ബീഹാറിലെ എസ്.ടി.ഇ.ടി ടെസ്റ്റ് പാസായിരിക്കുകയാണ് നടി അനുപമ പരമേശ്വരന്‍. പക്ഷെ ഇതിലെ വിരോധാഭാസം എന്തെന്നാൽ ഈ സംഭവം നടി പോലും അറിഞ്ഞിട്ടില്ല. ബീഹാറിലെ വിദ്യാഭ്യാസ വകുപ്പ് 2019ൽ നടത്തിയ സെക്കന്ററി ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (എസ്.ടി.ഇ.ടി.) ൽ റിസള്‍ട്ട് ഷീറ്റിലെ ഒരു ഉദ്യോഗാര്‍ത്ഥിയുടെ ചിത്രത്തിന് പകരം നടി അനുപമ പരമേശ്വരന്റെ ചിത്രമാണ് അച്ചടിച്ചു വന്നിരിക്കുന്നത്. യുവാവായ ഹൃഷികേശ് കുമാറിന്റെ റിസൾട്ട് ഷീറ്റിൽ ആണ് അനുപമയുടെ ചിത്രം തെറ്റായി വന്നത്.
ഇതാദ്യമായല്ല നടിയുടെ ചിത്രം സംസ്ഥാനതല പരീക്ഷാ ഫലങ്ങളില്‍ അബദ്ധത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 2019 ല്‍ 98.50 പോയിന്റുമായി ബീഹാര്‍ പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിംഗ് വകുപ്പ് (പി.എച്ച്.ഇ.ഡി) പുറത്തിറക്കിയ ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള മെറിറ്റ് പട്ടികയില്‍ ബോളിവുഡ് നടി സണ്ണി ലിയോണി ഇടം പിടിച്ചിരുന്നു.
ഇതോടെ പരീക്ഷാഫല പ്രഖ്യാപനത്തിലും മൂല്യനിര്‍ണയത്തിലും ക്രമക്കേടുണ്ടെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. നിരവധി ഉദ്യോഗാര്‍ത്ഥികളും പ്രതിഷേധവുമായി വന്നിട്ടുണ്ട് ക്രമക്കേടില്ലാതെ ഒരു സര്‍ക്കാര്‍ ജോലിപോലും ബീഹാറില്‍ നല്‍കുന്നില്ല എന്നാണ് തേജസ്വിയുടെ ആരോപണം. എസ്.ടി.ഇ.ടി. പേപ്പര്‍ ഒന്ന് വിജയകരമായി യോഗ്യത നേടിയവര്‍ 9, 10 ക്ലാസുകള്‍ പഠിപ്പിക്കാന്‍ യോഗ്യരാണ്. പേപ്പര്‍ രണ്ട് യോഗ്യത നേടിയവര്‍ 11, 12 ക്ലാസുകള്‍ പഠിപ്പിക്കാന്‍ യോഗ്യരാണ്.