സിരുതൈ എന്ന ചിത്രത്തിലൂടെ തമിഴകം മുഴുവനും അറിയപ്പെടുന്ന താരമാണ് ശിവ. സിരുത്തൈക്ക് ശേഷം അജിത്തിനെ നായകനാക്കി വീരം, വേതാളം, വിവേകം, വിശ്വാസം, തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നു. ഇവയെല്ലാം തന്നെ വൻവിജയമായിരുന്നു. സ്റ്റൈൽ മന്നൻ രജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് അണ്ണാത്തെ. ചിത്രത്തിൽ രജനികാന്ത് തന്റെ ഭാഗങ്ങൾ എല്ലാം അഭിനയിച്ചു പൂർത്തിയാക്കി എന്നാണ് പുറത്തുവരുന്ന റിപ്പോട്ടുകൾ. കഴിഞ്ഞ ഒരു മാസമായി ഹൈദരബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുകയായിരുന്നു. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം രജനികാന്ത് കഴിഞ്ഞ ദിവസം ചെന്നൈയിലേക്ക് മടങ്ങി.
സെറ്റില്‍ ചിലര്‍ക്കൊക്കെ കൊവിഡ് പോസിറ്റീവ് ആയതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ നിര്‍ത്തി വച്ചിരുന്നു. എല്ലാവർക്കും ഭേദമായ ശേഷമാണ് വീണ്ടും ഷൂട്ടിങ് ആരംഭിച്ചത്. അതിനിടയില്‍ രജനികാന്തിന് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതോടെ ഷൂട്ടിങ് നിര്‍ത്തി വച്ചു. പിന്നീട് പല പ്രതിസന്ധികളെയും നേരിട്ടാണ് ഏപ്രിലില്‍ വീണ്ടും ഷൂട്ടിങ് ആരംഭിച്ചത്. രജനികാന്തിന് കൊവിഡ് വൈറസ് ബാധിക്കാതെ ശ്രദ്ധിയ്ക്കാന്‍ ടീം പ്രത്യേകം കരുതലുകള്‍ സ്വീകരിച്ചിരുന്നു. രജനികാന്തിനെ ഒരു കുഞ്ഞിനെ പോലെയാണ് സെറ്റില്‍ നോക്കിയിരുന്നത് എന്നാണ് സംവിധായകന്‍ ശിവ പറഞ്ഞത്. അദ്ദേഹത്തിന് അടുത്തേക്ക് ആരെയും വിട്ടിരുന്നില്ലത്രെ. സംവിധായകന്‍ പോലും മൂന്ന് നാല് അടി മാറി നിന്നാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും സംസാരിച്ചതും. കൂടെ അഭിനയിക്കുന്നവരോടും പരമാവധി അകലം പാലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ തട്ടാതെയും മുട്ടാതെയും രജനികാന്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി!
അതേ സമയം നയന്‍താര ഉള്‍പ്പടെയുള്ള ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറ പ്രവര്‍ത്തകരും ഇപ്പോഴും ഹൈദരബാദില്‍ തന്നെയാണ്. ഈ ആഴ്ച അവസാനം മാത്രമേ ഇവര്‍ നാട്ടിലേക്ക് മടങ്ങുകയുള്ളൂ. ഈ ആഴ്ച അവസാനം രജനികാന്ത് സിനിമയിലെ തന്റെ ഡബ്ബിങ് ഭാഗങ്ങള്‍ പൂര്‍ത്തിയാക്കും. അതിന് ശേഷം റുട്ടീന്‍ ചെക്കപ്പിനായി ജൂണില്‍ യുഎസ്സിലേക്ക് പോകും എന്നാണ് വിവരം. മകള്‍ ഐശ്വര്യയും മരുമകന്‍ ധനുഷും മക്കളും ഇപ്പോള്‍ യു എസ്സിലാണ്. യു എസ്സില്‍ ധനുഷിന്റെ ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുകയാണ്.