ബാലതാരമായി കടന്നുവന്നു പിന്നീട് മലയാള സിനിമയിലെ മുൻനിര നായികയായി മാറിയ താരമാണ് അപർണ്ണ ബാലമുരളി. ചെയ്യുന്ന ഓരോ സിനിമയിലും തന്റേതായ കയ്യൊപ്പ് പതിപ്പിക്കുവാൻ അപർണ്ണയ്ക്ക് സാധിച്ചിട്ടുണ്ട്. യാത്ര തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അപർണ്ണ സിനിമ അഭിനയത്തിലേക്ക് എത്തിയത് എങ്കിലും മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക പ്രീതി നേടിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം കഴിഞ്ഞ ദിവസമാണ് താരത്തിന് ലഭിച്ചത്. സുധ കൊങ്കരയുടെ സംവിധാനത്തിൽ സൂര്യ നായകനായ സുററൈയ് പോട്രു എന്ന ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രമാണ് താരത്തെ ഈ അവാർഡിന് അർഹനാക്കിയത്.
ഇപ്പോഴിതാ സിനിമയിൽ ഒരേ ജോലി ചെയ്യുന്നവർക്ക് ലിംഗഭേദമെന്യേ തുല്യവേതനത്തിന് അർഹതയുണ്ടെന്ന് പറയുകയാണ് താരം. സമൂഹപ്രസക്തിയുള്ള സിനിമയാണെങ്കിൽ, പ്രതിഫലം കുറയ്ക്കാൻ തയ്യാറാണ്. സിനിമകളിലും നായകനും നായികയും ഒരുപോലെ പ്രാധാന്യമുള്ളവരായിരിക്കണം. ലിംഗസമത്വം പോലുള്ള ലക്ഷ്യങ്ങളിലെത്തേണ്ടത് അത്യന്താപേക്ഷിതമാണ്. എല്ലാവരും ഒരേ ജോലിയാണ് ചെയ്യുന്നത്. വിവേചനം കാണിക്കേണ്ട ആവശ്യമില്ല. വലിയ ശമ്പളം വാങ്ങാറില്ല എന്നതുകൊണ്ട് അത് കുറയ്ക്കേണ്ട കാര്യമില്ലെന്നും അപർണ പറഞ്ഞു. .
സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ മാത്രമല്ല, സ്ത്രീ കേന്ദ്രീകൃതമല്ലാത്ത സിനിമകളിലും സ്ത്രീകഥാപാത്രങ്ങൾ പ്രധാനമായിരിക്കണം. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളിൽ പ്രവർത്തിക്കാൻ ഇത്രയധികം ആളുകൾ എത്തുന്നു എന്നത് ആശ്വാസകരമാണ്. ഒരു സിനിമാ സംഘടനയിൽ ആദ്യമായി ഒരു സ്ത്രീ മേക്കപ്പ് ആർട്ടിസ്റ്റിന് അംഗത്വം നൽകിയത് വിപ്ലവകരമായ മാറ്റമാണെന്നും അപർണ കൂട്ടിച്ചേർത്തു.