ഈ അടുത്ത് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസായ ചിത്രമാണ് സാറാസ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ അന്ന ബെന്നും സണ്ണി വെയ്നുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിനെ പുകഴ്ത്തിയും വിമർശിച്ചും ആളുകൾ എത്തുന്നുണ്ട്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സാറാസിൽ കേന്ദ്രകഥാപാത്രമായി എത്തിയ അന്ന ബെൻ.
ജൂഡ് ഏട്ടൻ കഥ പറയുമ്പോൾ തന്നെ സംസാരിച്ചത് വ്യക്തിസ്വാതന്ത്ര്യം എന്ന സംഗതിയാണ്. അത് വ്യക്തമായി സിനിമയിൽ കാണിക്കണമെന്ന് തന്നെയായിരുന്നു ലക്ഷ്യം. ആ ഒരു മനസ്സോടെയാണ് ചിത്രം ചെയ്തത്. പിന്നെ വ്യക്തിസ്വാതന്ത്ര്യം എന്ന് പറയുന്നത് ഏത് ജനറേഷനിൽ ഉള്ള ആൾക്കാർക്കും തിരിച്ചറിയാൻ കഴിയുന്ന ഒന്നാണ്. സിനിമ കണ്ടു കഴിഞ്ഞ് എന്നെ കുറെ പ്രായമായ ദമ്പതിമാർ വിളിച്ചിരുന്നു. എന്റെ അപ്പയുടെയും അമ്മയുടെയും വരെ പ്രായമുള്ളവരാണ് വിളിച്ചതിൽ ഒരു വിഭാഗം. തങ്ങളും ഇതിൽ കൂടി കടന്നു പോയിട്ടുണ്ട് എന്നാണ് അവർ പറഞ്ഞത്. കല്യാണം കഴിഞ്ഞ സമയത്ത് ഒക്കെ ഇതുപോലെത്തെ ചർച്ചകൾ ഉണ്ടായിട്ടുണ്ടെന്നും അവർ എന്നോട് പറഞ്ഞു.
എന്റെ ജനറേഷനിലെ ആൾക്കാരെ മാത്രമല്ല എന്നെക്കാൾ മുന്നേയുള്ള തലമുറയിലെ ആൾക്കാരാണ് ഇത് പറയുന്നത്. ഈ ഒരു വിഷയം ഏത് തലമുറയിലും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത് എന്ന് അന്ന ബെൻ പറയുന്നു. ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസായ ചിത്രത്തിൽ മല്ലികാ സുകുമാരനും ബെന്നി പി നായരമ്പലവും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കുട്ടികളെ വളർത്താൻ താല്പര്യമില്ലാത്ത ഒരു സ്ത്രീയുടെ ഭാഗത്ത് നിന്നുകൊണ്ട് ഗർഭിണിയാകലും അബോഷനും പാരെന്റിങും ആണ് ചിത്രം ചർച്ച ചെയ്യുന്നത്.