പിറന്നാൾ കുറിപ്പ്..ഷൂട്ടിംഗ് തിരക്കുകൾ കാരണം ഞാൻ എറണാകുളത്തേക്ക് താമസം മാറിയപ്പോൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്തത് അച്ഛന്റെയും അമ്മയോടും ഒപ്പമുള്ള നിമിഷങ്ങളാണ്..കാശും പണവും ഒന്നുമല്ല ജീവിതത്തിലെ മാനദണ്ഡമെന്നും അത് സ്നേഹമാണെന്നും എന്നെ പഠിപ്പിച്ചത് അച്ഛനാണ് അതായിരിക്കാം. ചെറുതാണേലും നമ്മുടെയൊക്കെ കുടുംബങ്ങളുടെ അടിത്തറയും അതുപോല തന്നെ കലാ രംഗത്തേക്ക് എന്റെ ബാല്യത്തെ കൂട്ടി കൊണ്ട് പോയതിലും അച്ഛൻ നൽകിയ സംഭാവന വലുതാണ്. കുട്ടി കാലത്തെ നാടക സംഘത്തിലേക്ക് സജീവമാകുന്നതിനു മുൻപേ കല എന്റെ സിരകളിലേക്ക് പകർന്നത് അച്ഛന്റെ സാനിധ്യം തന്നെ ആണ്… അച്ഛൻ കലാകാരൻ ഒന്നുമല്ല അതിനേക്കാൾ വല്യ പൊസിഷനിൽ ആണ് അച്ഛന്റെ പ്രവർത്തന മേഖല. മറ്റൊന്നും അല്ല എനിക്ക് ഓർമ വെച്ച നാൾ മുതൽ അച്ഛന്റെ തൊഴിൽ നാട്ടിലെ ഒരു ലൈറ്റ് ആൻഡ് സൗണ്ട്സിലാണ്… അച്ഛൻ സൗണ്ട് ഓപ്പറേറ്റ് ചെയ്യാത്ത സൗണ്ടുകളും അമ്പലങ്ങളും ഇല്ലാ നാട്ടിൽ.. അത്രക്കുണ്ട് അച്ഛന്റെ കലാ പാരമ്പര്യം.
കുഞ്ഞു നാളുകളിൽ കലാ പരിപാടികൾ നടക്കുമ്പോൾ അച്ഛൻ എന്നെയും കൂട്ടാറുണ്ട് തിരുമല ചന്ദ്രൻ ചേട്ടന്റ മിമിക്സും അതുല്യയുടെ നാടകവുമെല്ലാം അച്ഛന്റെ ചുമരിൽ ഇരുന്ന് കണ്ടത് ഇന്നും മനസ്സിൽ ഉണ്ട്. അരുവിക്കര അമ്പലത്തിൽ മണ്ഡലച്ചിറപ്പും ഗാനമേളയും ഒക്കെ എന്നിലെ കുഞ്ഞു കലാകാരന്റെ മനസിന് ഊർജം നൽകി ഈ മഹാമാരിക്കാലത്ത് ഏറ്റവും കൂടുതൽ നഷ്ടബോധമുണ്ടാക്കുന്നതും അതൊക്കെയാണ്.. ഒരു പക്ഷെ എന്റെ അച്ഛൻ മറ്റൊരു തൊഴിൽ ആയിരുന്നു എടുത്തിരുന്നത് എങ്കിൽ അമ്പലപ്പറമ്പുകളിലും നിറങ്ങളിൽ നിന്നും എന്റെ ജീവിതം മറ്റൊരിടത്തേക് പറിച്ച് നട്ടേനെ അച്ഛന്റെ ചുമരിലേരി കലാപരിപാടികൾ കണ്ട പല അമ്പലപ്പറമ്പുകളിലും അച്ഛന്റെ ലൈറ്റ് ആൻഡ് സൗണ്ട്സിൽ മിമിക്രി കളിക്കാൻ കഴിഞ്ഞതും ജീവിതത്തിലെ ഏട്ടവും വല്യ ഭാഗ്യമായികാണുന്നു. അതെ അമ്പലപ്പറമ്പിൽ ഞാൻ അഭിനയിച്ച സിനിമ ഗാനങ്ങൾ അച്ഛൻ ഉറക്കെ കേൾപ്പിച്ചു കൂട്ടുകാരോട് അതിനേക്കാൾ ഉറക്കെ വിളിച്ച് പറയും. ഈ പാട്ടിൽ ഡാൻസ് കളിച്ചത് എന്റെ മകനാണെന്ന്. അത് മതി ജീവിതത്തിൽ ഒരു മകനെന്ന രീതിയിൽ എനിക്ക് ലഭിക്കാവുന്ന ഏറ്റവും വല്യ ബഹുമതി.