തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് അനുപമ പരമേശ്വരന്‍. പ്രേമം എന്ന മലയാള ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരം തെലുങ്ക് ഉൾപ്പടെ തെന്നിന്ത്യൻ ഭാഷകളിൽ ഏറെ തിരക്കേറിയ താരമാണ്. സമൂഹ മാധ്യമങ്ങളിൽ അനുപമ ഏറെ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ഒരുകാലത്ത് താന്‍ ഏറ്റവും വെറുത്തിരുന്നത് തരംഗമായി മാറിയ തന്റെ മുടി തന്നെ ആയിരുന്നു എന്നാണ് ഇപ്പോള്‍ അനുപമ പറയുന്നത്. സമൂഹം തന്നെ വിശ്വസിപ്പിച്ച മുടിയെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അതിന് കാരണമെന്നും ആ വീക്ഷണം മാറ്റിയത് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ആണെന്നും അനുപമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അനുപമയുടെ കുറിപ്പ് ഇങ്ങനെ, ഗുഡ് ഹെയര്‍ ഡെയ്‌സ് ബാഡ് ഹെയര്‍ ഡെയ്‌സ്, സത്യസന്ധമായി പറയുകയാണെങ്കില്‍ ബാഡ് ഹെയര്‍ ഡേ എന്നൊന്നില്ല. ആളുകള്‍ എന്നോട്, മുടി മനോഹമാണെന്നും ഇത് ശരിക്കുമുള്ളതാണോ, ഈ മുടി വളരെ ഇഷ്ടമാണ്, എനിക്കും നിങ്ങളെപ്പോലെ ചുരുണ്ടമുടി ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കാറുണ്ട് എന്നെല്ലാം പറയുമ്പോള്‍ എനിക്ക് ഓര്‍മ്മവരുന്നത് മുടിയെ ഓര്‍ത്ത് അരക്ഷിതാവസ്ഥിയിലൂടെ കടന്നുപോയ ചുരുളന്‍ മുടിയുടെ പേരില്‍ നിരന്തരം കളിയാക്കലുകള്‍ ഏറ്റുവാങ്ങിയിരുന്ന ഒരു ടീനേജ് പെണ്‍കുട്ടിയെയാണ്. എല്ലാ ദിവസവും രാവിലെ അമ്മയും അടുത്തേക്ക് ഓടും, പറ്റാവുന്നതില്‍ ഏറ്റവും മുറുക്കെ മുടി പിന്നിക്കെട്ടി തരണമെന്നും പറഞ്ഞ്, കാരണം ക്ലാസിലെത്തുമ്പോള്‍ കൂട്ടുകാര്‍ പേപ്പര്‍ ബോളും പേനയുടെ അടപ്പും മിഠായിപ്പൊതിയും എന്തിന് ഉണക്കപ്പുല്ല് വരെ മുടിയില്‍ തിരികികയറ്റുന്നതോര്‍ത്ത് അവള്‍ക്ക് പേടിയായിരുന്നു. വൈക്കോല്‍ കൂന, തേനീച്ചക്കൂട്, കാട് എന്നിങ്ങനെയുള്ള വിളികള്‍ ഒഴിവാക്കാന്‍ ഒരിക്കലും മുടി അഴിച്ചിടില്ലായിരുന്നു. അവള്‍ അവളുടെ മുടിയെ വെറുത്തിരുന്നു, കാരണം സ്‌ട്രെയിറ്റ് മുടിയാണ് അഴകെന്നായിരുന്നു അവള്‍ കരുതിയിരുന്നത്.
ശരിക്കും സമൂഹമാണ് അവളില്‍ സ്‌ട്രെയിറ്റ് സില്‍ക്കി മുടിയാണ് നല്ലതെന്ന് വിശ്വസിപ്പിച്ചത്. അവര്‍ പലപ്പോഴും മുടി നിവരാന്‍ അവള്‍ക്ക് വിദ്യകള്‍ ഉപദേശിച്ച് നല്‍കി. അങ്ങനെ ഒരു ദിവസം അവളെ ഒരു ഓഡിഷന് വിളിച്ചു, സിനിമയുടെ ഓഡിഷന്‍. അപ്പോള്‍ അവളുടെ ഉള്ളിലെ ഉല്‍കണ്ഠ 100ല്‍ ആയിരുന്നു, അവളുടെ കഴിവില്‍ ആത്മവിശ്വാസം ഇല്ലാഞ്ഞിട്ടല്ല, മറിച്ച് ഇംപെര്‍ഫെക്ട് മുടിയായിരുന്നു കാരണം. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം, ഇന്ന് അവള്‍ അറിയപ്പെടുന്നത് നീണ്ട മനോഹരമായ അഴകാര്‍ന്ന ചുരുണ്ട മുടിയുടെ പേരിലാണ്. ഇതാണ് പ്രേമത്തിലെ ചുരുണ്ടമുടിക്കാരിയുടെ കഥ. പിന്നോട്ട് നോക്കുമ്പോള്‍ എന്നെ ഞാനായിത്തന്നെ കണ്ട് അഭിനന്ദിച്ചിരുന്ന ആളുകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹമുണ്ട്. എന്റെ ജീവിതം മാറ്റാനും എന്റെ ഭാഗമായിരുന്ന ഞാന്‍ ഏറ്റവുമധികം വെറുത്തിരുന്ന ഒരുകാര്യത്തെ കുറിച്ചുള്ള വീക്ഷണം തീരുത്താനും ഒരൊറ്റ അല്‍ഫോന്‍സ് പുത്രന്‍ മാത്രം മതിയായി. എന്റെ മുടി മനോഹരമാണെന്ന് എനിക്ക് ആദ്യമായി തോന്നിയത് പ്രേമത്തില്‍ കണ്ടപ്പോഴാണ്, അല്‍ഫോന്‍സേട്ടാ, നിങ്ങള്‍ക്ക് നന്ദി പറഞ്ഞാല്‍ മതിയാകില്ല. ഇത് മുടിയെക്കുറിച്ച് മാത്രമല്ല, ഇങ്ങനെയാണ് സമൂഹവും സൗന്ദര്യ മാനദണ്ഡങ്ങളും ഒരാളുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുന്നത്. സൗന്ദര്യം കാണുന്നവന്റെ കണ്ണിലാണ്’ എന്ന് പറയുന്നത് പോലെ, അതേ അത് കാഴ്ചപ്പാട് മാത്രമാണ്. സെല്‍ഫ് ലവ്, സെല്‍ഫ് അക്‌സെപ്റ്റന്‍സ് എന്നീ രണ്ട് കാര്യങ്ങളില്‍ ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. നിങ്ങളും അങ്ങനെ ചെയ്യൂ, അതാണ് വിജയത്തിന്റെ താക്കോല്‍.