കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോൾ എന്ന കഥാപാത്രം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ബേബി ബോബി പ്രണയമായിരുന്നു ചിത്രത്തിന്റെ തന്നെ ജീവൻ. ബേബി മോളായി എത്തിയ അന്ന ബെൻ ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായി മാറി. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന ബെൻ. ഹെലൻ, കപ്പേള തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി മനസ്സിൽ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിക്കുവാൻ സാധിച്ചു എന്ന് വേണം പറയാൻ. ഇപ്പോഴിതാ മേക്കപ്പ് ഉപയോഗിക്കുന്നതിനെ കുറിച്ച് അന്ന പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അന്ന ബെന്നിന്റെ പ്രതികരണം.
യാഥാര്‍ത്ഥ്യത്തിന് ചേരാത്ത സൗന്ദര്യസങ്കല്‍പങ്ങളാണ് കമ്പനികള്‍ വളര്‍ത്തുന്നതെന്നും, മേക്കപ്പ് ഉപയോഗിക്കുന്നത് സ്വന്തം ശരീരത്തിലെ നമുക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും ഒളിപ്പിച്ചു വെയ്ക്കാനല്ല, മറിച്ച് നമ്മള്‍ എന്താണോ അത് ആഘോഷിക്കാനാണെന്നും അന്ന ബെന്‍ പറയുന്നു. ഇതൊക്കെ തിരിച്ചറിയാനും, അംഗീകരിക്കാനും സാധിച്ചതാണ് തനിക്ക് ഏറ്റവും സംതൃപ്തി നല്‍കുന്ന കാര്യമെന്ന് ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പില്‍ അന്ന പറയുന്നു. എന്നെയും എന്റെ ശരീരത്തെയും സ്വയം അംഗീകരിക്കാന്‍ ഏറെ സമയമെടുത്തു. ഏറെ കരുത്ത് വേണ്ടിയിരുന്ന ഒരു യാത്രയായിരുന്നു ഇത. നമുക്ക് നമ്മുടെ ശരീരത്തെ കുറിച്ച് തോന്നുന്ന ഇഷ്ടമില്ലായ്മയില്‍ നിന്നും അരക്ഷിതാവസ്ഥ സൃഷ്ടിച്ചെടുത്ത് അത് മാര്‍ക്കറ്റ് ചെയ്യുകയാണ് കമ്പനികള്‍. അത്തരം കമ്പനികള്‍ യാഥാര്‍ത്ഥ്യത്തിന് ചേരാത്ത സൗന്ദര്യ സങ്കല്‍പങ്ങളാണ് വളര്‍ത്തുന്നത്.
ഇതൊക്കെ തിരിച്ചറിയാനും നമ്മള്‍ ഓരോരുത്തരും വ്യത്യസ്തരാണെന്ന് മനസ്സിലാക്കി സ്വയം അംഗീകരിക്കാനും സാധിച്ചതാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ എനിക്ക് ഏറ്റവും സംതൃപ്തി നല്‍കുന്ന കാര്യം. സമാനമായ പ്രശ്‌നങ്ങളിലൂടെ ആരെങ്കിലും കടന്നുപോയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഉള്ളിലും പുറത്തും സൗന്ദര്യമുള്ളവരാണെന്ന് മനസ്സിലാക്കണമെന്നാണ് പറയാനുള്ളത്. ഇങ്ങനെയാണ് അന്നയുടെ വാക്കുകൾ.