അനൂപ് മേനോന്‍ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. അഭിനേതാവ് എന്നതിലുപരി സംവിധായകനായും തിരക്കഥാകൃത്തായും അദ്ദേഹം തിളങ്ങി. അനൂപ് മേനോന്റെ തുടക്കം ചാനലുകളില്‍ അവതാരക വേഷമിട്ടുകൊണ്ടായിരുന്നു. അഭിനയം ജീവിതത്തിനു തുടക്കം കുറിക്കുന്നത് സീരിയലുകളിലൂടെയാണ്. പിന്നീട് സിനിമയിലേക്കും താരം ചുവട് വച്ചു. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥ എന്ന ചിത്രത്തിലൂടെ അനൂപ് നേടിയിരുന്നു. സിനിമയില്‍ ഇരുപത് വര്‍ഷമായി സജീവമായി നില്‍ക്കുന്ന അനൂപ് മേനോന്‍ താൻ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും ആ യാത്രയില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ഇപ്പോള്‍.
സീരിയലില്‍ നിന്ന് സിനിമയിലേക്ക് എത്തിയ നടന്‍ എന്നതിനാല്‍ പലരും തന്നെ അഭിനയിപ്പിക്കാന്‍ മടി കാണിച്ചിട്ടുണ്ടെന്നാണ് അനൂപ് മേനോന്‍ പറയുന്നത്. സീരിയല്‍ നടന്‍ നായകനാകുമ്പോള്‍ ആ സിനിമ വിജയം നേടുക എന്നത് പ്രാവര്‍ത്തികമായ ഒരു കാര്യമായി സിനിമാ മേഖലയിലെ ആരും വിശ്വസിക്കുന്നില്ലെന്നാണ് അനൂപ് മേനോന്‍ പറയുന്നത്. അനൂപ് മേനോന്റെ വാക്കുകള്‍. ‘സീരിയല്‍ നടന്‍ സിനിമയിലേക്ക് എത്തി നായകനാകുക എന്നത് വലിയ പ്രായസമുള്ള ഒന്നാണ്. ഞാന്‍ വളരെ വര്‍ഷങ്ങള്‍ എടുത്താണ് സീരിയല്‍ നടന്‍ എന്നതില്‍ നിന്നും മാറിയത്. തിരക്കഥ സിനിമയുടെ വര്‍ക്കുകള്‍ പുരോഗമിക്കുമ്പോള്‍ ആദ്യം നായകനാക്കാന്‍ എല്ലാവരും തീരുമാനിച്ചിരുന്നത് പൃഥ്വിരാജിനെയായിരുന്നു. പിന്നീട് അത് കറങ്ങി തിരിഞ്ഞ് എന്നിലെത്തിയതാണ്. ഞാന്‍ അന്ന് സീരിയല്‍ നടന്‍ നായകനായാല്‍ ശരിയാകുമോ എന്ന ആശങ്ക രഞ്ജിത്തേട്ടന്‍ അടക്കമുള്ള അണിയറപ്രവര്‍ത്തകരോട് പങ്കുവെച്ചിരുന്നു. അന്ന് അണിയറപ്രവര്‍ത്തകര്‍ നല്‍കിയ ധൈര്യത്തിന്റെ പുറത്താണ് നായകനായത്’. സിനിമാ-സീരിയല്‍ മേഖലയില്‍ ഇരുപത് വര്‍ഷമായെങ്കിലും നമ്മുടെ മലയാളത്തിലെ പ്രമുഖര്‍ക്കൊപ്പമൊന്നും തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല.
പുതിയ ആളുകള്‍ക്കൊപ്പം സിനിമ ചെയ്യുന്നത് അവര്‍ കഥ പറയാന്‍ വരുമ്പോള്‍ കാണിക്കുന്ന ധൈര്യവും അവരുടെ വര്‍ക്കിനോടുള്ള താല്‍പര്യവും കഥയും കണ്ടിട്ടാണ്. തനിക്ക് പലരും അവസരം നല്‍കിയിട്ടില്ല. എന്നാല്‍ തന്റെടുത്ത് അവസരം ചോദിച്ച് വരുന്നവരെ തിരികെ പറഞ്ഞയക്കാന്‍ തോന്നാറില്ല. അവരെ സഹായിക്കണമെന്നേ ചിന്തിക്കാറുള്ളൂ. സിനിമയില്‍ എത്തിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും സിനിമ തെരഞ്ഞെടുത്ത് ചെയ്യാന്‍ സാധിക്കാറില്ല. സൂപ്പര്‍സ്റ്റാറൊന്നും അല്ലാത്ത നടന് സിനിമകള്‍ തെരഞ്ഞെടുത്ത് ചെയ്യുക എന്നത് വളരെ പ്രയാസകരമായ ഒന്നാണ്. അങ്ങനെ ചെയ്താല്‍ പണിയില്ലാതെ വീട്ടിലിരിക്കേണ്ട അവസ്ഥയുണ്ടാകും. കിട്ടുന്നതില്‍ നല്ലത് എന്ന് മാത്രമെ ചിന്തിക്കാറുള്ളൂ. സിനിമ കാണുന്നതിനേക്കാള്‍ ഒരു സിനിമ എടുക്കുന്നതിലാണ് താന്‍ സംതൃപ്തി കണ്ടെത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്ന ആളാണ് താന്‍. പലപ്പോഴും മടിച്ചാണ് ഇത്തരം രംഗങ്ങള്‍ ചെയ്യാന്‍ പോകുന്നത്. സിനിമയുടെ വിജയമെന്നത് ജനങ്ങളുടെ കൈയ്യിലിരിക്കുന്ന കാര്യമാണ്. എന്നാല്‍ അതിനെ നന്നായി ചെയ്ത് എടുക്കുക എന്നതാണ് താന്‍ ആസ്വദിക്കുന്നത്. സിനിമയിലേക്ക് വരുന്നതിന് അച്ഛനും അമ്മയ്ക്കും എതിര്‍പ്പില്ലായിരുന്നു. എന്നാല്‍ ബന്ധുക്കളുടെ ശല്യപ്പടുത്തലുകള്‍ അവരെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ ഇന്ന് താന്‍ എത്തി നില്‍ക്കുന്ന സ്ഥലം അവരെ സന്തോഷപ്പെടുത്തുന്നുണ്ട്.