സ്നേഹത്തിന്റെ അമ്പിളി പുഞ്ചിരി! ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അനൂപ്!

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ജഗതി ശ്രീകുമാർ. ഹാസ്യതാരമായും നായകനായും പ്രതിനായകനായും എത്തി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി അദ്ദേഹം മാറി. വലുതും ചെറുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരെ വിസ്മയിപ്പിക്കുവാൻ ജഗതി ശ്രീകുമാറിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ അപകടത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയത് കാരണം സിനിമയില്‍ നിന്ന് അദ്ദേഹം വിട്ടു നില്‍ക്കുകയാണ്. ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രയിൽ 2012ൽ ആണ് ജഗതി സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചു കയറി ഗുരുതരമായി പരുക്കേൽക്കുന്നത്. തുടർന്നിങ്ങോട്ട് വീൽ ചെയറിലിലാണ് ജഗതിയുടെ ജീവിതം. ഫിസിയോ തെറപ്പി ചികിത്സയാണ് തുടരുന്നത്. അടുത്തിടെ ജഗതി ചില പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.

ജഗതിയുടെ വിശേഷങ്ങൾ ആരാഞ്ഞ് ആരാധകരും സിനിമ ലോകവും എത്താറുണ്ട്. സഹപ്രവർത്തകർ അദ്ദേഹത്തെ കാണാനും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ജഗതിയെ കാണാനായി നടനും ബിഗ് ബോസ് താരവുമായ അനൂപ് കൃഷ്ണനും ഭാര്യ ഡോക്ടർ ഐശ്വര്യയും എത്തിയിരിക്കുകയാണ്. പ്രിയപ്പെട്ട താരത്തെ കണ്ട വിശേഷവും താരം പങ്കുവെച്ചിട്ടുണ്ട്. ജഗതിയ്ക്ക് വേണ്ടി ചന്ദ്ര കളഭം… എന്ന് തുടങ്ങുന്ന ഗാനവും അനൂപ് ആലപിച്ചിട്ടുണ്ട്.

സ്നേഹത്തിന്റെ അമ്പിളി പുഞ്ചിരി” എന്ന് കുറിച്ച് കൊണ്ടാണ് ജഗതിയെ കണ്ട വിശേഷങ്ങൾ അനൂപ് പങ്കുവെച്ചിരിക്കുന്നത്. തന്റെ ഏറ്റവും വലിയ ഭാഗ്യമാണ് അദ്ദേഹത്തിന് തൊട്ട് അടുത്ത് ഇരിക്കാൻ സാധിച്ചതെന്നും അനൂപ് പറയുന്നുണ്ട്. കൂടാതെ സിനിമയിൽ വീണ്ടും കാണാനുള്ള ആഗ്രഹം പറഞ്ഞപ്പോഴുണ്ടായ അദ്ദേഹത്തിന്റെ പ്രതികരണത്തിന് ഒരുപാട് അർത്ഥമുണ്ടെന്നും അനൂപ് പറയുന്നു. നടന്റെ കുറിപ്പും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. പ്രിയപ്പെട്ട താരത്തെ കണ്ടതിലുള്ള സന്തോഷവും പ്രേക്ഷകർ പങ്കുവെച്ചിട്ടുണ്ട്.

Related posts