മോഹൻലാലും ജീത്തു ജോസെഫും ഒരുമിച്ച് മലയാളികൾക്ക് എന്നല്ല ലോക സിനിമയ്ക്ക് നൽകിയ സംഭാവനയാണ് ദൃശ്യം. മലയാളം കടന്ന് തമിഴും തെലുങ്കും കന്നഡയും ഹിന്ദിയുമൊക്കെ കടന്ന് ചൈനീസ് ഭാഷയിൽ വരെ ചിത്രം എത്തിയിരുന്നു. 2013 ൽ പുറത്തുവന്ന ചിത്രത്തിന് രണ്ടാം ഭാഗം 7 വർഷത്തിന് ഇപ്പുറം പുറത്ത് ഇറങ്ങിയപ്പോൾ വൻ ജന സ്വീകാര്യതയാണ് ലഭിച്ചത്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമെ പറ്റിയുള്ള പ്രചരണങ്ങൾക്ക് വ്യക്തത വരുത്തിയിരിക്കുകയാണ് നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ. ഇരുവരും ഒന്നിക്കുന്ന പുത്തൻ ചിത്രം ദൃശ്യം മൂന്ന് ആയിരിക്കില്ലെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ദൃശ്യത്തിൻറെ മൂന്നാം ഭാഗം പിന്നീടേ ഉള്ളൂവെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാൻ നിർമ്മാതാവ് തയ്യാറായില്ല. മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോഴെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് കർശനമാക്കിയതോടെ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിൻ്റെ ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. മോഹന്‍ലാലിനെ കൂടാതെ പൃഥ്വിരാജും ബറോസിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. പിന്നാലെ മോഹന്‍ലാല്‍ ചെന്നൈയിലെ വീട്ടിലേക്ക് പോവുകയും ബിഗ്ബോസ് അവതാരകനായി പ്രേക്ഷകരിലേക്കെത്തുകയും ചെയ്തിരുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിച്ചാൽ മാത്രമേ ബറോസ് ചിത്രീകരണം പുനഃരാരംഭിക്കുകയുള്ളൂ.
ബറോസ് പൂര്‍ത്തിയായാല്‍ മോഹന്‍ലാല്‍ അഭിനയിക്കുക പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന സിനിമയും അണിയറയിൽ പൂർത്തിയാകാനായി കാത്തു കിടക്കുകയാണ്. ഈ സിനിമ ഇനി വിദേശ ലൊക്കേഷനുകളിലാണ് ചിത്രീകരിക്കേണ്ടതായുള്ളതെന്ന് സംവിധായകനും നേരത്തേ വ്യക്തമാക്കിയിരുന്നു.