മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സ്വഭാവികാഭിനയമാണ് അനുശ്രീയെ ഇത്രത്തോളം ജനപ്രീയ ആക്കുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തിയ ഡയമണ്ട് നെക്ലസ്സിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു.
ഇപ്പോളിതാ അനുശ്രീ പങ്കുവച്ചൊരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. പതിവ് പോലെ തമാശയോ സന്തോഷമോ ഒന്നുമല്ല ഇത്തവണ താരം പങ്കുവച്ചിരിക്കുന്നത്. തനിക്ക് അതിജീവിക്കേണ്ടി വരുന്ന സങ്കടത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച വളരെയധികം സങ്കടകരമായിരുന്നുവെന്നാണ് അനുശ്രീ പറയുന്നത്. എന്നാൽ ആ സങ്കടത്തിന്റെ കാരണം എന്തെന്ന് താരം തുറന്ന് പറഞ്ഞിട്ടില്ല. കഴിഞ്ഞ ഒരാഴ്ച മോശമായിരുന്നു. പേടിയുടെ ഒരാഴ്ചയായിരുന്നു. കരച്ചിലിന്റെ ഒരാഴ്ചയായിരുന്നു. സംശയത്തിന്റെ ഒരാഴ്ചയായിരുന്നു. സങ്കടത്തിന്റേയും ഏകാന്തതയുടേയും ഒരാഴ്ചയായിരുന്നു. ഉത്കണ്ഠയുടേയും പ്രതീക്ഷയുടേയും ഒരാഴ്ചയായിരുന്നു. പരിഹരിക്കപ്പെടുന്നതിനായി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ഞാൻ. പക്ഷെ അത് മാറില്ലെന്ന് എനിക്കുറപ്പാണെന്നാണ് താരം പറയുന്നത്.
അതിനാൽ ആൻ മുന്നോട്ട് പോകാൻ തീരുമാനിച്ചു. കാരണം എനിക്ക് ആസ്വദിക്കാൻ ഒരു ലോകമുണ്ട്. സ്‌നേഹിക്കാൻ ഒരു കുടുംബമുണ്ട്. പിന്തുണയ്ക്കാൻ സുഹൃത്തുക്കളുണ്ട്. മനോഹരമായൊരു ജീവിതം മുന്നിലുണ്ട്. അതിനാൽ ഇനി മുതൽ ഞാൻ ഈ സങ്കടത്തിലേക്ക് ഒരിക്കലും തിരിഞ്ഞുനോക്കില്ല. ഈ സങ്കടത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നത് ഇത് അവസാനമായിട്ടാണ്. ഇവിടെ തുടങ്ങുന്നു പുതിയ തുടക്കമെന്ന് പറഞ്ഞാണ് താരം കുറിപ്പ് അവസാനിക്കുന്നത്. എന്താണ് താരത്തെ അലട്ടുന്ന സങ്കടം എന്നാണ് ആരാധകർ ചോദിക്കുന്നത്. താരം അതേക്കുറിച്ച് കൂടുതൽ സംസാരിക്കാൻ തയ്യാറാകുന്നില്ല. അതേസമയം താരത്തിന് പിന്തുണയുമായി ആരാധകർ എത്തുന്നുണ്ട്. മുന്നോട്ട് പോകാൻ സാധിക്കട്ടെ, സങ്കടം ഇനിയും അലട്ടാതിരിക്കട്ടെ എന്ന് ആരാധകർ പറയുന്നു.