ഫൈനലി അത് സംഭവിക്കുന്നു! അനുമോളെ കുറിച്ചുള്ള ആ സസ്പെൻസ് പൊട്ടിച്ച് ലക്ഷ്മി നക്ഷത്ര!

അനുമോൾ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ്. നിരവധി പരമ്പരകളിൽ തിളങ്ങിയ താരം പിന്നീട് സ്റ്റാർ മാജിക് ഷോയിലെ സ്ഥിരം സാന്നിധ്യമായി മാറുകയായിരുന്നു. നിഷ്‌കളങ്കമായ സംസാരവും ചിരിയുമൊക്കെ അനുവിന് നിരവധി ആരാധകരെ നേടി കൊടുത്തിട്ടുണ്ട്. അനിയത്തി എന്ന പരമ്പരയിലൂടെയാണ് താരം മിനിസ്ക്രീൻ അഭിനയരംഗത്തേക്ക് ശ്രദ്ധേയയാകുന്നത്. പിന്നീട് സീത, ഒരിടത്ത് ഒരു രാജകുമാരി തുടങ്ങിയ പരമ്പരകളിലും താരം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ താരം വിവാഹിതയാകുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ലക്ഷ്മി നക്ഷത്രയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. അനുക്കുട്ടിക്ക് കല്യാണമുണ്ടെന്നും ഇനി വെഡ്ഡിങ് ഷോപ്പിംഗാണെന്നുമായിരുന്നു ലക്ഷ്മി പറഞ്ഞത്.

കഴിഞ്ഞ ദിവസവും വൈകിയോളം ഷൂട്ടുണ്ടായിരുന്നുവെന്നും ഷോപ്പിംഗ് ഇഷ്ടമുള്ളതുകൊണ്ടാണ് പോവുന്നതെന്നും ലക്ഷ്മി പറഞ്ഞിരുന്നു. പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ കൃത്യസമയത്ത് തന്നെ അനു എത്തിയിരുന്നു. ചേച്ചിയുടെ പ്ലാനെന്താണെന്ന് ചോദിച്ചപ്പോഴാണ് ഞാൻ ഷോപ്പിംഗിന് പോവുന്നതിനെക്കുറിച്ച് പറഞ്ഞത്. അങ്ങനെയാണ് അവളും കൂടെ വരാനായി തീരുമാനിച്ചത്. അനുവിന് ഇപ്പോൾ ഷോപ്പിംഗിന്റെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഞെട്ടിക്കുന്ന കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്. അത് ഞാൻ പുറത്ത് വിടാൻ പാടുണ്ടോ എന്നറിയില്ല. അനുവിന്റെ ലൈഫിലെ വലിയൊരു കാര്യമാണ്, നിങ്ങൾ കേൾക്കാനാഗ്രഹിക്കുന്ന കാര്യമാണെന്നും പറഞ്ഞായിരുന്നു ലക്ഷ്മി അനുവിനെ പിക് ചെയ്യാനായി പോയത്. ചിലർക്ക് ചില കാര്യങ്ങളൊക്കെ പറയാനുണ്ട്, ഫൈനലി അത് സംഭവിക്കുന്നുവെന്നുമായിരുന്നു ലക്ഷ്മി നക്ഷത്ര അനു എത്തിയപ്പോൾ പറഞ്ഞത്.

ഗൃഹോപകരണങ്ങൾ വിൽക്കുന്ന പ്രമുഖ ഷോപ്പിലേക്കായിരുന്നു ലക്ഷ്മിയും അനുവും പോയത്. ഓണം ഓഫറുകളെക്കുറിച്ചും നിലവിലെ ഡിസ്‌കൗണ്ടുകളെക്കുറിച്ചും ഇരുവരും ചോദിച്ചിരുന്നു. അവൻ എന്ന് പറഞ്ഞായിരുന്നു അനുമോൾ ഓവൻ എവിടെയാണെന്ന് ചോദിച്ചത്. പർച്ചേസിംഗിനിടയിൽ അനു ആരെയോ വിളിച്ച് സംസാരിക്കുന്നതും വീഡിയോയിൽ കാണിച്ചിരുന്നു. അച്ഛനാണ് വിളിച്ചത്, തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ് കട്ട് ചെയ്യുകയായിരുന്നു. ഇവളെന്റെ സ്വന്തം അനിയത്തിയായത് കൊണ്ട് കോൾ ലിസ്‌റ്റൊക്കെ നോക്കാമെന്ന് പറഞ്ഞ് ഫോൺ പരിശോധിച്ചിരുന്നു ലക്ഷ്മി നക്ഷത്ര. ആരാണ് ഏട്ടനെന്ന് ചോദിച്ചപ്പോൾ അത് പിന്നെ പറയാമെന്നായിരുന്നു അനുവിന്റെ മറുപടി. കുട്ടിക്ക് ഞാനൊരു സമ്മാനം വാങ്ങിയിട്ടുണ്ട്. കല്യാണം കഴിഞ്ഞ് ഏട്ടന്റെ വീട്ടിൽ പോയാലും ഇത് ഉപയോഗിക്കാമെന്നും പറഞ്ഞായിരുന്നു ലക്ഷ്മി നക്ഷത്ര അനുവിനുള്ള ഗിഫ്റ്റ് തിരഞ്ഞെടുത്തത്. ചേച്ചിയെന്ന നിലയിൽ അനിയത്തിക്ക് ഏറ്റവും ബെസ്റ്റ് തന്നെ കൊടുക്കണമല്ലോ. അനുവിന്റെ വീട്ടിലേക്ക് നേരിട്ട് പോവുന്നുണ്ടെന്നും അച്ഛനും അമ്മയോടും വിശേഷങ്ങൾ ചോദിക്കുന്നുണ്ടെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞിരുന്നു.

Related posts